കൊല്ലം: കരുനാഗപ്പള്ളി നഗരസഭയില്‍ തണ്ണീര്‍ത്തടങ്ങള്‍ വ്യാപകമായി നികത്തുന്നു. തീരദേശ പരിപാലന ചട്ടം ഉള്‍പ്പടെ ലംഘിച്ച് ഉദ്യോഗസ്ഥ-രാഷ്ട്രീയ കൂട്ടുകെട്ടലിന്റെ മറവിലാണ് നികത്തല്‍ നടക്കുന്നത്. വട്ടക്കയലില്‍പ്പെട്ട നിരവധി തണ്ണീര്‍തടങ്ങളാണ് ഇതിനകം നികത്തിയെടുത്തിരിക്കുന്നത്.
പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ നിരവധി സ്ഥലങ്ങളില്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ട്. എന്നാല്‍ സംരക്ഷണ ഭിത്തി കെട്ടിത്തിരിച്ച് ഭൂരിഭാഗവും നികത്തിയ ശേഷമാണ് സ്റ്റോപ്പ് മെമ്മോ കക്ഷികള്‍ക്ക് ലഭിച്ചിരിക്കുന്നത്. നികത്തിലിനു പിന്നില്‍ ഉദ്യോഗസ്ഥ-രാഷ്ട്രീയ ഗൂഢാലോചന ഉള്ളതായി പരിസ്ഥിതി വാദികള്‍ പറയുന്നു.
സ്വകാര്യ വ്യക്തികളുടെ തണ്ണീര്‍ത്തടങ്ങള്‍ക്കൊപ്പം കായല്‍ കൈയേറിയുള്ള നികത്തലും വ്യാപകമാണ്. കൃത്യമായ ആസൂത്രണത്തിലാണ് തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നത്. നികത്തേണ്ട സ്ഥലം സംരക്ഷണ ഭിത്തി കെട്ടിത്തിരിച്ച ശേഷം അതിനുള്ളിലെ മണ്ണും ചെളിയും എടുത്ത് സംരക്ഷണ ഭിത്തിയുടെ വശങ്ങള് നികത്തും. ഇതിനു ശേഷം കായലില്‍ നിന്നും പുറത്തു നിന്നും മണ്ണ് കൊണ്ടുവന്നു കായല്‍ നികത്തിയെടുക്കുന്നു. നഗരസഭ 23-ാം ഡിവിഷന് കായിക്കരയില്‍ വലിയൊരു ഭാഗം നികത്തിക്കഴിഞ്ഞു. പരാതിയെ തുടര്‍ന്ന് ഇപ്പോള്‍ ജില്ലാ കളക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുകയാണ്. മര്‍ത്തോമ്മ പള്ളിക്കു സമീപവും നികത്തല്‍ നടന്നിരുന്നു. നേരത്തെ കരുനാഗപ്പള്ളി ചന്തയ്ക്കു വടക്കുവശം ചതുപ്പു നിലം നികത്തിയത് വിവാദമായിരുന്നു. നഗരസഭ ഭരണസമിതിയുടെ കൃത്യമായ അറിവോടെയാണ് നികത്തല്‍ നടക്കുന്നതെന്ന് പരിസ്ഥിതി വാദികള്‍ ആരോപിച്ചു. നികത്തല്‍ ആരംഭിക്കുമ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചാല്‍ നടപടിയെടുക്കാറില്ല. പിന്നീട് റവന്യു/ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്കി, ഉദ്യോഗസ്ഥ പരിശോധനകള്‍ക്കു ശേഷമാണ് നടപടി എടുക്കുക. ഇതിനകം ലക്ഷ്യമിട്ട സ്ഥലത്ത് നികത്തല്‍ ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞിരിക്കും. സ്റ്റോപ്പ് മെമ്മോ നല്കിയ ശേഷവും ചില സ്ഥലങ്ങളില്‍ മതില്‍കെട്ട് അടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതിന് പിന്നില്‍ സിപിഎം-കോണ്‍ഗ്രസ് കൂട്ടുകെട്ടാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. നഗരസഭ ചെയര്മാന്, സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം, നഗരസഭയുടെ മുന്‍ ചെയര്‍മാനായിരുന്ന കോണ്‍ഗ്രസ് നേതാവ്, മറ്റൊരു കോണ്‍ഗ്രസ് നേതാവുമാണ് ഇതിനു പിന്നിലെന്നാണ് ആക്ഷേപം. ചന്തയ്ക്കു തെക്കുവശത്തുള്ള കോണ്‍ഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള ചതുപ്പുനിലവും നികത്താനുള്ള ശ്രമം നടക്കുന്നുണ്ട്.
മുന്‍പിരുന്ന നഗരസഭ സെക്രട്ടറി അനധികൃത നികത്തലുകള്‍ക്ക് കൂട്ടു നില്ക്കാന് തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്ന് സിപിഎം നേതാവിന്റെ ഇടപെടലില്‍ എത്തിയ പുതിയ സെക്രട്ടറി നികത്തലുകള്‍ക്ക് കൂട്ടുനില്‍ക്കുന്നതായും ആക്ഷേപമുണ്ട്. അനധികൃത ഇടപെടലുകള്‍ നിയമകുരുക്കാകുമെന്ന ഭീതിയില്‍ കരുനാഗപ്പള്ളിയില്‍ നിന്ന് സ്ഥലംമാറ്റം നേടാനുള്ള ശ്രമത്തിലാണ് സെക്രട്ടറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: