വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയ നേതൃത്വത്തിലെത്തിയ വ്യക്തിയാണ് ഇന്നത്തെ പൊതുവിദ്യാഭ്യാസമന്ത്രി. ഇഷ്ട വിഷയം പഠിക്കാന്‍ അവസരം ലഭിക്കാതിരുന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉണ്ടാകുന്ന ആശങ്ക മന്ത്രിക്കറിയേണ്ടതാണ്.
വകുപ്പുഭരണം ഏറ്റെടുത്ത് അധികം വൈകാതെ തന്നെ പത്താംക്ലാസ് പരീക്ഷാ ഫലം വന്നു. അപ്പോള്‍ തന്നെ ഉന്നത വിജയം നേടിയവര്‍ക്കെല്ലാം സീറ്റ് ലഭിക്കുമോ എന്ന സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ അപ്പോഴെല്ലാം എല്ലാവര്ക്കും സീറ്റ് ഉറപ്പെന്ന് മന്ത്രി ആവര്‍ത്തിച്ചു. ഇപ്പോള്‍ എല്ലാം തകിടം മറിഞ്ഞു. നിയമസഭയില്‍ പോലും ഈ വിഷയത്തില്‍ വ്യക്തമായ മറുപടി നല്കാന് മന്ത്രിക്ക് സാധിക്കുന്നില്ല. രണ്ടാംഘട്ട അലോട്ട്മെന്റ് തീര്‍ന്നശേഷം പരിശോധിച്ചപ്പോള്‍ മിടുക്കരും യോഗ്യരുമായ ഏറെപ്പേര്‍ക്ക് പഠന സൗകര്യം ലഭിക്കാനിടയില്ലാത്ത സാഹചര്യം നിലനില്ക്കുന്നു. മെറിറ്റ് സീറ്റുകള്‍ ബാക്കിയുള്ളത് വെറും 655 ആണെന്ന് കാണുമ്പോള്‍ പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാകും. പത്താം ക്ലാസില്‍ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാര്‍ഥികള്‍ക്കു പോലും ഇഷ്ട വിഷയം പഠിക്കാനാകില്ലെന്നാണ് ബോധ്യമാകുന്നത്. അത്തരക്കാര്‍ക്കും വന്‍തുക കൊടുത്ത് മാനേജ്മെന്റ് ക്വാട്ടയെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിച്ചത് 4,65,219 പേരാണ്. രണ്ട് അലോട്ട്മെന്റ് തീര്‍ന്നപ്പോള്‍ പ്രവേശനം കിട്ടിയത് 2,70,188 പേര്‍ക്ക്. കമ്മ്യൂണിറ്റി ക്വാട്ടയില്‍ 26,000 സീറ്റുണ്ട്. മാനേജ്മെന്റ് ക്വാട്ടയില്‍ ഉള്ളത് 45,000 സീറ്റും. അലോട്ട്മെന്റ് തീര്‍ന്നാല്‍ സീറ്റ് മിച്ചം വരുമെന്നായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ അവകാശവാദം. നിയമസഭയില്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചപ്പോഴും മന്ത്രി ഇതേ കാര്യം ആവര്‍ത്തിച്ചു. എന്നാല്‍ രണ്ടാംഘട്ട അലോട്ടമെന്റ് തീര്‍ന്നപ്പോള്‍ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചിട്ടും സീറ്റ് ലഭിക്കാത്ത വിദ്യാര്‍ഥികള്‍ ഏറെയാണ്.
മാനേജ്മെന്റ് ക്വാട്ടയും അണ് എയ്ഡഡും ചേര്‍ത്താല്‍പ്പോലും അപേക്ഷിച്ചവര്‍ക്ക് മുഴുവന്‍ സീറ്റ് കിട്ടാത്ത അവസ്ഥ. അണ് എയ്ഡഡില്‍ സര്‍ക്കാര്‍ എയ്ഡഡ് സ്കൂള്‍ വിദ്യാര്‍ഥികള്‍ വലിയ താല്പര്യം കാട്ടാറില്ല. കഴിഞ്ഞവര്‍ഷം തന്നെ ഈ മേഖലയില്‍ 20,000 ത്തോളം സീറ്റുകള്‍ ഒഴിവുണ്ടായിരുന്നു. സാമ്പത്തിക സ്ഥിതി പറഞ്ഞ് പുതിയ ബാച്ചില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്. ഭൂരിഭാഗം കുട്ടികളും സയന്‍സ് വിഷയങ്ങള്‍ക്ക് പരിഗണന കൊടുത്തു. സീറ്റുകളുടെ എണ്ണം സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നെങ്കിലും അധിക ബാച്ചുകള്‍ അനുവദിച്ചിരുന്നില്ല. ഇതാണ് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം. ഇനി സപ്ലിമെന്ററി അലോട്ട്മെന്റ് മാത്രമാണ് അവശേഷിക്കുന്നത്. അതേസമയം പ്ലസ് വണ്‍ അലോട്ട്മെന്റ് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി ആവര്‍ത്തിക്കുന്നതാണ് ആശ്ചര്യം. വിദ്യാര്‍ഥികള്‍ മാതൃജില്ലയ്ക്ക് പുറമേ മറ്റ് ജില്ലകളിലും അപേക്ഷിച്ചിരുന്നുവെന്നും അതിനാല്‍ പ്രവേശനം നല്‍കേണ്ട യഥാര്‍ത്ഥ അപേക്ഷകര്‍ 4,25,730 മാത്രമാണെന്നുമാണ് മന്ത്രിയുടെ വാദം. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവേശന തോതനുസരിച്ച് ആകെ 3,85,530 അപേക്ഷകര്‍ മാത്രമേ പ്ലസ് വണ്‍ പ്രവേശനം തേടാന്‍ സാധ്യതയുള്ളൂവെന്നും മന്ത്രി പറയുന്നു.
വിദ്യാര്‍ഥികള്‍ക്ക് ഇനി ഇഷ്ട വിഷയം പഠിക്കണമെങ്കില്‍ മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടുകയാണ് ഏക മാര്‍ഗം. പക്ഷേ വന്‍ തുക ഫീസായി നല്‍കണം. അല്ലെങ്കില്‍ അണ് എയ്ഡഡ് മേഖലയിലേക്ക് കുട്ടികള്‍ക്ക് മാറേണ്ടിവരും. ഈ സാഹചര്യത്തില്‍ ഉപരിപഠനത്തിന് പ്രവേശനം സാധ്യമാകുമോ എന്ന സംശയം വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും സൃഷ്ടിച്ചിരിക്കുന്ന ആശങ്ക ചെറുതല്ല. ഇതു പരിഹരിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. പത്താംതരത്തില്‍ ഉന്നതവിജയം ഉണ്ടായപ്പോള്‍ അത് സര്‍ക്കാരിന്റെ കൂടി നേട്ടമായി ആഘോഷിച്ചവര്‍ക്ക്, വിജയിച്ചവര്‍ക്കെല്ലാം തുടര്‍ പഠനം ഉറപ്പാക്കാനും കഴിയണം. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ വേദനകാണാതിരുന്നുകൂട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: