(അതിസാരം ശമിക്കാന്‍)
ശരീരത്തില്‍ ഛര്‍ദിയെത്തുടര്‍ന്നുണ്ടാകുന്ന എല്ലാ അസ്വാസ്ഥ്യങ്ങളും അതിസാരത്തിനും ബാധകമാണ്. ആഹാരം ദഹിക്കായ്കയാലും ആമാശയത്തില്‍ അമീബ തുടങ്ങിയ സൂക്ഷ്മ ക്ഷുദ്രജീവികളുടെ പ്രവര്‍ത്തനഫലമായും ആമാശയഭാഗത്തുള്ള മര്‍മ്മങ്ങളില്‍ ക്ഷതമേല്‍ക്കയാലും അതിസാരം ഉണ്ടാകും.
മര്‍മക്ഷതത്താലുള്ള അതിസാരത്താല്‍ ആമാശയഭിത്തികള്‍ക്ക് കഠിനമായ വേദനയുണ്ടാകും. ഇടതടവില്ലാതെയും ചിലപ്പോള്‍ ഇടവേളകളോടെയും ചിലപ്പോള്‍ അതിഭീകരമായും വായുകോപവുമുണ്ടായിരിക്കും.
മര്‍മാഘാതത്താലുണ്ടാകുന്ന അതിസാരം ഗുരുതരമായിരിക്കും.
പൂര്‍ണമായി ശമിപ്പിക്കുക ശ്രമകരമാണ്. ഇത്തരം അതിസാരമുള്ളപ്പോള്‍ പ്രോട്ടീന്‍ കൂടുതലുള്ള ആഹാരങ്ങള്‍ (മുട്ട, പാല്‍, നെയ്യ്, കരള്‍) ദഹിക്കില്ല. അവ വര്‍ജ്യങ്ങളാണ്.
ആമാശയത്തില്‍ അമീബ തുടങ്ങിയ ക്ഷുദ്രജീവികളുടെ ആഘാതത്താലുണ്ടാകുന്ന അതിസാരം വളരെ പെട്ടെന്ന് ശരീരത്തെ ക്ഷീണിപ്പിക്കും. അതിസാരത്തിനൊപ്പം ഛര്‍ദിയുമുണ്ടാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ രോഗിയുടെ നില അതീവ ഗുരുതരമായി മരണത്തിനു വരെ കാരണമാകാറുണ്ട്.
ചികിത്സാ വിധി:
മര്‍മാഘാതത്താലുണ്ടാകുന്ന അതിസാരമൊഴികെ മറ്റു തരത്തിലുള്ള അതിസാരങ്ങളൊന്നും പെട്ടെന്നു നിര്‍ത്തരുത്. 10 മണിക്കൂറിനുള്ളില്‍ സാവധാനത്തിലേ ശമിപ്പിക്കാവൂ. അതിസാരം തുടങ്ങുമ്പോള്‍ തന്നെ മരുന്നുകളിട്ട് തിളപ്പിച്ച വെള്ളം തേന്‍ ചേര്‍ത്ത് കുടിപ്പിക്കുക. ചിറ്റമൃത്, അരയാല്‍ത്തളിര്, ജീരകം, പെരിഞ്ചീരകം, മലര്‍, കൂവളത്തിന്റെ വേര്, രാമച്ചം, ശതാവരിക്കിഴങ്ങ്, മുത്തങ്ങ, ഞാവല്‍ത്തളിര്, മാവിന്‍ തളിര്, ഏലത്തരി, കൊത്തമ്പാലരി ഇവ ഓരോന്നും പത്തുഗ്രാം വീതം രണ്ട് ലിറ്റര്‍ വെള്ളത്തില്‍ നന്നായി തിളപ്പിച്ച ശേഷം ആവശ്യാനുസരണം ചൂടാക്കി, അല്‍പം തേന്‍ ചേര്‍ത്ത് പത്തു മിനുട്ട് ഇടവിട്ട് കുടിപ്പിക്കാം. ക്ഷീണവും നിര്‍ജലീകരണവും മാറും. സാവധാനത്തില്‍ അതിസാരവും ശമിക്കും.
വില്വാദി ഗുളിക ഒന്നു വീതം തേനില്‍ അരച്ച് ചാലിച്ച് ദിവസവും മൂന്നു നേരം എന്ന കണക്കില്‍ കൊടുക്കുക. അതിസാരം പിടിപെട്ടാല്‍ പൊടിയരിക്കഞ്ഞി ഉപ്പിട്ടതും, കരിക്കിന്‍ വെള്ളവും നിര്‍ബന്ധമായും കുടിച്ചിരിക്കണം. ആധുനിക ചികിത്സയിലെ ഒആര്‍എസ് ലായനിയേക്കാള്‍ ഔഷധഗുണമുണ്ട് ഇവയ്‌ക്ക്. ശരീരത്തിന് ബലദായകവുമാണ്.
വയറുകടി, കഫാതിസാരം, രക്താതിസാരം, കഫാതിസാരത്താല്‍ വന്‍കുടല്‍ വെളിയില്‍ വരുന്ന അവസ്ഥ തുടങ്ങിയവ കണ്ടാല്‍ താഴെ പറയുന്ന മരുന്ന് പരമാവധി മൂന്ന് പ്രാവശ്യം നല്‍കാം.
കുടകപ്പാല വേരിന്മേല്‍ത്തൊലി, 10 ഗ്രാം എടുത്ത് നറുനെയ്യില്‍ വറുത്ത് പൊരിയുന്ന പാകത്തില്‍ വാങ്ങി 50 മില്ലി മോരില്‍ അരച്ചു കലക്കി കുടിക്കാന്‍ നല്‍കുക. പരമാവധി രണ്ടു തവണ നല്‍കുേമ്പാഴേക്കും മേല്‍പ്പറഞ്ഞ അതിസാരങ്ങളെല്ലാം മാറും. വന്‍കുടല്‍ വെളിയില്‍ വരുന്നത് തനിയേ പൂര്‍വസ്ഥിതിയിലാകും. മരുന്നിന്റെ മാത്ര കൂടിയാല്‍ മലബന്ധമുണ്ടാവാറുണ്ട്. അക്കാര്യം ശ്രദ്ധിക്കണം. അതിസാരത്തിന്റെ ഏറ്റവും സങ്കീര്‍ണമായ അവസ്ഥകളില്‍ ഈ മരുന്ന് ഉപയോഗിക്കരുത്.
ലഘു അതിസാരങ്ങള്‍ക്ക് അയമോദകം നല്ലൊരു പ്രതിവിധിയാണ്. അയമോദം വറുത്ത് പൊടിച്ച് ഒരു സ്പൂണ്‍ പൊടി ഒരു നുള്ള് ഇന്തുപ്പ് ചേര്‍ത്ത് 50 മില്ലി പുളിച്ച മോരില്‍ കലക്കി കുടിക്കുക.
കഫം മൂത്ത് അതിസാരമല്ലാതെ കൂടെക്കൂടെ വയറ്റില്‍ നിന്ന് പോകുന്ന അവസ്ഥയില്‍ 100 ഗ്രാം കാട്ടു ചേന മോരില്‍ പുഴുങ്ങി ഉണക്കിപ്പൊടിച്ച് പുളിച്ച മോരില്‍ കലക്കി കുടിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: