ക്യൂബയുടെ വിപ്ലവത്തിന്റെ തലസ്ഥാനമാണ് സാന്റാ ക്ലാര. ക്യൂബ യുടെ ഏതാണ്ട് മധ്യ ഭാഗത്തായിട്ടുള്ള സാന്റാ ക്ലാരാ പിടിച്ചടക്കാന്‍ ചെ ഗുവേരയുടെ നേതൃത്വത്തിലുള്ള വിമതസേന നടത്തിയ സൈനിക മുന്നേറ്റം. സാന്റാ ക്ലാരാ യുദ്ധം.വിമതസേന സാന്റാ ക്ലാരാ നഗരം പിടിച്ചടക്കിയതാണ് ക്യൂബന്‍ സ്വേച്ഛാധിപതി ബാറ്റിസ്റ്റയുടെ ഭരണത്തിന്റെ അന്ത്യം കുറിച്ച വിപ്ലവപരമ്പരയുടെ കലാശം.1958 ഡിസംബര്‍ 28 നാണ് ചെ ഗുവേരയുടെ നേതൃത്വത്തിലുള്ള സൈന്യം സാന്റാ ക്ലാര കീഴടക്കുക എന്ന ലക്ഷ്യവുമായി പുറപ്പെട്ടത്. ബാറ്റിസ്റ്റയുടെ ഭരണത്തില്‍ നിരാശരായിരുന്ന കര്‍ഷകരും, തൊഴിലാളികളുമുള്‍പ്പടെ വലിയ ജനക്കൂട്ടമാണ് ഓരോ സ്ഥലത്തും വിമതസേനയെ എതിരേല്ക്കാന് തടിച്ചു കൂടിയത്. സാന്റാ ക്ലാരയിലേക്കുള്ള യാത്രയില്‍ ചിലയിടത്ത് ബാറ്റിസ്റ്റയുടെ സൈന്യം ഇവരെ എതിരിട്ടെങ്കിലും, അവരെയെല്ലാം പരാജയപ്പെടുത്തി.1959 ലെ പുതുവര്‍ഷദിനത്തില്‍ ചെ ഗുവേരയും കൂട്ടരും സാന്താക്ലാരയിലെ സുപ്രധാന മേഖലകളില്‍ ആധിപത്യം സ്ഥാപിച്ചു. ബാറ്റിസ്റ്റ കയ്യില്‍ കിട്ടാവുന്ന പണവും കൊണ്ട് തന്റെ ബന്ധുമിത്രാദികളോടൊപ്പം ക്യൂബ വിട്ടു. സൈനികരെല്ലാം തങ്ങളുടെ ആയുധങ്ങള്‍ തറയില്‍ വലിച്ചെറിഞ്ഞുകൊണ്ട് ഒന്നൊന്നായി വന്ന് വിമതസേനക്കു മുന്നില്‍ കീഴടങ്ങി. സാന്താ ക്ലാര തങ്ങളുടെ കൈപ്പിടിയിലായി എന്ന് ഫിദല്‍ കാസ്ട്രോ പ്രഖ്യാപിച്ചു.
അമേരിക്കയ്ക്ക് എക്കാലത്തും തലവേദനയായ കാസ്ട്രോ യുഗത്തിന്റെ തുടക്കമായിരുന്നു സാന്റാ ക്ലാര പിടിച്ചടക്കല്‍. ചെ ഗുവേരയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സാന്താ ക്ലാര ക്യൂബയിലെ ഒരേയൊരു തീര്‍ത്ഥാടന കേന്ദ്രമാണിന്ന്. ചെ യുടെയും സഹ ഗറില്ലാ കളുടെയും ഭൗതികാവശിഷ്ടങ്ങള്‍ ആചാരപൂര്‍വം ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു. അരണ്ട വെളിച്ചത്തില്‍ ചെ യെ സംസ്കരിച്ച സ്ഥലത്തു എരിയുന്ന കെടാവിളക്ക് കൊളുത്തിയത് ഫിഡല്‍ കാസ്ട്രോ തന്നെ ആയിരുന്നു.ക്യൂബ യില്‍ ഒരിടത്തും ഇതുപോലൊരു സ്മാരകമില്ല.
പക്ഷേ ഇന്ന് സാന്റാ ക്ലാര എന്നു പറയുമ്പോള്‍ ക്യൂബയിലെ വിപഌമോ ചെ ഗുവേരയേയോ അല്ല ലോകം ഓര്‍ക്കുക. മറിച്ച് അമേരിക്കയുടെ ഏറ്റവും പ്രശസ്തമായ വിലാസമായിട്ടാണ് സാന്റാ ക്ലാര രേഖപ്പെടുത്തുന്നത്. ആഗോള ബഹുരാഷ്ട്ര ഭീമന്മാരായ ഗൂഗിള്‍, ആപ്പിള്‍, യാഹു, ഇന്റല്‍.. തുടങ്ങിയവയുടെ ആസ്ഥാനങ്ങളുടെ വിലാസം. സാന്റാ ക്ലാര ആരെന്നറിയില്ലങ്കിലും സാന്റാ ക്ലാര കൗണ്ടിയും അതിന്റെ ആസ്ഥാനമായ സാന്‍ ജോസ് നഗരവും ‘സിലിക്കണ്‍ വാലി” യുടെ ഹൃദയമാണ്.
12 ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സ്പാനീഷ് കന്യാസ്തീയാണ് സാന്റാ ക്ലാര. കൊച്ചുകുട്ടിയായിരിക്കുമ്പോള് വീടുവിട്ടിറങ്ങി കന്യാസ്ത്രീമഠത്തില്‍ താമസിക്കുകയും പിന്നീട് വിശുദ്ധ പദവിയിലെത്തുകയും ചെയ്ത പുരോഹിത. ഉള്ളതെല്ലാം ഉപേക്ഷിക്കുന്ന ‘ സന്തോഷകരമായ ദാരിദ്ര്യം’ എന്ന ആശയത്തിന്റെ പ്രചാരകയായിരുന്നു സാന്റാ ക്ലാര.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം കാലിഫോര്‍ണിയ മേഖലയില്‍ മതമാറ്റത്തിനെത്തിയ സ്പാനിഷ് മിഷനറിമാര്‍ ദൗത്യത്തിനു നല്കിയ പേരായിരുന്നു ‘സാന്റാ ക്ലാര’. തദ്ദേശീയരായ ‘ഒലോണ്‍’ വംശജരായിരുന്നു മിഷനറിമാരുടെ ലക്ഷ്യം.. നാല്‍പ്പതോളം ഭാഷകള്‍ സംസാരിച്ച ചെറു വംശങ്ങളെയാണ് കൂട്ടമായി ഒലോണ്‍ എന്ന് വിളിച്ചിരുന്നത്. വീട്ടില്‍ എത്തിയവര്‍ക്ക് കൈയിലുള്ള ഭക്ഷണമെല്ലാം കൊടുക്കുന്ന ദാനശീലരായിരുന്നു അവര്‍. കുടുംബവും ഉദാരതയുമായിരുന്നു അവരുടെ ജീവിതത്തിന്റെ നെടുംതൂണുകള്‍. മരങ്ങളുടെ കായയും മൃഗങ്ങളെയും ഭക്ഷിച്ച് ജീവിതം സന്തോഷകരമായി മുന്നോട്ടു കൊണ്ടുപോയ ‘പ്രാകൃതരായ’ ഒലോണുകളെ ‘നന്നാക്കാന്‍’ സ്പാനിഷ് മിഷനറിമാര്‍ നീക്കം തുടങ്ങി. മിഷനറിമാര്‍ അവിടെ മിഷനുകള്‍ സ്ഥാപിച്ചു. ഒലോണുകളെ ബലമായി പിടിച്ച് മിഷനുകളിലേക്ക് കൊണ്ടുപോയി മതം മാറ്റി.
കാട്ടിലെ ഭക്ഷണം കൊണ്ട് ജീവിക്കുന്ന ജനതയെ നന്നാക്കാന്‍ പന്നി, കോഴി, ആട് , ചോളം, ഗോതമ്പ് എന്നിവയുടെ കൃഷി മിഷനറിമാര്‍ കൊണ്ടുവന്നു. ഇത്തരം പാശ്ചാത്യ രീതികളില്‍ നിന്ന് അകന്ന് ഒലോണുകള്‍ ജീവിക്കുന്നു എന്നത് മിഷനറിമാരെ അലട്ടി. യാതനകളും പീഡനവും മാത്രമല്ല സ്പാനിഷ് മിഷനറിമാര്‍ ‘ഒലോണ്‍’കുടുംബങ്ങളെ തകര്‍ക്കുകയും ജനങ്ങളെ അടിമകളെപ്പോലെ ഉപയോഗിക്കുകയും ചെയ്യു. നാഗരികതയുടെയും മതത്തിന്റെയും മുന്നില്‍ ഒലോണുകള്‍ തോറ്റു.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യഭാഗത്തോടെ ഒലോണുകളുടെ എണ്ണം മൂന്നുലക്ഷത്തില്‍ നിന്ന് ഒരുലക്ഷത്തിലേക്ക് കുറഞ്ഞു.സ്പാനിഷ് മിഷനറിമാര്‍ക്ക് ശേഷം വന്ന മെക്സിക്കോക്കാരും അമേരിക്കന്‍ കുടിയേറ്റക്കാരും ഒലോണുകളോടുള്ള ക്രൂരത തുടര്‍ന്നു, പീഡനങ്ങളും നരനായാട്ടും തുടര്‍ന്നു. ഒന്നിന് പിറകെ ഒന്നായി വന്ന ഇത്തരം ശക്തികളുടെ മുന്നില്‍ തോല്‍വി ഏറ്റുവാങ്ങി ഒലോണുകള്‍ ഇല്ലാതായി. മൂവായിരത്തോളം പേര് മാത്രം അവശേഷിക്കുന്ന വംശനാശത്തിന്റെ വക്കത്ത് നില്ക്കുന്ന ജനതയായി ഒലോണുകള്‍ മാറി.
‘സന്തോഷകരമായ ദാരിദ്ര്യം’ എന്ന ആശയത്തിന്റെ നേര് വിപരീതമാണ് ഇന്ന് സാന്റാ ക്ലാര കൗണ്ടി. കൗണ്ടിയുടെ ആസ്ഥാനമായ സാന്‍ ജോസ് ഇന്ന് അമേരിക്കയിലെ ഏറ്റവും ധനിക നഗരമാണ്. സ്വിസ്റ്റര്‍ലന്‍ഡിലെ സൂറിച്ചും നോര്‍വയുടെ തലസ്ഥാനമായ ഓസ്ലൊയും കഴിഞ്ഞാല്‍ മൊത്ത ആഭ്യന്തര ഉത്പാദന(ജി.ഡി.പി)ത്തില്‍ മുന്നില്‍ നില്ക്കുന്ന നഗരവും സാന്‍ ജോസ് ആണ്.
ശ്രീ കുമ്മനം രാജശേഖരനൊപ്പം നടത്തിയ അമേരിക്കന്‍ യാത്രയുടെ അവസാന ദിവസങ്ങളിലമാണ് സിലിക്കണ്‍ വാലി സന്ദര്‍ശനത്തിനായി എത്തിയത്. സാന്‍ ജോസ് വിമാനത്താവളത്തില്‍ ശ്യാം ശങ്കര്‍, രാജേഷ് നായര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. വിമാനത്താവളത്തിനടുത്തു തന്നെയുള്ള വിശാലമായ മൈതാനത്ത് നടക്കുന്ന ഹിന്ദു സ്വയം സേവക് സംഘം ശാഖയിലായിരുന്നു ആദ്യ പരിപാടി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആര് എസ് എസ് പ്രവര്‍ത്തകരായ ഇന്ത്യന്‍ യുവാക്കളുടെ പ്രഭാത ശാഖ. വ്യവസ്ഥാപിതമായി ഇത്തരം ശാഖകള്‍ പലസ്ഥലങ്ങളിലും നടക്കുന്നുണ്ട്. തുടര്‍ന്ന് എന്‍ ആര് ഐ സെല്‍ കണ്‍വീനര്‍മാരുടേയും ഓവര്‍സീസ് ബിജെപി പ്രവര്‍ത്തകരുടേയും പ്രവാസി മലയാളികളുടേയും സ്വീകരണം. മലയാളം വായനശാലയുടെ ഉദ്ഘാടനം.
അമേരിക്കയില്‍ നിന്ന് തിരിച്ചു പോരുന്നതിന്റെ തലേന്നാണ് ഗൂഗിളിന്റെയും ആപ്പിളിന്റേയും ആസ്ഥാനത്തു പോകാന്‍ അവസരം കിട്ടിയത്. ശ്രീ.കുമ്മനം രാജശേഖരനൊപ്പം പോയതിനാല്‍ അതിഥിയുടെ പരിഗണന കിട്ടി. വിവരസാങ്കേതിക വിദ്യയുടെ അപാരത നേരിട്ടു കാണാനായി. സുനിലും അശോകും ഉള്‍പ്പടെ മലയാളികളായ അവിടുത്തെ എഞ്ചീനീര്മാര് ഗൂഗിള്‍ കൊണ്ടു നടന്നു കാണിച്ചു
ടെലിവിഷന്റെ മുന്നില്‍ നിന്ന് കൈയിലിരിക്കുന്ന ഫോണിലേക്ക് നോക്കി ‘കുമ്മനത്തിന്റെ പ്രസംഗം കേള്‍ക്കണം’ എന്നു പറയുമ്പോള്‍ ടി വിയില്‍ പ്രസംഗം വരുന്നതും മറ്റൊരു പടുകൂറ്റന്‍ സ്ക്രീനില്‍ നോക്കി ‘കുമ്മനം എന്ന സ്ഥലം കാണട്ടേ’ എന്നു പറഞ്ഞപ്പോള്‍ ഭൂഗോളത്തിന്റെ ചിത്രം കറങ്ങി കറങ്ങി ഇന്ത്യ, കേരളം, കോട്ടയം കുമ്മനത്തെത്തി നിന്നതു അത്ഭുതമായിരുന്നു. കുമ്മനത്തിന്റെ സ്വന്തം വീട് ചിത്രത്തില്‍ തെളിഞ്ഞു കണ്ടപ്പോള്‍ ഉണ്ടായ സന്തോഷം വേറെയായിരുന്നു.
കാലാവസ്ഥാ മുന്‍കൂട്ടി അറിയാന്‍ ഗൂഗിള്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയുടെ ഗുണഫലം കേരളത്തിനെങ്ങനെ വേഗം ലഭ്യമാക്കാം എന്നതിനെക്കുറിച്ച് എഞ്ചീനിയറുമാരുമായി ചര്‍ച്ചയും നടത്തി.
വെബ് അധിഷ്ഠിത സേവനം, വെബ്സൈറ്റ് പരസ്യരംഗങ്ങള്‍, സോഫ്റ്റ്വെയര് വികസനം തുടങ്ങിയ മേഖലകളില്‍ മികച്ച നേട്ടം കൈവരിച്ചു പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കില്‍ 1998 സെപ്റ്റംബര്‍ 7നാണ് സ്ഥാപിതമായത്. പിന്നീട് ആസ്ഥാനം സാന്റാ ക്ലാര കൗണ്ടിയിലെ മൗണ്ടന്‍ വ്യൂവിലേക്ക് മാറ്റി.
വെബ് സെര്‍ച്ച് എന്ജിന് മാത്രമായി തുടക്കം കുറിച്ച ഗൂഗിള്‍ പിന്നീട് ചിത്രങ്ങള്‍ സൂക്ഷിക്കാനും എഡിറ്റിങ്ങിനുമുളള സംവിധാനം, വാര്‍ത്തകള്‍, വിഡിയോ, മാപ്പുകള്‍, ഓണ്‍ലൈന്‍ വ്യാപാരം, ഓണ്‍ലൈന്‍ സംവാദം എന്നിങ്ങനെ ഇന്റര്‍നെറ്റിന്റെ സര്‍വ മേഖലകളിലും സേവനങ്ങള്‍ വ്യാപിപ്പിച്ച് ഇന്റര്റ്റ് ലോകത്തെയാകെ അടക്കി വാഴുകയാണ്.
സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ പി.എച്ച്.ഡി. വിദ്യാര്‍ത്ഥികളായിരുന്ന ലാറി പേജ്, സെര്‍ജി ബ്രിന്‍ എന്നിവരുടെ ഗവേഷണത്തിന്റെ ഭാഗമായാണ് ഗൂഗിള്‍ പിറവിയെടുക്കുന്നത്. ബാക്ക് ലിങ്കുകളില്‍ നിന്നും സെര്‍ച്ച് റിസള്‍ട്ടുകള്‍ കണ്ടെത്തിയിരുന്ന തിരച്ചില്‍ സംവിധാനത്തിന് ബാക്ക് റബ് എന്ന പേരാണ് ലാറിയും കൂട്ടരും പേര് നല്‍കിയത്.1997 സെപ്റ്റംബര്‍ 15നാണ് ഗൂഗിള്‍ എന്ന ഡൊമെയിന് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. ഇതിനു ശേഷം 1998 ല്‍ കാലിഫോര്‍ണിയയില്‍ ഒരു സുഹൃത്തിന്റെ ഗാരേജില്‍ ലാറിയും സെര്‍ജിയും ചേര്‍ന്ന് ഗൂഗിളിന്റെ പ്രവര്‍ത്തനമാരംഭിച്ചു. ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന് 1999 സെപ്റ്റംബര്‍ 21 വരെ ബീറ്റാ വെര്ഷന് എന്ന നിലയിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ലളിതമായ രുപകല്പന ഗൂഗിള്‍ സെര്‍ച്ച് എന്‍ജിനെ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്കിടയില്‍ വളരെ വേഗം സ്വീകാര്യനാക്കി. 2000ല്‍ കീ വേര്‍ഡുകള്‍ക്ക് അനുസരിച്ച് പരസ്യം നല്കി ഇന്റര്‍നെറ്റ് പരസ്യ രംഗത്ത് എത്തിയതോടെ ഗൂഗിളിന്റെ വരുമാനവും കുതിച്ചുയര്‍ന്നു ഒന്നിനു ശേഷം നൂറു പൂജ്യങ്ങള്‍ വരുന്ന സംഖ്യയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഗൂഗള്‍ എന്ന പദം സെര്‍ച്ച് എന്‍ജിന്റെ പേരാക്കാനായിരുന്നു ലാറി പേജും, സെര്‍ജി ബ്രിന്നും ലക്ഷ്യമിട്ടിരുന്നത്. അക്ഷരപ്പിശകിലൂടെ ഗൂഗള്‍ എന്ന പദം ഗൂഗിള്‍ ആയി മാറുകയായിരുന്നു.
കുപ്പര്ട്ടീനോയിലുള്ള ആപ്പിളിന്റെ ആസ്ഥാനത്തും പോയി. പിറ്റേ ദിവസം ഐഫോണ്‍ ഇലവന് ഉള്‍പ്പെടെ പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനാല്‍ അകത്തേയ്ക്കുള്ള പ്രവേശനം നിയന്ത്രിച്ചിരുന്നു. പുറം കാഴ്ച കണ്ട് മടങ്ങി. സ്റ്റീവ് ജോബ്സ് തിയറ്ററില്‍ പുതിയ ഉത്പന്നങ്ങളുടെ അവതരണം നടക്കുന്നത് കാണാനുള്ള പാസ് ആപ്പിളിലെ മലയാളി എഞ്ചിനീയര്‍മാര്‍ സംഘടിപ്പിച്ചു. ഉച്ചയക്ക് ശേഷമാണ് അമേരിക്കയില്‍നിന്ന് തിരിച്ചുപോരേണ്ടത്. രാവിലെ ആപ്പിള്‍ ആസ്ഥാനത്തെ പരിപാടിയും കണ്ട് മടങ്ങാന്‍ തീരുമാനിച്ചു. ഞങ്ങള്‍ ചെല്ലുമ്പോള്‍ ആപ്പിളിനു ചുറ്റുമുള്ള വഴികളിലെല്ലാം ട്രാഫിക്ക് തടസ്സം. ആപ്പിളിന്റെ പുതിയ പ്രഖ്യാപനം കേള്‍ക്കാന്‍ എത്തിയവരുടെ നീണ്ട നിര. ഉദ്ദേശിച്ചതിലും അധികം സമയം എടുത്ത് സ്റ്റീവ് ജോബ്സ് തിയറ്ററിനു മുന്നിലെത്തി. അവിടെയും വാഹനങ്ങളുടെ നീണ്ട നിര. പരിപാടിയില്‍ പങ്കെടുക്കാമെങ്കിലും പാര്‍ക്കിംഗ് വളരെ ദൂരെ മാത്രമെ കിട്ടു. പരിപാടിക്കു ശേഷവും ട്രാഫിക്ക് തടസ്സം ഉണ്ടാകാനുള്ള സാധ്യത കണക്കാക്കി പരിപാടിക്ക് നില്കാതെ മടങ്ങി. ഐഫോണ്‍ ഇലവന് , ഇലവന് പ്രോ , ഇലവന് പ്രോ മാക്സ് എന്നീ മോഡലുകള്‍ പുറത്തിറക്കുന്നതിന്റെ ആരവം സ്റ്റീവ് ജോബ്സ് തിയറ്ററിനു പുറത്തു നിന്നു കേട്ടു.ഐഫോണിന് പുറമെ വാച്ച്, ഐപാഡ്, എന്നിവയുടെ പുതിയ മോഡലുകളും അന്ന് പുറത്തിറക്കി.
അമേരിക്ക കാഴ്ചക്കപ്പുറം
01- പാതാളപ്പിളര്‍പ്പിലെ വിഷ്ണു, ശിവ, രാമ ശിലകള്‍
02-അവിചാരിതമായി അമേരിക്കയിലേക്ക്
04- ഊര്‍ജ്ജ നഗരത്തിലെ ഗുരുവായൂരപ്പന് ക്ഷേത്രം
06-സര്‍വ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍
07-ഹഡ്സണ്‍ നദിക്കരയിലെ കുത്താന്‍ വരുന്ന കാള
08- മാലാഖ നഗരത്തിലെ മായ കാഴ്ച്ചകള്‍
09- വേശ്യാവൃത്തിക്ക് കരം പിരിക്കുന്ന പാപ നഗരം
10-ക്യാപിറ്റോള്‍ കുന്നും വെണ്‍സൗധവും
11-വിഗ് പാര്‍ട്ടി ഭരിച്ച അമേരിക്ക
12-വാഷിങ്ടണ്‍ സ്തൂപവും സ്വാതന്ത്ര്യ സമരവും
പ്രതികരിക്കാൻ ഇവിടെ എഴുതുക: