കുന്നത്തൂര്‍: താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്ന പദ്ധതി പാതിവഴിയില്‍ നിലച്ചു. കെല്‍ട്രോണിന്റെ സഹകരണത്തോടെ താലൂക്കിലെ ഏഴു പഞ്ചായത്തുകളിലെ 35 കേന്ദ്രങ്ങളിലാണ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനുള്ള പദ്ധതിക്ക് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് തുടക്കമിട്ടത്.
പൊതുനിരത്തുകളില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്താനും റോഡുകളില്‍ സുരക്ഷിതത്വം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയില്‍ ഒരു വര്‍ഷം മുമ്പ് 14 ലക്ഷം രൂപ വകയിരുത്തിയെങ്കിലും കാമറകള്‍ സ്ഥാപിച്ചത് മൈനാഗപ്പള്ളിയില്‍ മാത്രമാണ്. ഇവിടെ കാരൂര്‍ക്കടവ് പാലം, കടപ്പാ സ്കൂള്‍, വേങ്ങ ആറാട്ടുചിറ, ചെളിത്തോട് പാലം എന്നിവിടങ്ങളിലാണ് കാമറ സ്ഥാപിച്ചത്. കുന്നത്തൂര്‍, ശാസ്താംകോട്ട, മൈനാഗപ്പള്ളി, പടിഞ്ഞാറെ കല്ലട, ശൂരനാട് തെക്ക്, പോരുവഴി, ശൂരനാട് വടക്ക് പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളില്‍ 2 വീതം കാമറകള്‍ ഘടിപ്പിക്കാനായി പോസ്റ്റുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ പല കാമറകളും പ്രവര്‍ത്തന രഹിതമാണ്.
മാല പൊട്ടിക്കല്‍, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം, അറവുമാലിന്യം ഉള്‍പ്പെടെ വാഹനങ്ങളില്‍ എത്തിച്ചു തള്ളുന്നത് തടയുക എന്നിവ ലക്ഷ്യമിട്ടാണ് കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി പദ്ധതി ആവിഷ്ക്കരിച്ചത്. മാലിന്യം തള്ളുന്നത് പതിവായ കടപുഴ, കുന്നത്തൂര്‍ ഉള്‍പ്പെടെയുള്ള പണ്ടാലങ്ങളിലും റെയില്‍വേ സ്റ്റേഷന് റോഡിലും പോസ്റ്റുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ പോസ്റ്റുകളില്‍ കാമറ ഘടിപ്പിച്ച് പ്രവര്‍ത്തനക്ഷമമാക്കാന്‍ ശ്രമം ഉണ്ടായില്ല. താലൂക്കിലെ ഏറ്റവും തിരക്കേറിയ ഭരണിക്കാവ് ടൗണില്‍ നാല് വര്‍ഷം മുമ്പ് പോലീസ് മുന്‍കൈയ്യെടുത്ത് കാമറകള്‍ സ്ഥാപണ്ടിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പോലീസ് സ്റ്റേഷനില്‍ ലഭ്യമാക്കുന്നുമുണ്ട്. ഗതാഗത ലംഘനങ്ങള്‍ കണ്ടുപിടിക്കാനും കുറ്റകൃത്യങ്ങളില്‍ പെട്ടവരെ കണ്ടെത്താനും ഈ കാമറകള്‍ ശാസ്താംകോട്ട പോലീസിന് സഹായകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: