പേരാവൂര്‍(കണ്ണൂര്‍): കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടന്നതായാരോപിച്ച് സിപിഎം നിയന്ത്രണത്തിലുള്ള പേരാവൂരിലെ സഹകരണ ഹൗസ് ബില്‍ഡിങ് സൊസൈറ്റിക്ക് മുന്നില്‍ ഇടപാടുകാരുടെ പ്രതിഷേധം. 2017 ല്‍ തുടങ്ങിയ ചിട്ടിയുടെ പണം തിരികെ നല്‍കാതെ തട്ടിപ്പുനടത്തി എന്നാരോപിച്ച് നൂറിലേറെ ഇടപാടുകാര്‍ സൊസൈറ്റിയിലെത്തി പ്രതിഷേധിച്ചു. ഇത് ഏറെ നേരം ബഹളത്തിനിടയാക്കി.
നിക്ഷേപകര്‍ ഒരുമിച്ചെത്തിയതുകൊണ്ടാണ് പെട്ടെന്ന് പണം നല്കാന് കഴിയാഞ്ഞതെന്നാണ് സൊസൈറ്റി ഭരണസമിതിയുടെ വിശദീകരണം. പണം നല്കാന് ആറുമാസം സമയം വേണമെന്നാണ് ഭരണസമിതി പറയുന്നത്. മൂന്ന് കോടിയിലേറെ തുക തട്ടിച്ചതായാണ് നിക്ഷേപകര്‍ ആരോപിക്കുന്നത്. 2017 ല്‍ മാസം രണ്ടായിരം രൂപ തവണ വ്യവസ്ഥയില്‍ ഒരു ലക്ഷം രൂപയുടെ ചിട്ടിയാണ് തുടങ്ങിയത്.
ചിട്ടിയില്‍ അറുനൂറിലേറെ പേര് ചേരുകയും ചെയ്തു. ചിട്ടി അടിച്ച തുക പലരും ഇവിടെ തന്നെ നിക്ഷേപിക്കുകയും ചെയ്തു. ഇങ്ങിനെ നിക്ഷേപിക്കുന്നവര്‍ ബാക്കി തുക അടക്കേണ്ടെന്നും കാലാവധി കഴിയുമ്പോള്‍ മുഴുവന്‍ തുകയും ഇവര്‍ക്ക് തിരിച്ചു നല്‍കുമെന്നുമായിരുന്നു സൊസൈറ്റി വാഗ്ദാനം ചെയ്തിരുന്നത്. ഇത് വിശ്വസിച്ചാണ് ഏറെപ്പേരും തുക ഇവിടെത്തന്നെ നിക്ഷേപിച്ചത്. എന്നാല്‍ ഓഗസ്റ്റ് 15 ന് കാലാവധി കഴിഞ്ഞതോടെ സൊസൈറ്റിയെ സമീപിച്ച നിക്ഷേപകര്‍ക്ക് പണമില്ലെന്ന മറുപടിയാണ് ലഭിച്ചത്.
നിക്ഷേപകര്‍ ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുകയും പോലീസിന്റെ സാനിധ്യത്തില്‍ ചര്‍ച്ച നടക്കുകയും ചെയ്തു. സെപ്തംബര്‍ 30 നു പണം നല്‍കാമെന്നായിരുന്നു ചര്‍ച്ചയില്‍ സൊസൈറ്റി അധികൃതര്‍ പറഞ്ഞിരുന്നത്. വ്യവസ്ഥ പ്രകാരം വ്യാഴാഴ്ച സൊസൈറ്റിയില്‍ എത്തിയ ഇടപാടുകാരോട് ആറുമാസം കൂടി സാവകാശം വേണമെന്ന് സൊസൈറ്റി ഭരണസമിതി അറിയിച്ചതോടെ നിക്ഷേപകര്‍ സൊസൈറ്റിക്ക് മുന്നില്‍ ബഹളം വെക്കുകയായിരുന്നു. പണം തിരിച്ചു തരുന്നതുവരെ സൊസൈറ്റിക്ക് മുന്നില്‍ കുത്തിയിരിക്കുമെന്ന് പറഞ്ഞ് ഇടപാടുകാരില്‍ ചിലര്‍ കുത്തിയിരിപ്പും തുടങ്ങി. ഒടുവില്‍ പോലീസും സൊസൈറ്റി അധികൃതരുമായി നടന്ന ചര്‍ച്ചയില്‍ വെള്ളിയാഴ്ച ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി പരിഹാരമുണ്ടാക്കാന്‍ എന്ന വ്യവസ്ഥയിലാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയത്.
പേരാവൂര്‍ കോ.ഓപ്പ.ഹൗസ് ബില്‍ഡിങ് സൊസൈറ്റിയില്‍ ചിട്ടി ഇടപാടില്‍ മൂന്നരക്കോടിയിലേറെ വെട്ടിപ്പ് നടന്നതായി ഇടപാടുകാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. വെട്ടിപ്പ് നടത്തിയ പണം ഉപയോഗിച്ച് സൊസൈറ്റി സെക്രട്ടറി സ്വന്തമായ ഭൂമിയും കെട്ടിടവും വാങ്ങിയതായും ചിട്ടിക്ക് ചേര്‍ന്ന പാവപ്പെട്ട 350 ലേറെ പേരെ വഞ്ചിച്ചതായും ഇവര്‍ പറഞ്ഞു.
രണ്ടായിരം രൂപ വീതം മാസം അടച്ച് 50 മാസങ്ങള്‍ കൊണ്ട് തീരുന്ന ചിട്ടിയില്‍ നറുക്ക് വീണാല്‍ പിന്നെ പണം അടക്കേണ്ട. അതിനാല്‍ തന്നെ തൊഴിലാളികളും ചെറുകിട വ്യാപാരികളുമാണ് ഏറെയും കുറിയില്‍ ചേര്‍ന്നത്. തൊഴിലുറപ്പ് തൊഴിലാളികളടക്കം നിര്‍ധനരായ നിരവധിപേരും സൊസൈറ്റിയുടെ തട്ടിപ്പിനിരയായി. മുന്നൂറിലേറെപ്പേര്‍ക്ക് ഒരു ലക്ഷം രൂപവീതം മൂന്നരക്കോടിയോളം രൂപയാണ് നഷ്ടമായിരിക്കുന്നത്. ഇത്രയും വലിയ തട്ടിപ്പ് നടന്നിട്ടും സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റി ഭരണസമിതി പ്രശ്നത്തില്‍ ഇടപെടുന്നില്ല എന്നത് വലിയ ദുരൂഹതയാണ് സൃഷ്ടിക്കുന്നത്. ഒരു ലക്ഷത്തിന്റെ നറുക്ക് ചിട്ടിക്ക് പുറമേ സൊസൈറ്റി നടത്തുന്ന മറ്റു ചിട്ടികളിലും ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ഇവിടുത്തെ ഇടപാടുകാരായ സിബി മേച്ചേരി, ജോണ്‍ പാലിയത്തില്‍, രാജേഷ് മണ്ണാര് കുന്നേല്‍, ടി.ബി. വിനോദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: