ന്യൂദല്‍ഹി : ഇന്ത്യയിലേക്കുള്ള വാണിജ്യ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ അഭ്യര്‍ത്ഥനയുമായി താലിബാന്. സാമ്പത്തികവും വാണിജ്യപരവുമായി തകര്‍ന്നിരിക്കുന്ന അഫ്ഗാനിലെ കാബൂളില്‍ നിന്നുള്ള വിമാനങ്ങള്‍ ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ഇറങ്ങാനായി സൗകര്യം ഒരുക്കണമെന്നാണ് താലിബാന് ആവശ്യപ്പെട്ടിരിക്കുന്നത്.
താലിബാന് വേണ്ടി അഫ്ഗാന് സിവില്‍ ഏവിയേഷന്‍ അതോറിട്ടിയാണ് ഇന്ത്യയുടെ ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കത്തെഴുതിയത്. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന് എന്ന ലെറ്റര്‍ഹെഡിലാണ് താലിബാന് കത്തെഴുതിയിരിക്കുന്നത്. ആഗസ്റ്റില്‍ താലിബാന് അഫ്ഗാനിസ്താനില്‍ അധികാരം പിടിച്ചെടുത്തതിന് ശേഷം ഇന്ത്യന്‍ ഭരണകൂടവുമായി നടത്തുന്ന ആദ്യത്തെ ഔദ്യോഗിക ആശയവിനിമയമാണ് ഇത്.
അമേരിക്ക തങ്ങളുടെ കാബൂള്‍ വിമാനത്താവളം നശിപ്പിച്ചു. വിമാനങ്ങളും റണ്‍വേകളും പ്രവര്‍ത്തനക്ഷമമല്ലാതാക്കി. ഖത്തറാണ് വിമാനത്താവളം വീണ്ടും പ്രവര്‍ത്തനക്ഷമമാക്കിയത്. ഇനി എല്ലാ രാജ്യത്തുനിന്നും മുടങ്ങിയ വ്യോമഗതാഗതം അഫ്ഗാന് മണ്ണിലേക്കും തിരിച്ചും ആവശ്യമാണ്. അരിയാന അഫ്ഗാന് എയര്‍ലൈന്‍സിനും കാം എയര്‍ലൈന്‍സിനും ഇന്ത്യയില്‍ ഇറങ്ങാനുള്ള അനുവാദം നല്‍കണമെന്നും താലിബാന് വ്യോമകാര്യമന്ത്രാലയം കത്തിലൂടെ ആവശ്യപ്പെട്ടു.
ഭീകരരുടെ ശക്തമായ പങ്കാളിത്തത്തോടെയാണ് താലിബാന്റെ ഭരണം നടത്തുന്നത്. യുഎന്നിന്റെ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട പലരും താലിബാന് ഭരണകൂടത്തിലുണ്ട്. നിലവില്‍ പാക്കിസ്ഥാന്റേയും ഖത്തറിന്റേയും സഹായത്തോടെയാണ് താലിബാന് പ്രവര്‍ത്തിക്കുന്നത്. താലിബാന് പാക്കിസ്ഥാന് സഹായം നല്‍കുന്നതായി അടുത്തിടെ ചേര്‍ന്ന യുഎന്‍ യോഗത്തിലും ഇന്ത്യ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താലിബാന് ഇന്ത്യയോട് സഹായം അഭ്യര്‍ത്ഥിച്ച് കത്തയച്ചിരിക്കുന്നത്.
സെപ്തംബര്‍ ഏഴ് തിയ്യതി രേഖപ്പെടുത്തിയിരിക്കുന്ന കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത് അഫ്ഗാന് സിവില്‍ ഏവിയേഷന്‍ മന്ത്രിയായ അല്‍ഹാജ് ഹമീദുള്ള അഖുന്‍സാദയാണ്. നിലവില്‍ അഫ്ഗാനിസഥാനില്‍ നിന്നും പാക്കിസ്ഥാനിലേക്കും ഇറാനിലേക്കുമാണ് വിമാന സര്‍വീസ് നടത്തുന്നത്. ഇത് കൂടാതെ യുഎഇ, ഖത്തര്‍, തുര്‍ക്കി, ഉക്രൈന് എന്നിവിടങ്ങളിലേക്ക് പ്രത്യേക വിമാനങ്ങളും സര്‍വീസ് നടത്തുന്നുണ്ട്. താലിബാന് സൈന്യം കാബൂളില്‍ പ്രവേശിക്കുകയും നിലവിലെ പ്രസിഡന്റ് പലായനം ചെയ്യുകയും ചെയ്തതിന് പിന്നാലെ ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്കുള്ള വാണിജ്യ വിമാന സര്‍വീസ് നിര്‍ത്തിയതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: