തിരുവനന്തപുരം: കെട്ടിട നികുതി തട്ടിപ്പ് സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കൗണ്‍സില്‍പാര്‍ട്ടി പോലീസില്‍ പരാതി നല്‍കിയതായി കൗണ്‍സില്‍പാര്‍ട്ടി ലീഡര്‍ എം.ആര്.ഗോപന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെട്ടിടനികുതി തട്ടിപ്പില്‍ ആരുടെയൊക്കെപണം നഷ്ടമായിട്ടുണ്ടെന്ന് നികുതിദായകര്‍ക്ക് നേരിട്ട് പരിശോധിക്കുന്നതിനായി ഹെല്പ് ഡസ്ക് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ ബഹളമുണ്ടാക്കി കൗണ്‍സില്‍ അട്ടിമറിക്കുകയായിരുന്നു. നികുതിപ്പണം പൊതുമുതലാണ്. അത് കട്ടെടുത്തവരെ സസ്പെന്റ് ചെയ്യുകയും പണം തിരിച്ചുകിട്ടിയാല്‍ ഒതുക്കിത്തീര്‍ക്കുകയും ചെയ്യുന്നത് ശരിയല്ല.
25 ലക്ഷം രൂപ തട്ടിയെടുത്ത നേമം സോണല്‍ ഓഫീസ് സൂപ്രണ്ട് ശാന്തി ഇടതുപക്ഷ യൂണിയന്റെ സംസ്ഥാന നേതാവും മറ്റുപ്രതികള്‍ യൂണിയന് അംഗങ്ങളുമായതിനാലാണ് നഗരസഭ തട്ടിപ്പിനു കൂട്ടുനില്‍ക്കുന്നത്. പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ ഇട്ട് കേസെടുത്ത് അന്വേഷിക്കണം. ലക്ഷക്കണക്കിന് രൂപ തട്ടിപ്പുനടത്തിയ നേമത്തും ഉള്ളൂരുമുള്ള സോണല്‍ ഓഫീസിലെ ഉത്തരവാദികള്‍ക്കെതിരെ ഇതുവരെ കേസ് കൊടുക്കാന്‍ നഗരസഭ തയ്യാറായിട്ടില്ല. ആറ്റിപ്രയിലെ ഒരു എച്ച്എസ്ഒയ്ക്കുമാത്രമാണ് പരാതി നല്‍കിയിട്ടുള്ളത്. അദ്ദേഹത്തിന് നേമത്തെയും ഉള്ളൂരിലെയും കേസുകള്‍ അന്വേഷിക്കുന്നതിന് അധികാരമില്ല. അതിനാല്‍ സിറ്റിപോലീസ് കമ്മിഷണര്‍ക്ക് പരാതി നല്കാന് നഗരസഭ തയ്യാറാകണം.
നികുതി കുടിശികയുള്ള ആള്‍ക്കാരുടെ ലിസ്റ്റ് വാര്‍ഡടിസ്ഥാനത്തില്‍ നഗരസഭ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണം. സാധാരണക്കാരെ ബാധിക്കുന്ന ഈ വിഷയത്തില്‍ നഗരസഭ ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് ബിജെപി നഗരസഭ കൗണ്‍സില്‍ അംഗങ്ങള്‍ അറിയിച്ചു. കൗണ്‍സില്‍ ഹാളില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബിജെപി കൗണ്‍സില്‍പാര്‍ട്ടി ലീഡര്‍ എം.ആര്.ഗോപകുമാര്‍, ദേശീയ കൗണ്‍സില്‍ അംഗമായ പാല്‍കുളങ്ങര വാര്‍ഡ് കൗണ്‍സിലര്‍ പി.അശോക് കുമാര്‍, കൗണ്‍സിലര്‍മാരായ കരമന അജിത്, ചെമ്പഴന്തി ഉദയന്‍, തിരുമല അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: