അനീഷ് കെ. അയിലറ
നിരാലംബരായ ആയിരത്തി ഇരുനൂറോളം പേര്‍ക്ക് അഭയമേകുന്ന ഏഷ്യയിലെ ഏറ്റവും വലിയ മതേതര കൂട്ടുകുടുംബമാണ് കൊല്ലം ജില്ലയിലെ പത്തനാപുരം ഗാന്ധിഭവന്. മൂന്ന് വയസു മുതല്‍ 101 വയസ്സു വരെയുള്ള വയോധികര്‍ വരെ ഗാന്ധിഭവന്റെ തണലിലുണ്ട്. അനാഥര്‍, മക്കള്‍ക്കു വേണ്ടാത്തവര്‍, കാഴ്ചയും കേള്‍വിയും ബുദ്ധിയും ഇല്ലാത്തവര്‍, ഭിന്നശേഷിക്കാര്‍, അംഗപരിമിതര്‍, മാനസികാസ്വാസ്ഥ്യമുള്ളവര്‍, ഗാര്‍ഹികപീഡനങ്ങളില്‍ മുറിവേറ്റര്‍, ബന്ധുക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍, രോഗബാധിതര്‍, വികലാംഗര്‍, വിധവകള്‍, ദാരിദ്ര്യത്താല്‍ വലഞ്ഞ് ആത്മഹത്യാവക്കിലെത്തിയവര്‍, എച്ച്ഐവി ബാധിതര്‍, ബുദ്ധിവൈകല്യം സംഭവിച്ചവര്‍, രോഗശയ്യയിലായവര്‍ തുടങ്ങിയവരാണവര്‍. ഇവരെ പരിചരിക്കാനും യഥാസമയം ആഹാരവും മരുന്നും നല്കി ശുശ്രൂഷിക്കാനും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ ഗാന്ധിഭവനില്‍ സദാസന്നദ്ധരാണ്.
തുടക്കം ഈ മനുഷ്യനില്‍
തെരുവോരങ്ങളില്‍ അവശരായി കിടക്കുന്നവരെ കണ്ടെത്തി അവരെ ഗാന്ധിഭവനിലെത്തിച്ച് ഏത് സമയത്തും പരിചരിക്കാന്‍ ഇവിടെ പരിചയസമ്പന്നരായ സേവന പ്രവര്‍ത്തകരുണ്ട്. ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളുടെ ക്ഷേമത്തിന് സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെ അനുമതിയോടെ പ്രത്യേക സ്കൂളും ഇവിടെ പ്രവര്‍ത്തിക്കുന്നു. അംഗന്‍വാടി മുതല്‍ ഡിഗ്രി എന്‍ജിനിയറിങ് തലം വരെ പഠിക്കുന്ന 100ലേറെ കുട്ടികള്‍ ഗാന്ധിഭവനിലുണ്ട്. വിവിധ തരം കൈത്തൊഴിലുകള്‍, ഉത്പന്നങ്ങള്‍, തയ്യല്‍, ജൈവ പച്ചക്കറി കൃഷി, വളര്‍ത്തുമത്സ്യം, പക്ഷികള്‍, മുയല് വളര്‍ത്തല്‍ തുടങ്ങി തൊഴില്‍ പരിശീലനങ്ങളും നടത്തിവരുന്നു.
പട്ടിണി കിടന്നും മറ്റുള്ളവര്‍ക്ക് അന്നവും വസ്ത്രവും നല്‍കിയിരുന്ന പിതാവിന്റെയും തെരുവില്‍ അലഞ്ഞ യാചകരെ കുളിപ്പിച്ച് ആഹാര വസ്ത്രാദികള് നല്‍കിയിരുന്ന മാതാവിന്റെയും മാതൃക പിന്തുടര്ന്നാണ് സോമരാജന് എന്ന മനുഷ്യസ്നേഹി ജീവകാരുണ്യ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. ഒരു യാത്രയ്ക്കിടയില്‍ കൊട്ടാരക്കരക്കടുത്ത് കോക്കാട് എന്ന ഗ്രാമത്തില്‍ ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ട പാറുക്കുട്ടിയമ്മ എന്ന 85 കാരിയെ കണ്ടുമുട്ടിയതോടെയാണ് സോമരാജന്റെ ജീവിതം മാറിമറിയുന്നത്. ഇത് സോമരാജന് എന്ന സാധാരണ മനുഷ്യനെ ഏഷ്യയിലെ ഏറ്റവും വലിയ മതേതരകൂട്ടായ്മയുടെ അമരക്കാരനായ ഡോ.പുനലൂര്‍ സോമരാജനാക്കി മാറ്റി.
തകര്‍ന്നു വീഴാറായ ഒരു കുടിലില്‍ ഒറ്റയ്ക്കായിരുന്നു പാറുക്കുട്ടിയമ്മയുടെ താമസം. അവരുടെ ആര്‍ദ്രമായ നോട്ടം പന്ത്രണ്ടു വയസ്സില്‍ തനിക്കു നഷ്ടപ്പെട്ട സ്വന്തം അമ്മയുടെ മുഖം മനസ്സിലേക്കു കൊണ്ടു വന്നു. പിന്നൊന്നുമാലോചിക്കാതെ ക്ഷീണിച്ചവശയായി വിശന്നു കൂനിക്കൂടിയിരിക്കുന്ന പാറുക്കുട്ടിയമ്മയോട് ‘എന്നാടൊപ്പം പോരുന്നോ?’ എന്നു സോമരാജന് ചോദിച്ചു. ”ഞാനും വരുന്നു” എന്ന ആ അമ്മ മറുപടി പറഞ്ഞു. അങ്ങനെ പാറുക്കുട്ടി അമ്മയെവീട്ടില് കൊണ്ടുവന്ന് അമ്മയായി താമസിപ്പിച്ചു. മക്കള്‍ക്ക് അവര്‍ അമ്മൂമ്മയുമായി. പത്തനാപുരത്ത് വാടകവീടെടുത്ത് അനാഥരായവരെ സംരക്ഷിച്ചാണ് ജീവകാരുണ്യ പ്രവര്‍ത്തനം തുടങ്ങിയത്. 2002 നവംബറില്‍ ഡോ. സുകുമാര്‍ അഴീക്കോടാണ് ഗാന്ധിഭവന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
ആത്മഹത്യാ മുനമ്പില്‍ നിന്ന്
ജനപ്രതിനിധികളും പോലീസും സാംസ്കാരിക പ്രവര്‍ത്തകരും ഒക്കെ പലരേയും കൊണ്ടുവന്നാക്കി. ക്രമേണ അന്തേവാസികളുടെ അംഗസംഖ്യ നൂറായി, ഇരുനൂറായി ….. എല്ലാവര്ക്കും ദിവസവും മൂന്നു നേരത്തെ ഭക്ഷണത്തിനു വളരെ ബുദ്ധിമുട്ടായി. അരി വാങ്ങാനായി ഭാര്യ പ്രസന്നയ്ക്ക് ഉണ്ടായിരുന്ന 90 പവന്റെ ആഭരണങ്ങള്‍ പലപ്പോഴായി വില്‍ക്കേണ്ടിവന്നു. കല്യാണ വീടുകളിലും ഹോട്ടലുകളിലും മിച്ചം വരുന്ന ഭക്ഷണത്തിനായി കാത്തു നിന്നു. ആദ്യമൊക്കെ സഹായിച്ചവരും ഒപ്പം നിന്നവരും സോമരാജനെ കൈവിട്ടു. ആക്ഷേപങ്ങളുന്നയിച്ചും ഊമക്കത്തുകള്‍ അയച്ചും കള്ളപ്പരാതികള്‍ നല്‍കിയും ചിലര്‍ ഗാന്ധിഭവനെ വല്ലാതെ ബുദ്ധിമുട്ടിച്ചു. അതിലേറെ സോമരാജനെ മാനസികമായി തളര്‍ത്തി. പറ്റുകാര് കടം കൊടുക്കാതായി. പറ്റുന്നിടത്തൊക്കെ കൈ നീട്ടി. ആളുകളുടെ പരിഹാസവര്ഷങ്ങള്ക്കു മുന്പില് പിടിച്ചു നില്‍ക്കാനും കഴിഞ്ഞില്ല. ഒടുവില്‍ എല്ലാം അവസാനിപ്പിച്ച് സോമരാജനും കുടുംബവും ആത്മഹത്യ ചെയ്യുവാന്‍ തീരുമാനിച്ചു.
അന്നു രാത്രി സോമരാജനു ഉറങ്ങാന്‍ കഴിഞ്ഞില്ല. ഭാര്യ പ്രസന്ന, രണ്ടു ചെറിയ മക്കള്‍, തന്റെ തണലില്‍ കഴിയുന്ന ഇരുനൂറോളം നിസ്സഹായര്‍ ഇവരുടെ മുഖം മാറി മാറി സോമരാജന്റെ മനസ്സിലൂടെ കടന്നു പോയി. ‘ഇത്രയും നാള് തെരുവിലലഞ്ഞവരേയും അഗതികളേയും ജീവിക്കാന്‍ പ്രേരിപ്പിച്ച താനും കുടുംബവും ആത്മഹത്യ ചെയ്യുകയോ? അത് ഭീരുത്വമാണ്. ഇതുവരെയുള്ള ജീവിതം മുഴുവന്‍ വ്യര്‍ത്ഥമാവും.’ ജീവിതം പൊരുതാനുള്ളതാണ്. എങ്ങനെയും പിടിച്ചുനിന്നേ പറ്റൂ. ഈശ്വരന് ഒരു വഴി കാണിക്കാതിരിക്കില്ല.” ഈ ചിന്ത സോമരാജന്റെ മനസ്സിലുറച്ചു. സകല ദൈവങ്ങളേയും പ്രാര്‍ത്ഥിച്ചുകൊണ്ട് സോമരാജന് ആ രാത്രി കഴിച്ചു കൂട്ടി.
നേരം വെളുത്തപ്പോള്‍ ഈശ്വരന്റെ കരസ്പര്ശമെന്നു പറയുന്നതു പോലെ ഒരു ഓട്ടോറിക്ഷ ഗാന്ധിഭവനു മുന്നില്‍ വന്നു നിന്നു. വാതില്‍ തുറന്നപ്പോള്‍ രണ്ടു ചാക്ക് അരിയുമായി ഒരു ഓട്ടോ ഡ്രൈവര്‍. ഒരു പുരോഹിതന് ഏല്‍പ്പിച്ചു വിട്ടതാണ്. ഈശ്വരന് പുരോഹിതന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടതാണെന്നു സോമരാജനു തോന്നി. സുമനസ്സുകളുടെ സഹായങ്ങള്‍ കൊണ്ട് ക്രമേണ ഗാന്ധിഭവന് എല്ലാ ബാലാരിഷ്ടതകളേയും അതിജീവിച്ചു. ഇപ്പോള്‍ അംഗസംഖ്യ ആയിരത്തി ഇരുന്നൂറോളമായി.
ഇപ്പോള്‍ ഇവിടെ എല്ലാമുണ്ട്
ഗാന്ധിഭവന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ടറിഞ്ഞ് പലരും സഹായ ഹസ്തവുമായെത്തി. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. കെ. എ. നായര്‍ ഗാന്ധിഭവനില്‍ വന്നത് വലിയ അനുഗ്രഹമായി, ലുലു ഗ്രൂപ്പിന്റെ ചെയര്‍മാനായ യൂസഫലിയോട് ഒരിക്കല്‍ ടി. കെ. എ. നായര്‍ പറഞ്ഞു. ”സമയം കിട്ടുമ്പോള്‍ പത്തനാപുരത്തെ ഗാന്ധിഭവന് ഒന്നു പോയി കാണണം.” അതനുസരിച്ച് അപ്രതീക്ഷിതമായി ഒരു ദിവസം യൂസഫലി ഗാന്ധി ഭവനില്‍ വന്നു. സോമരാജനെ പരിചയപ്പെട്ടു. അവിടത്തെ കാര്യങ്ങള്‍ നേരിട്ടു ബോദ്ധ്യപ്പെട്ടു. സോമരാജന്റെ ആത്മാര്‍ത്ഥതയും സത്യസന്ധതയും തിരിച്ചറിഞ്ഞ് അദ്ദേഹം എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു. എല്ലാ മാസവും ലക്ഷക്കണക്കിനു രൂപ നല്കി ഇപ്പോഴും സഹായിക്കുന്നു. പതിനഞ്ചു കോടി രൂപ മുതല്‍ മുടക്കി ലുലു ഗ്രൂപ്പ് നേരിട്ട് നിര്‍മാണം നടത്തുന്ന ബഹുനില കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായി വരുന്നു. ഗാന്ധിഭവന്റെ അത്യാവശ്യഘട്ടങ്ങളിലൊക്കെ കൈയയച്ചു സഹായിക്കുന്ന മറ്റൊരു പ്രമുഖനാണ് എസ്എഫ്സി ഗ്രൂപ്പിന്റേയും മുരളിയ പാലിന്റേയും ചെയര്‍മാനായ കെ.മുരളീധരന്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ എണ്‍പതോളം പേരുടെ മാംഗല്യം നടന്നു. ഇതില്‍ പകുതിയിലധികവും വിവാഹങ്ങള്‍ നടത്തിയത് മുരളീധരനാണ്. മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍കലാം ഗാന്ധിഭവന് സന്ദര്‍ശിച്ചതിന്റെ പിറ്റേദിവസം ഒരു മാസത്തെ ശമ്പളം സംഭാവനയായി ഗാന്ധിഭവനു അയച്ചുകൊടുത്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ സഹായങ്ങളും ഗാന്ധിഭവനു വലിയ ആശ്വാസമാണ് നല്‍കുന്നത്.
2019 ലാണ് രാജ്യത്തെ ഏറ്റവും മികച്ച വയോജന പരിപാലന കേന്ദ്രത്തിനുള്ള ‘വയോശ്രേഷ്ഠ സമ്മാന്‍’ ദേശീയ അവാര്‍ഡ് ഗാന്ധിഭവനെ തേടിയെത്തിയത്. 2021ല്‍ ജീവകാരുണ്യ രംഗത്തെ മറ്റുസ്ഥാപനങ്ങളുടെ മേല്‍നോട്ടവും സംരക്ഷണവും ഉറപ്പാക്കുന്നതിന് സോമരാജന് നിയോഗിക്കപ്പെട്ടു.
വാടകക്കെട്ടിടത്തില്‍ തുടങ്ങി പിന്നീട് സ്വന്തം പുരയിടവും മറ്റും വിറ്റ് ഭൂമി വാങ്ങിയും മറ്റുള്ളവരുടെ സഹായ സഹകരണങ്ങളിലൂടെ അന്തേവാസികള്‍ക്ക് കിടപ്പാടം ഒരുക്കിയുമാണ് അദ്ദേഹം ഈ സ്നേഹാലയം ഇന്നു കാണുന്ന രീതിയില്‍ വികസിപ്പിച്ചത്. 1500 പേര്‍ക്ക് ഒന്നിച്ച് ഭക്ഷണമുണ്ടാക്കാനുള്ള ആധുനിക രീതിയിലുള്ള അടുക്കളയാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. മണിക്കൂറില്‍ 2000 ചപ്പാത്തി ഉണ്ടാക്കുന്ന യന്ത്രം, കറി നിര്‍മാണ യൂണിറ്റ്, ഒരേസമയം 50 കുറ്റി പുട്ട്, ഇലയട, കൊഴുക്കട്ട തുടങ്ങി ആവിയില്‍ പുഴുങ്ങാവുന്ന സജ്ജീകരണങ്ങള്‍, സദ്യയുണ്ടാക്കാനും വിളമ്പാനുമുള്ള സ്ഥിരം ആളുകള്‍ ഒക്കെ ഇവിടെയുണ്ട്. എല്ലാ ദിവസവും ഉച്ചയ്ക്ക് സര്‍വ്വമത പ്രാര്‍ത്ഥന കഴിഞ്ഞ് പായസത്തോടെയുള്ള സദ്യയുമുണ്ട്. പ്രഭാതത്തില്‍ ചുക്കുകാപ്പി മുതല്‍ അഞ്ചു നേരം ഇവിടെയുള്ള അന്തേവാസികള്‍ക്കും സന്ദര്‍ശകരായ അതിഥികള്‍ക്കും ഭക്ഷണം സുഭിക്ഷം. ഭാര്യ പ്രസന്നയും മകനും ഗാന്ധിഭവന് സ്നേഹ രാജ്യം ജീവകാരുണ്യ മാസികയുടെ ചീഫ് എഡിറ്ററുമായ പി.എസ്. അമല്‍രാജിന്റെ കുടുംബവും ഇവിടെ താമസിച്ച് സേവന പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളാകുന്നു.
അംഗീകാരങ്ങള്‍ അനേകം
കേരളത്തിലെ 14 ജില്ലകളിലും ഗാന്ധിഭവന്റെ ജീവകാരുണ്യ സ്ഥാപനങ്ങളും ശാഖകളും പ്രവര്‍ത്തിക്കുന്നു. രണ്ടു തവണ സംസ്ഥാനസര്‍ക്കാരിന്റെയും ഒരു തവണ ജില്ല അവാര്‍ഡും ഉള്‍പ്പെടെ അഞ്ഞൂറിലധികം പ്രമുഖ പുരസ്കാരങ്ങള്‍ ഗാന്ധിഭവന് നേടിയിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും അധികം പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയ സ്ഥാപനത്തിനുള്ള അവാര്‍ഡ് ഗാന്ധിഭവനു ലഭിച്ചിട്ടുണ്ട്. അത്തരമൊരു അവാര്‍ഡ് ഒരു അപൂര്‍വതയാണ്. കേരളത്തിലെ ഏറ്റവും വലിയ ഗാന്ധി പ്രതിമ സ്ഥിതി ചെയ്യുന്നതും ഗാന്ധിഭവനിലാണ്.
ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ട്രസ്റ്റിന്റെ അംഗീകാരം, 2016ല്‍ കേന്ദ്ര സര്‍ക്കാര്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ ശൃംഖലയായ സ്റ്റെഡ് കൗണ്‍സിലിന്റെ ഔദ്യോഗിക അംഗീകാരം, ഏഷ്യയിലെ ഏറ്റവും വലിയ മതേതര കൂട്ടുകുടുംബമെന്ന നിലയില്‍ ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡ്സിന്റെ അംഗീകാരം എന്നിവ ലഭിച്ചു. ഇതേ വര്‍ഷം തന്നെ ഇന്ത്യയില്‍ ഐഎസ്ഒ 9001-2015 നേടുന്ന ആദ്യ ജീവകാരുണ്യ കുടുംബമെന്ന ബഹുമതിയും ഗാന്ധിഭവന് സ്വന്തമാക്കി. 2019ല്‍ ഗാന്ധിഭവന് ഡി-അഡിക്ഷന് സെന്ററിനും സ്പെഷ്യല്‍ സ്കൂളിനും 2020ല്‍ പത്തനാപുരം ഗാന്ധിഭവന് മെഡിക്കല്‍സിനും ഐ എസ് ഒ അംഗീകാരം ലഭിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ പ്രോഗ്രാം സെന്ററായ ഇവിടെ വിനോദവും വിജ്ഞാനവും പരത്തുന്ന വിവിധ കലാപരിപാടികള്‍ അശരണര്‍ക്ക് മാനസികോല്ലാസം നല്കുന്നു.
കേന്ദ്രസര്‍ക്കാര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിന്റെ അക്രഡിറ്റേഷന് സെന്ററായ ഗാന്ധിഭവന് സ്റ്റഡിസെന്ററില്‍ വൃദ്ധപരിചരണ നഴ്സിങ് കോഴ്സ്, ഹോമിയോപ്പതിക് ഡിസ്പെന്‍സറി, യോഗ എന്നീ കോഴ്സുകള്‍ നടത്തുന്നു. പഞ്ചായത്ത്, കുടുംബശ്രീ, ജാഗ്രതാ സമിതികള്‍, സന്നദ്ധസംഘടനകള്‍ എന്നിവയുമായി ചേര്‍ന്ന് കുടുംബ കൂട്ടായ്മ, ബോധവല്‍ക്കരണ ക്ലാസുകള്‍, സെമിനാറുകള്‍ അദാലത്തുകള്‍ എന്നിവ നടത്താറുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഹരിക്കെതിരെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ബോധവത്കരണ ക്ലാസുകള്‍ നടത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെയും സാമൂഹികക്ഷേമവകുപ്പിന്റെയും പദ്ധതിയില്‍ ഗാന്ധിഭവന് പങ്കാളിയാണ്. സ്ത്രീകള്‍ക്കെതിരെയുള്ള ഗാര്‍ഹികപീഡനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ദാതാവും കേരള വനിത കമ്മീഷന്റെ എ ഗ്രേഡ് പ്രൊവൈഡിങ് സെന്ററുമാണ് ഗാന്ധിഭവന്.
പാവപ്പെട്ടവര്‍ക്ക് നിയമസഹായം നല്‍കുന്നതിന് ‘കെല്‍സ’ നീതിഭവനും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഹൈക്കോടതിയുടെ പ്രത്യേകാനുമതി പ്രകാരം ഗാന്ധിഭവനില്‍ പ്രവര്‍ത്തിക്കുന്ന ഈ ലീഗല്‍ സര്‍വ്വീസ് സൊസൈറ്റി വളരെ ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കുടുംബപരമായ പ്രശ്നങ്ങള്‍ക്ക് കോടതികളില്‍ പോകാതെ, വക്കീലന്മാര്ക്ക് ഫീസ് കൊടുക്കാതെ, കോടതി നടപടികളുടെ കാലതാമസമില്ലാതെ ഗാന്ധിഭവനില്‍ പരിഹാരമുണ്ടാക്കികൊടുക്കുന്നു. ഇവിടെ നിയമ വിദഗ്ദ്ധരുടെ സേവനം സൗജന്യമായി കക്ഷികള്‍ക്ക് നല്‍കുകയും ചെയ്യുന്നു. കേസുകളില്‍ ഇവിടത്തെ തീര്‍പ്പ് അന്തിമമാണെന്നുകൂടി അറിയുമ്പോഴാണ് ഗാന്ധിഭവന് ചെയ്യുന്ന നിശ്ശബ്ദ സേവനത്തിന്റെ വ്യാപ്തി നമുക്കു മനസ്സിലാവുന്നത്.
മറ്റുള്ളവരുടെ ദുഃഖങ്ങളറിഞ്ഞ്
നാലര ഏക്കറില്‍ ഒരു ലക്ഷത്തിലധികം സ്ക്വയര്‍ ഫീറ്റില്‍ പാര്‍പ്പിട സമുച്ചയമുള്ള ഗാന്ധിഗ്രാമത്തില്‍ പഞ്ചായത്തു ഭരണമാണ്. 9 വാര്‍ഡുകളുള്ള പഞ്ചായത്തിലെ അന്തേവാസികളില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചവരില്‍ നിന്നു പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുക്കും.
2007ല്‍ ഗാന്ധിഭവനില്‍ നിന്ന് ആരംഭിച്ച മലയാളത്തിലെ ആദ്യത്തെ ജീവകാരുണ്യമാസിക-‘സ്നേഹരാജ്യം’മുപ്പത്തയ്യായിരം കോപ്പികള്‍ വരെയുള്ള ജനപ്രിയ പ്രസിദ്ധീകരണമായി മാറിക്കഴിഞ്ഞു. വിവാഹം, ജന്മദിനം, ചരമവാര്‍ഷികം തുടങ്ങിയ വിശേഷ അവസരങ്ങളില്‍ ഇവിടേക്കു കടന്നു വന്ന് സഹായങ്ങള്‍ നല്‍കിയിരുന്ന സുമനസ്സുകളാണ് ഈ പ്രസ്ഥാനത്തിന് താങ്ങായിരുന്നത്. കൊവിഡ് കാലമായതോടെ സന്ദര്‍ശകരെ നിരോധിച്ചു. വിവിധതലങ്ങളിലുള്ള വ്യക്തികളും പ്രസ്ഥാനങ്ങളും നല്കുന്ന പണവും ഭക്ഷ്യവസ്തുക്കളും മരുന്നുകളുമാണ് പട്ടിണിയില്ലാതെ നിത്യവുമുള്ള കാര്യങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകുന്നതിനു സഹായിക്കുന്നത്. ഇതിനിടെ ഗാന്ധിഭവന് കുടുംബത്തെയും കൊവിഡ് ബാധിച്ചിരുന്നു. ആയിരത്തി ഇരുനൂറോളം പേര്‍ക്ക് ഒരു ദിവസം ഭക്ഷണത്തിനു മാത്രം എഴുപത്തി അയ്യായിരത്തോളം രൂപയാണ് ഏകദേശം ചെലവുവരുന്നത്. രാജ്യത്തിനകത്തും വിദേശത്തുമുള്ള സുമനസ്സുകളുടെ സഹായത്തിലാണ് ഗാന്ധിഭവന് മുന്നോട്ടു പോകുന്നത്.
പ്രശസ്ത സിനിമാ താരം ടി.പിമാധവനെപ്പോലെജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ടുപോയ പല പ്രമുഖരും ഇവിടെ സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയുന്നു. ഒരു അഗതിമന്ദിരത്തിനപ്പുറം ഉത്സവ പ്രതീതിയുള്ള ഒരു അതിഥിമന്ദിരമായും പ്രാര്‍ത്ഥനാലയമായും ഗാന്ധിഭവന് മാറുന്നു. മറ്റുള്ളവരുടെ ദുഃഖങ്ങളില്‍ പങ്കുചേരുമ്പോള്‍ സ്വന്തം ദുഃഖങ്ങള്‍ ഇല്ലാതാവുകയാണിവിടെ.
മഹാത്മാഗാന്ധി പറഞ്ഞതുപോലെ കാരുണ്യം തേടുന്നവര്‍ക്കായി നിര്‍മലമായ സ്നേഹം നല്‍കുകയാണ് ഡോ. പുനലൂര്‍ സോമരാജനും കുടുംബവും ഇവിടുത്തെ മറ്റു സേവനസന്നദ്ധ പ്രവര്‍ത്തകരും. നന്മ വറ്റാത്ത ഒരു കൂട്ടം മനുഷ്യസ്നേഹികളുടെ അര്‍പ്പണമനോഭാവത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അശരണര്‍ക്ക് അന്നവും അഭയവും പാര്‍പ്പിടവും വസ്ത്രവും സ്നേഹവും നല്കുന്ന ഏറ്റവും വലിയ കാരുണ്യത്തണലായി മാറുകയാണ് ഗാന്ധിഭവന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: