മുംബൈ : ആഡംബര കപ്പലില്‍ മയക്കുമരുന്ന് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് ആര്യന് ഖാനെ എന്‍സിബി വീണ്ടും ചോദ്യം ചെയ്യും. ആര്യന് ലഹരിമരുന്ന് എത്തിച്ച മലയാളി ശ്രേയസിന് നായര്‍ക്കൊപ്പമിരുത്തിയായിരിക്കും ചോദ്യം ചെയ്യല്‍. ആര്യനുമായി ഇയാള്‍ക്ക് അടുത്തബന്ധമുള്ളതായാണ് സൂചന.
കേസുമായി ബന്ധപ്പെട്ട് ആര്യന് ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും തിങ്കളാഴ്ച അത് തള്ളിയിരുന്നു. അതിനു പിന്നാലെയാണ് ചോദ്യം ചെയ്യാനായി ഒരുങ്ങുന്നത്. ഗോവ ബന്ധമുള്ള ശ്രേയസ് കപ്പലില്‍ യാത്ര ചെയ്ത 25 ഓളം പേര്‍ക്ക് മയക്കുമരുന്ന് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. വാട്സ് ആപ്പ് ചാറ്റില്‍ കോഡ് ഭാഷ ഉപയോഗിച്ചാണ് ഇയാള്‍ ഇടപാട് നടത്തിയിരുന്നത്.
അതേസമയം ലഹരി കടത്തുകാരനടക്കം രണ്ടുപേര്‍ കൂടി കേസില്‍ ഇന്ന് അറസ്റ്റിലായതായി എന്‍സിബി അറിയിച്ചു. ആഡംബര കപ്പലില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഒരാളും മുംബൈ യോഗേശ്വരി ഏരിയയില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്ന ഏജന്റിനേയുമാണ് എന്‍സിബി ഇപ്പോള്‍ അറസ്റ്റ് ചെയ്തത്. ഏജന്റില്‍ നിന്ന് മെപെഡ്രോണ്‍ മയക്കുമരുന്നും നാര്‍കോട്ടിക് കണ്ട്രോല് ബ്യൂറോ പിടിച്ചെടുത്തു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും.
നിലവില്‍ ആര്യന് ഉള്‍പ്പടെയുള്ള പ്രതികള്‍ വ്യാഴാഴ്ച വരെ എന്‍സിബി കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ആര്യനും സംഘത്തിനും അന്താരാഷ്ട്രാ ലഹരിമരുന്ന് റാക്കറ്റുമായി വരെ ബന്ധമുണ്ടെന്നും ഇവര്‍ക്കെതിരെ വിശദമായ അന്വേഷണം വേണമെന്നും എന്‍സിബി കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കസ്റ്റഡിയില്‍ വിട്ടത്. ഒരാഴ്ച കൂടി ആര്യന് ഖാനെയും കൂട്ടാളികളെയും കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍സിബി ആവശ്യപ്പെട്ടത്. വാട്സ് ആപ്പ് ചാറ്റുകള്‍ പരിശോധിച്ചതില്‍ നിന്നും കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ അറസ്റ്റിലായവര്‍ക്ക് ലഹരിക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് വ്യക്തമായതായി അന്വേഷണ ഏജന്‍സി പറഞ്ഞു.ചാറ്റില്‍ കോഡ് വാക്കുകളില്‍ വിശേഷിപ്പിച്ചത് ആരൊക്കെയാണെന്ന് കണ്ടെത്തണമെന്നും എന്‍സിബി കോടതിയെ അറിയിച്ചു.
ആര്യനും സുഹൃത്തും നടനുമായ അര്‍ബാസ് മര്‍ച്ചന്റ് ഉള്‍പ്പടെ എട്ട് പേരെയാണ് ആഡംബര കപ്പലില്‍ നിന്നും പിടികൂടിയത്. ആര്യന്റെ പക്കല്‍ നിന്ന് ലഹരി മരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നും കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും ആര്യന് ഖാന്റെ അഭിഭാഷകന് സതീശ് മാനേശിണ്ഡെ അറിയിച്ചു. സുഹൃത്തായ അര്‍ബാസ് മര്‍ച്ചന്റില്‍ നിന്ന് വെറും 6 ഗ്രാം ചരസ് പിടിച്ചെടുത്തതിന്റെ പേരില്‍ ആര്യനെയും കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ക്ഷണിതാവായി മാത്രമാണ് കപ്പല്‍ യാത്രയ്ക്ക് ആര്യനെത്തിയതെന്നും മാനേശിണ്ഡെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: