കൊല്ലം: കേരഫെഡിന്റെ കരുനാഗപ്പള്ളി, കോഴിക്കോട് പ്ലാന്റുകളിലും തിരുവനന്തപുരം ഹെഡ് ഓഫീസ് ഉള്‍പ്പെടെയുള്ള കേരഫെഡിന്റെ എല്ലാ മേഖലകളിലേയും ജീവനക്കാര്‍ ചരിത്രത്തിലാദ്യമായി സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ഇന്നു മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നു. ജീവനക്കാരുടെ ലീവ് ഏകീകരിക്കുക, ശമ്പള പരിഷ്കരണം നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
പ്ലാന്റില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാര്‍ സ്ഥിരപ്പെട്ടപ്പോള്‍ സ്ഥിര ജീവനക്കാര്‍ക്ക് നല്‍കിവന്ന ലീവ് ആനുകൂല്യങ്ങള്‍ നല്‍കാത്ത നിഷേധാത്മക സമീപനമാണ് കേരഫെഡ് സ്വീകരിച്ചത്. ഈ വിവേചനം ഒഴിവാക്കണമെന്നുള്ള യൂണിയനുകളുടെ ദീര്‍ഘനാളത്തെ ആവശ്യം വി.എസ്. സുനില്‍കുമാര്‍ കൃഷിമന്ത്രിയായിരിക്കെ കേരഫെഡ് മാനേജ്മെന്റും യൂണിയന് പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ തീരുമാനമായിരുന്നു. എന്നാല്‍ ചില ഉദ്യോഗസ്ഥര്‍ ഇത് തടഞ്ഞ് വച്ചിരിക്കുകയാണ്.
ഡയറക്ടര്‍ ബോര്‍ഡ് ഇറക്കിയ ഉത്തരവ് പ്രകാരം ജീവനക്കാരുടെ ലീവ് ആനുകൂല്യങ്ങള്‍ ഏകീകരിക്കണമെന്നും ശമ്പള പരിഷ്ക്കരണം നടപ്പാക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കിയ പതിനൊന്നാം ശമ്പള പരിഷ്ക്കരണം കേരഫെഡില്‍ നടപ്പിലാക്കിയില്ല. ഈ വിഷയങ്ങള്‍ പരിഹരിക്കുന്നതുവരെ കേരഫെഡിലെ എല്ലാവിഭാഗം ജീവനക്കാരും പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് യൂണിയന് നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: