ന്യൂദല്‍ഹി : ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പാക് സൈന്യം പരിശീലനം നല്‍കിയിരുന്നെന്ന് പിടിയിലായ ലഷ്കര്‍ ഭീകരന്. കഴിഞ്ഞ ദിവസം ഉറിയില്‍ നിന്നും സുരക്ഷാ സൈന്യത്തിന്റെ പിടിയിലായ അലി ബാബര്‍ പാത്രയെന്ന 19 കാരനായ ഭീകരന്റേതാണ് ഈ വെളിപ്പെടുത്തല്‍. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
ഭീകരസംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് പണവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ലഷ്കര്‍ ഇ തോയ്ബയില്‍ ചേരുന്നതിനായി അമ്പതിനായിരത്തോളം രൂപയാണ് തനിക്ക് വാഗ്ദാനം ചെയ്തത്. ഇതില്‍ 20,000 രൂപ അമ്മയുടെ ചികിത്സയ്ക്കായി നല്‍കിയിരുന്നെന്നും ഇയാള്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.
പാക്കിസ്ഥാനിലെ പഞ്ചാബ് സ്വദേശിയായ പാത്ര പരിശീലനങ്ങള്‍ക്ക് ശേഷം അഞ്ച് പേര്‍ക്കൊപ്പമാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമം നടത്തിയത്. നുഴഞ്ഞുയറാനുള്ള അവസരത്തിനായി പത്ത് ദിവസത്തോളമാണ് ഉറിയില്‍ തങ്ങിയത്.
എന്നാല്‍ ഇന്ത്യന്‍ സൈന്യം പ്രദേശം വളഞ്ഞതോടെ നാല് പേര് പിന്തിരിഞ്ഞോടി. ഒപ്പമുണ്ടായിരുന്ന അനസ് എന്ന ഭീകരനെ സൈന്യം വധിച്ചതോടെ പാത്ര സ്വയം കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസത്തിനിടെ മൂന്ന് നുഴഞ്ഞ കയറ്റ ശ്രമങ്ങളാണ് സൈന്യം പരാജയപ്പെടുത്തിയത്. ഏഴ് ദിവസത്തിനിടെ ഏഴ് ഭീകരരെയും സൈന്യം വധിച്ചു.
പിതാവ് മരിച്ചതോടെയാണ് പാത്ര ലഷ്കറില് ചേരുകയും അതിന് കീഴില്‍ പരിശീലനം നടത്താനും തുടങ്ങിയത്. പാക് സൈന്യത്തിന്റെ പരിശീലനം ലഭിച്ചിട്ടുണ്ട്. പാക്കിസ്ഥാനിലുള്ള അമ്മയുടെ ഫോണ്‍ നമ്പറും മറ്റ് വിവരങ്ങളും ഇന്ത്യന്‍ സൈന്യത്തിന് കൈമാറിയിട്ടുണ്ടെന്നും പാത്ര കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: