തൃശൂര്‍: ജില്ലയിലെ ഒല്ലൂര്‍ തൈക്കാട്ടുശേരി, തിരൂര്‍-പോട്ടോര്‍ വേലുക്കുട്ടി റെയില്‍വേ ഗേറ്റുകളില്‍ മേല്‍പ്പാലങ്ങള്‍ പണിയാനുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ഇഴയുന്നു. വര്‍ഷങ്ങളായി ബജറ്റില്‍ തുക വകയിരുത്തിയിട്ടും മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം ഇതുവരെയും ആരംഭിച്ചില്ല.
കേരള റെയില്‍വേ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷനാണ് രണ്ടിടത്തും മേല്‍പ്പാലങ്ങള്‍ പണിയുന്നതിന് ചുമതല ഏറ്റെടുത്തിട്ടുള്ളത്. വര്‍ഷങ്ങളായിട്ടും തുടര്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് മേല്‍പ്പാലങ്ങള്‍ പണിയാന്‍ സ്ഥലം ഏറ്റെടുത്ത് നല്കാന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് റെയില്‍വേ അധികൃതര്‍ കത്ത് നല്‍കിയിരിക്കുകയാണ്. സ്ഥലം മുഴുവന്‍ കിട്ടിയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാമെന്ന് കത്തില്‍ റെയില്‍വേ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വര്‍ഷങ്ങളായിട്ടും മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണത്തിന് ബന്ധപ്പെട്ട അധികൃതര്‍ മുന്‍കൈയ്യെടുക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മേല്‍പ്പാലത്തിനുള്ള നിര്‍മ്മാണ ചെലവിന്റെ പകുതി വിഹിതം റെയില്‍വേയാണ് വഹിക്കുന്നത്. ബാക്കി നിര്‍മ്മാണ ചെലവിന്റെ പകുതിയും ഭൂമി ഏറ്റെടുക്കലും അനുബന്ധ റോഡുകളും സംസ്ഥാന സര്‍ക്കാരിന്റെ ചെലവിലുമാണ്. മേല്പ്പാലങ്ങളിലാത്തതിനാല് തൈക്കാട്ടുശേരി, തിരൂര്‍ മേഖലകളിലുള്ളവര്‍ വര്‍ഷങ്ങളായി ദുരിതയാത്രയാണ് നടത്തുന്നതെന്ന് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് സെക്രട്ടറി കെ.കൃഷ്ണകുമാര്‍ പറഞ്ഞു.
ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഏറെ നേരം റെയില്‍വേ ഗേറ്റില്‍ കുടുങ്ങി കിടക്കുകയാണ്. മേല്‍പ്പാലമെന്ന ജനങ്ങളുടെ ആഗ്രഹ പൂവണിയുന്നതിന് സര്‍ക്കാര്‍ ഉടനെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മേല്‍പ്പാലം ആവശ്യമുണ്ടോയെന്ന് പരിശോധിക്കണം
ഒല്ലൂര്‍ തൈക്കാട്ടുശേരിയില്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണം സംബന്ധിച്ച ഫയല്‍ തനിക്ക് കിട്ടിയിട്ടില്ല. പദ്ധതി വളരെ നേരത്തെയുള്ളതാണ്. മേഖലയിലെ ജനങ്ങള്‍ യാത്രാക്ലേശം അനുഭവിക്കുന്നുണ്ടെയെന്നും മേല്‍പ്പാലം ആവശ്യമുണ്ടോയെന്നും പരിശോധിക്കേണ്ടി വരും. മേല്‍പ്പാല നിര്‍മ്മാണത്തിനായി എത്ര ഭൂമി ഏറ്റെടുക്കണമെന്നും എത്ര കുടുംബങ്ങളെ കുടിയൊപ്പിക്കണമെന്നുമുള്ള കാര്യങ്ങളും നോക്കേണ്ടതുണ്ട്.
-കെ.രാജന് (റവന്യൂ മന്ത്രി)
ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല
തിരൂരിലെ വേലുക്കുട്ടി റെയില്‍വേ മേല്‍പ്പാല റെയില്‍വേ അധികൃതര്‍ വന്ന് പരിശോധന നടത്തിയെന്ന വിവരം ലഭിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് ഭരണസമിതിയും കൂടി ചേര്‍ന്നാണ് ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടത്. റെയില്‍വേയുടെ കത്ത് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കണം. മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം സംബന്ധിച്ച് നിലവിലെ സ്ഥിതി എന്താണെന്ന് പരിശോധിക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് ഔദ്യോഗിക കത്തോ, അറിയിപ്പോ തനിക്ക് ലഭിച്ചിട്ടില്ല.
-സേവ്യര്‍ ചിറ്റിലപ്പിള്ളി (എംഎല്‍എ, വടക്കാഞ്ചേരി മണ്ഡലം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: