തിരുവനന്തപുരം : വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി അപേക്ഷാ ഫീസ് ഒഴിവാക്കുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. പൗരന്മാര്ക്ക് നല്കുന്ന സര്‍ട്ടിഫിക്കറ്റിനും സേവനങ്ങള്‍ക്കുമുള്ള നടപടി ക്രമങ്ങളും ലഘൂകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ വ്യാപാര വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷാ ഫീസ് തുടരും.
സേവനങ്ങള്‍ക്കുള്ള അപേക്ഷാ ഫോമുകള്‍ ലളിതമാക്കി ഒരു പേജില്‍ പരിമിതപ്പെടുത്തും. അപേക്ഷകളില്‍ അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങളും സുഗമമാക്കും. ഒരിക്കല്‍ നല്കിയ സര്‍ട്ടിഫിക്കറ്റുകള്‍ മറ്റു സര്‍ക്കാര്‍ ഓഫീസുകളിലെ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം.
ഇത് കൂടാതെ സര്‍ക്കാര്‍ സേവനങ്ങള്‍ പരമാവധി ഓണ്‍ലൈനാക്കാനുള്ള നടപടികള്‍ക്ക് പുറമെയാണീ നടപടികള്‍. അതിനുള്ള കാലയളവ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിഷ്കര്‍ഷിക്കാം. ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷക്കാലമായിരിക്കണം. ഒരു പ്രത്യേക ഉദ്ദേശ്യത്തിനോ ഉപയോഗത്തിനോ മാത്രമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്ന് സര്‍ട്ടിഫിക്കറ്റില്‍ ഇനി രേഖപ്പെടുത്തേണ്ടതില്ല.
വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് രേഖകളോ സര്‍ട്ടിഫിക്കറ്റുകളോ ഗസറ്റഡ് ഉദ്യോഗസ്ഥന് അല്ലെങ്കില്‍ നോട്ടറി സാക്ഷ്യപ്പെടുത്തണമെന്നതും ഒഴിവാക്കി. രേഖകളുടെയോ സര്‍ട്ടിഫിക്കറ്റുകളുടെയോ പകര്‍പ്പുകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും. ഇഡബ്ല്യൂഎസ് സാക്ഷ്യപ്പെടുത്തല്‍ സര്‍ട്ടിഫിക്കറ്റും എസ്സി, എസ്ടി വിഭാഗങ്ങള്‍ക്ക് നിയമപ്രകാരം നല്കുന്ന സര്‍ട്ടിഫിക്കറ്റും നിലവിലുള്ള രീതി തുടരും.
കേരളത്തില്‍ ജനിച്ചവര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റോ അഞ്ചു വര്‍ഷം കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിച്ചതിന്റെ രേഖയോ സത്യപ്രസ്താവനയോ ഉണ്ടെങ്കില്‍ അവരെ നേറ്റീവായി പരിഗണിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കും. കേരളത്തിന് പുറത്തു ജനിച്ചവര്‍ക്ക് നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫീസര്‍ നല്‍കും. ഓണ്‍ലൈനായി സ്വീകരിക്കുന്ന അപേക്ഷയില്‍ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കാനാണ് നിര്‍ദ്ദേശം.
അതേസമയം റസിഡന്‍സ് സര്‍ട്ടിഫിക്കറ്റിന് പകരമായി ആധാര്‍ കാര്‍ഡ്, ഏറ്റവും പുതിയ ഇലക്ട്രിസിറ്റി ബില്‍, കുടിവെള്ള ബില്‍, ടെലിഫോണ്‍ ബില്‍, കെട്ടിട നികുതി രസീത് എന്നിവയിലേതെങ്കിലും ഹാജരാക്കിയാല്‍ മതിയെന്നാക്കി. ഇവയില്ലാത്തവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാം.
അപേക്ഷകന്റെ എസ്.എസ്.എല്‍.സി ബുക്ക് / വിദ്യാഭ്യാസ രേഖയില്‍ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മൈനോറിറ്റി സര്‍ട്ടിഫിക്കറ്റ് വേണ്ട. അല്ലാത്തവയ്ക്ക് വില്ലേജ് ഓഫീസറോ തഹസില്‍ദാറോ ഓണ്‍ലൈനായോ അല്ലാതെയോ ലഭിക്കുന്ന അപേക്ഷയില്‍ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണം. അപേക്ഷകന് സത്യവാങ്മൂലവും സമര്‍പ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: