Categories: Kerala

ഇന്ന് ലോക വയോജനദിനം; പച്ചക്കറിവണ്ടിയല്ല, ഇത് രാമസുന്ദരാംബാളുടെ ജീവിതം, ആധാറും റേഷന്‍കാര്‍ഡും ഇല്ലാത്ത ഈ അമ്മയ്‌ക്ക് വാര്‍ധക്യകാല പെന്‍ഷനുമില്ല

അമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് തെങ്കാശിയില്‍ നിന്നാണ് രാമസുന്ദരാംബാള്‍ കൊല്ലത്ത് എത്തുന്നത്. ഭര്‍ത്താവ് നേരത്തെ മരിച്ചു. മക്കളെ വളര്‍ത്തിയത് വളരെ ബുദ്ധിമുട്ടി. ഇപ്പോള്‍ ഇളയമകളോടൊപ്പം ചിന്നക്കട വൈഎംസിഎയുടെ പുറകില്‍ ഡിപ്പോ പുരയിടം കോളനിയില്‍ വാടക കെട്ടിടത്തിലാണ് താമസം.

കൊല്ലം: ജീവിത സായന്തനത്തിലും കഷ്ടപ്പെടുകയാണ് രാമസുന്ദരാംബാള്‍. പച്ചക്കറി ശേഖരവുമായി വെയിലത്തും മഴയത്തും ഒരുപോലെ ഉന്തുവണ്ടി തള്ളി ജീവിക്കുന്ന സുന്ദരാംബാള്‍ എന്ന 84കാരി.  

‘കഴിയുന്നത്ര ജോലി ചെയ്ത് ജീവിക്കണം. മരുന്നിനുള്ള പണമെങ്കിലും സ്വന്തമായി കണ്ടെത്തണം. കാഴ്ചക്കുറവുണ്ടെങ്കിലും ഉന്തുവണ്ടിയുമായി പച്ചക്കറിക്കച്ചവടത്തിന് ഇറങ്ങുന്നത് അതിനാലാണ്. ജോലി ചെയ്തു ജീവിക്കാനുള്ള ആരോഗ്യം കിട്ടിയാല്‍ മതി. പച്ചക്കറി നിറച്ച വണ്ടി ഉന്താനുള്ള ആരോഗ്യമില്ലെങ്കിലും എല്ലാദിവസവും മുറപോലെ ചെയ്യുന്നതുകൊണ്ട് അത് മുന്നോട്ടുപോകുന്നു. എത്രകാലം ഇങ്ങനെ ജീവിക്കാനാവുമെന്ന് അറിയില്ല. ആരോഗ്യമുള്ള കാലത്തോളം ഇങ്ങനെ മുന്നോട്ടുപോകും’ രാമസുന്ദരാംബാളുടെ വാക്കുകളാണിത്.  

അമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് തെങ്കാശിയില്‍ നിന്നാണ് രാമസുന്ദരാംബാള്‍ കൊല്ലത്ത് എത്തുന്നത്. ഭര്‍ത്താവ് നേരത്തെ മരിച്ചു. മക്കളെ വളര്‍ത്തിയത് വളരെ ബുദ്ധിമുട്ടി. ഇപ്പോള്‍ ഇളയമകളോടൊപ്പം ചിന്നക്കട വൈഎംസിഎയുടെ പുറകില്‍ ഡിപ്പോ പുരയിടം കോളനിയില്‍ വാടക കെട്ടിടത്തിലാണ് താമസം. നാലുമക്കളാണ് സുന്ദരാംബാളിന്. രണ്ട് ആണ്‍മക്കളും ഒരു മകളും തമിഴ്‌നാട്ടിലാണ്. ഇളയമകള്‍ മാരിയമ്മാളിനൊപ്പമാണ് താമസം. മക്കളെല്ലാം വലിയ കഷ്ടത്തിലാണ്. ഇളയ മകളാണ് അമ്മയെ നോക്കുന്നതും ഭക്ഷണം നല്‍കുന്നതും.  

കൊവിഡ് കാലത്ത് ഏറെ ബുദ്ധിമുട്ടി. സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ഒന്നും കിട്ടുന്നില്ല. റേഷന്‍കട വഴിയുള്ള സൗജന്യകിറ്റും സുന്ദരാംബാളിന് അന്യമാണ്. അതുവാങ്ങാന്‍ റേഷന്‍കാര്‍ഡ് വേണം. റേഷന്‍കാര്‍ഡിന് ആധാറും വേണം. ആധാറും റേഷന്‍കാര്‍ഡും ഇല്ലാത്ത ഈ അമ്മയ്‌ക്ക് വാര്‍ധക്യകാല പെന്‍ഷനും കിട്ടുന്നില്ല. എല്ലാവര്‍ക്കും പെന്‍ഷന്‍ വിതരണം ചെയ്തുവെന്ന് സര്‍ക്കാരുകള്‍ മേനി നടിക്കുമ്പോഴാണ് ഇങ്ങനെയൊരമ്മ നാട്ടില്‍ അര്‍ധപട്ടിണിയില്‍ കഴിയുന്നത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക