കോഴിക്കോട്: ശബരിമല വിമാനത്താവളത്തിനെന്ന പേരില്‍ കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് അടക്കമുള്ള സംസ്ഥാന സര്‍ക്കാരിന്റെ അഞ്ചര ലക്ഷം ഏക്കര്‍ ഭൂമി വ്യാജരേഖയുണ്ടാക്കി കൈവശപ്പെടുത്തിയ നടപടിയില്‍ സിബിഐ-ഇ ഡി അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും ഡിഒ ലെറ്റര്‍.
സിബിഐ അന്വേഷണത്തിന് പുറമേ, വ്യാജരേഖ ചമയ്ക്കാനും ഭൂമി കൈയേറാനും കൈവശം വയ്ക്കാനും കൂട്ടുനിന്ന മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരേ നടപടിയും ആവശ്യപ്പെടുന്ന കത്തില്‍, ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളുടെ റിപ്പോര്‍ട്ട് ആവശ്യപ്പെടാനും അഭ്യര്‍ഥിക്കുന്നു.
മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഡിഒ ലെറ്റര്‍ അയച്ചത്. ഡിഒ ലെറ്റര്‍ എന്ന ഡെമി ഒഫീഷ്യല്‍ ലെറ്റര്‍, സര്‍ക്കാര്‍ പദവിയിലുള്ളവര്‍ തമ്മില്‍, ഒരു വിഷയത്തില്‍ വ്യക്തിപരമായ ശ്രദ്ധയും നടപടിയും ആവശ്യപ്പെടുന്നതാണ്. മുന്‍ ഗവര്‍ണര്‍ എഴുതുന്ന കത്തിന് അതുകൊണ്ടുതന്നെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രത്യേക പരിഗണന നല്‍കും. കത്ത് പരാതികള്‍ക്കും നിവേദനങ്ങള്‍ക്കും മേലേയാണ്. ഔദ്യോഗിക നൂലാമാലകളും കാലതാമസവുമില്ലാതെ നേരിട്ടെത്തും. അതുകൊണ്ടുതന്നെ നടപടിയും അതിവേഗമാകും.
പ്രമാണം തിരുത്തിയതും വ്യാജരേഖയുണ്ടാക്കിയതും ഭരണഘടനയെ വഞ്ചിക്കല്‍ കൂടിയാണ്. അതുകൊണ്ടുതന്നെ രാജ്യദ്രോഹക്കേസുമാകാമെന്ന് നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. രേഖ തിരുത്തല്‍, വിജിലന്‍സ് റിപ്പോര്‍ട്ട്, വിജിലന്‍സ് കോടതി നടപടി, വിജിലന്‍സ് കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തുടങ്ങിയവ വിവരിക്കുന്ന ഡിഒ ലെറ്ററില്‍ (ഡിഒ ലെറ്റര്‍ നമ്പര്‍ കെ.ആര്. (119) സിഒആര്‍-21), പ്രധാനമായും അഞ്ചു കാര്യങ്ങളാണ് മുന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.# ദേശീയ സ്വത്തായ അഞ്ചര ലക്ഷം ഏക്കര്‍ വിലപ്പെട്ട ഭൂസ്വത്ത് സംരക്ഷിക്കാന്‍ സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പോലുള്ള കേന്ദ്ര ഏജന്‍സികളെക്കൊണ്ട് ഈ വിഷയത്തില്‍ അന്വേഷണം നടത്തിക്കുക.
# ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന് ലിമിറ്റഡിനെതിരേയും ചെറുവള്ളി എസ്റ്റേറ്റിനെതിരേയും സിവിലായും ക്രിമിനലായുമുള്ള എല്ലാ നടപടികളുടെയും റിപ്പോര്‍ട്ടുകള്‍ കേരള സര്‍ക്കാരില്‍നിന്ന് വിളിച്ചുവരുത്തുക.
# തട്ടിപ്പുകാരായ കമ്പനികള്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയ വിഷയത്തില്‍ ആ കമ്പനികളെ സഹായിക്കാന്‍ അതത് സമയങ്ങളില്‍ വഴിവിട്ട് സഹായിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്ക്കെതിരേ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളുടെ റിപ്പോര്‍ട്ട് തേടുക.
# സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിച്ച് തട്ടിപ്പുകാരായ കമ്പനികള്‍, രാജ്യത്തിന്റെ പരമാധികാരം വെല്ലുവിളിച്ചതിന്റെ വിവരങ്ങള്‍ തേടുക.
# ഈ കമ്പനികള്‍ക്ക് എതിരേ ഓരോരോ ഘട്ടങ്ങളില്‍ സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ വരുത്തുക.
രാജ്യദ്രോഹമായ വ്യാജരേഖ
ഭരണഘടനയെപ്പോലും വെല്ലുവിളിക്കുന്ന രാജ്യദ്രോഹകരമായ ആ വ്യാജരേഖ ഇങ്ങനെ:
കൊല്ലം സബ് രജിസ്ട്രാര്‍ ഓഫീസിലാണ് 1923ലെ ബ്രിട്ടീഷ് ഈസ്റ്റിന്ത്യ കമ്പനിയുമായുള്ള കരാര്‍ ഉടമ്പടി ഉണ്ടായിരുന്നത്. ബുക്ക് നമ്പര്‍ ഒന്നില്‍ പത്താം വാല്യത്തില്‍ 102 മുതല്‍ 142 വരെയുള്ള പേജുകളിലാണ് ഉടമ്പടിയില്‍ ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന് കമ്പനിക്ക് ഉടമസ്ഥാവകാശമുള്ളതായി പറയുന്നത്. ഈ പേജുകളില്‍ കൃത്രിമമായ സ്റ്റാമ്പ് പേപ്പര്‍, മഷി, സീല്‍ തുടങ്ങിയവ ഉപയോഗിച്ചതായി ഫോറന്‍സിക് ലാബില്‍ കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: