വ്യത്യസ്ത കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ കരുത്തും കഴിവുമുള്ള ഒട്ടനവധി നടന്മാരുള്ള നാടാണിത്. ഏത് കഥാപാത്രത്തേയും അനായാസം അഭനയിച്ച് ഫലിപ്പിക്കാന്‍ ശേഷിയുള്ള നടന്മാരില് അഗ്രഗണ്യനായിരുന്നു ഇന്നലെ അന്തരിച്ച നെടുമുടി വേണു. 2021 വരെയുള്ള കാലയളവില്‍ അഞ്ഞൂറോളം സിനിമകളില്‍ ആ പ്രതിഭ വേഷമിട്ടു. അന്യഭാഷാചിത്രങ്ങളിലടക്കം ഒന്നിന്നൊന്നു മികച്ച അഭിനയം കാഴ്ചവച്ചു. നല്ല നടനെന്ന അഹങ്കാരമില്ലാതെ എന്നും സാത്വിക ഭാവം നിലനിര്‍ത്തി. പണത്തിനും പത്രാസിനും വാശിപിടിക്കാതെ തന്നിലര്‍പ്പിച്ച ചുമതല ഭംഗിയായി നിര്‍വഹിക്കുക യായിരുന്നു നെടുമുടി വേണു.
അഞ്ചുപതിറ്റാണ്ട് പിന്നിട്ട അഭിനയ ജീവിതത്തിനിടയില്‍ നേടിയെടുത്ത പുരസ്കാരങ്ങള്‍ നിരവധി. അതില്‍ ദേശീയ, അന്തര്‍ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ അനവധി. മറ്റ് സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ബഹുമതി വേറെയും. പാച്ചി എന്ന അപരനാമത്തില്‍ ചലച്ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയും ഒരുക്കി. കാറ്റത്തെ കിളിക്കൂട്, തീര്‍ഥം, ശ്രുതി, അമ്പട ഞാനേ, ഒരു കഥ ഒരു നുണക്കഥ, സവിധം, അങ്ങനെ ഒരു അവധിക്കാലത്ത് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി. പൂരം എന്ന ചിത്രം സംവിധാനവും ചെയ്തു. ഈ ചിത്രം സാമ്പത്തികമായി വിജയിച്ചില്ലെങ്കിലും മികച്ച കലാസൃഷ്ടിയായി പരിഗണിക്കപ്പെട്ടു.
1990ല്‍ പുറത്തിറങ്ങിയ ഹിസ് ഹൈനസ് അബ്ദുള്ളയിലെ അഭിനയത്തിലൂടെ മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം നേടി. 2003 ല്‍ പുറത്തിറങ്ങിയ മാര്‍ഗം എന്ന ചിത്രത്തിന് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു. ഭരതന് സംവിധാനം ചെയ്ത ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, മാര്‍ഗം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും കരസ്ഥമാക്കി. അവസ്ഥാന്തരങ്ങള്‍ എന്ന ടെലിവിഷന്‍ സീരിയലിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ പുരസ്കാരവും നേടി. സൈറയിലെ അഭിനയത്തിന് 2007ല്‍ സിംബാബ്വെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള പുരസ്കാരവും കരസ്ഥമാക്കി. സത്യന് പുരസ്കാരം, കലാവേദി അന്താരാഷ്ട്ര പ്രതിഭ പുരസ്കാരം, ബഹദൂര്‍ പുരസ്കാരം, കലാരത്ന പുരസ്കാരം, സെര്‍വ് ഇന്ത്യ മീഡിയ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ തേടിയെത്തി. ആലപ്പുഴ എസ്ഡി കോളജില്‍ പഠനകാലത്തുതന്നെ സാംസ്കാരിക, കലാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. കുറച്ചുകാലം പാരലല്‍ കോളജ് അധ്യാപകനായും പ്രവര്‍ത്തിച്ചു. കോളേജിലെ സഹപാഠിയായിരുന്ന സംവിധായകന് ഫാസിലുമായി ചേര്‍ന്ന് മിമിക്രിയും നാടകങ്ങളും അവതരിപ്പിച്ചാണ് കലാരംഗത്ത് കാലുറപ്പിച്ചത്.
കോളേജ് കാലത്ത് തോപ്പില്‍ ഭാസിയുടെ ‘ഒരു സുന്ദരിയുടെ കഥ’ എന്ന സിനിമയില്‍ മുഖം കാണിച്ചിരുന്നു. അക്കാലത്ത് കാവാലം നാരായണപ്പണിക്കരെ പരിചയപ്പെട്ട വേണു അദ്ദേഹത്തിന്റെ നാടകസംഘത്തില്‍ സജീവമായി. ഇതോടെ ഭരത് ഗോപി അടക്കമുള്ളവരുമായി അടുപ്പത്തിലായി. ജവഹര്‍ ബാലഭവനില്‍ കുറച്ചുകാലം നാടകാധ്യാപകനായും ജോലി ചെയ്തു. പിന്നീട് തിരുവനന്തപുരത്ത് താമസമാക്കി. ‘അവനവന് കടമ്പ’ അടക്കം കാവാലത്തിന്റെ പ്രശസ്ത നാടകങ്ങളില്‍ അഭിനയിച്ചത് അവിടെവച്ചാണ്. അക്കാലത്ത് കലാകൗമുദിയില്‍ പത്രപ്രവര്‍ത്തകനായും ജോലിചെയ്തു. അരവിന്ദന്, പത്മരാജന്, ഭരതന്, ജോണ്‍ എബ്രഹാം തുടങ്ങിയവരുമായി സൗഹൃദത്തിലായ നെടുമുടി 1978 ല്‍ അരവിന്ദന്റെ ‘തമ്പി’ലൂടെയാണ് ചലച്ചിത്രജീവിതം സജീവമാക്കിയത്. ഭരതന്റെ ‘ആരവ’വും ‘തകര’യും വേണുവിലെ അഭിനയപ്രതിഭയെ പ്രശസ്തനാക്കി. മലയാളത്തിലെ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിലെല്ലാം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തിരുവനന്തപുരം ദൂരദര്‍ശന്റെ തുടക്കകാലത്ത് ശ്രദ്ധേയങ്ങളായ പരമ്പരകളിലും അഭിനയിച്ചു. വേണു സംവിധാനം ചെയ്ത ‘കൈരളീവിലാസം ലോഡ്ജ്’ എന്ന പരമ്പര വളരെ ശ്രദ്ധിക്കപ്പെട്ടു.
രണ്ടുവര്‍ഷം മുന്‍പ് ‘ജന്മഭൂമി’ ദുബായിയില്‍ സംഘടിപ്പിച്ച ‘മോഹന്‍ലാലും കൂട്ടുകാരും’ എന്ന കലാസംഗമത്തില്‍ അദ്ദേഹത്തിന്റെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. നാടന്‍പാട്ടിലും നാടകത്തിലും കഥകളിയിലും മൃദംഗത്തിലുമെല്ലാം വൈദഗ്ധ്യം തെളിയിച്ച നെടുമുടിയെ കലാരംഗത്തെ കുലപതി എന്നു തന്നെ വിശേഷിപ്പിക്കാം. അതുല്യപ്രതിഭയായ നെടുമുടി വേണുവിന്റെ വിയോഗത്തില്‍ നാടിനാകെയുള്ള ദുഃഖത്തില്‍ ഞങ്ങളും പങ്കുചേരുന്നു. പരേതാത്മാവിന് നിത്യശാന്തിയുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: