‘ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടാറില്ല’ എന്നത് പണ്ടേക്ക് പണ്ടേ കേള്‍ക്കുന്നതാണ്. അതുപോലെയാണ് കെപിസിസി പ്രസിഡന്റ് സ്ഥാനം. കോണ്‍ഗ്രസ് എത്ര ശോഷിച്ചാലും പാര്‍ട്ടി അധ്യക്ഷന്‍ എന്നു പറഞ്ഞാല്‍ അതിന്റെ ഗമയൊന്ന് വേറെ തന്നെയാണ്. കേരളത്തില്‍ ആര്. ശങ്കര്‍ മുതല്‍ കെ. സുധാകരന് വരെയുള്ള അധ്യക്ഷന്മാരുടെ നിര നീണ്ടതാണ്. മുകളില്‍ നിന്ന് താഴോട്ടെണ്ണിയാല്‍ ഇവരൊക്കെയാണവര്‍. മുല്ലപ്പള്ളി രാമചന്ദ്രന് 2018-2021, എം.എം. ഹസ്സന് 2017-2018, വി.എം. സുധീരന് 2014-2017, രമേശ് ചെന്നിത്തല 2005-2014, പി.പി. തങ്കച്ചന് 2001-2004, തെന്നല ബാലകൃഷ്ണപിള്ള 1998-2001, വയലാര്‍ രവി 1992-1998, എ.കെ. ആന്റണി 1987-1992, സി.വി. പത്മരാജന് 1983-1987, എ.എല്‍. ജേക്കബ് 1982-1983, എ.കെ. ആന്റണി 1978-1982, 1973-1977, എസ്. വരദരാജന് നായര്‍ 1977-1978
കെ.എം. ചാണ്ടി 1978-1982, കെ.കെ. വിശ്വനാഥന്, 1970-1972, 1972-1973, ടി.ഒ. ബാവ-1968, കെ.സി. എബ്രഹാം- 1964, ആര്. ശങ്കര്‍- 1959. ഒരു പ്രസിഡന്റിനും ഇരിക്കപ്പൊറുതി നല്‍കിയില്ല എന്നു തന്നെ വിലയിരുത്തേണ്ടിവരും. പാര്‍ട്ടി പദവിയും പാര്‍ലമെന്ററി പദവിയും ഒരിക്കലും ഒരുമിച്ചു പോകാറില്ല. കോണ്‍ഗ്രസ് ഓഫീസ് എന്നത് കഴിഞ്ഞ് ഇന്ദിരാഭവന് എന്ന പേരില്‍ അറിയപ്പെട്ടത് മുതല്‍ പോരിന്റെ ഉശിരന്‍ ഏറി വന്നു. അത് ഏറ്റവും കൂടുതല്‍ പ്രകടമായത് കെ. കരുണാകരനും ഏ.കെ. ആന്റണിയും രണ്ട് ധ്രുവങ്ങളില്‍ നിന്ന് നയിച്ചപ്പോഴാണ്.
കെ. കരുണാകരന് മുഖ്യമന്ത്രിയായ 1992ല്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ പഠിച്ചപണി പതിനെട്ട് പയറ്റിയിട്ടും കഴിഞ്ഞില്ല. ആന്റണി നിര്‍ത്തിയ വയലാര്‍ രവി പുഷ്പം പോലെ ജയിച്ചു. പ്രസിഡന്റായി ജയിച്ച രവി വണങ്ങാന്‍ ചെന്നപ്പോള്‍ കൈ തട്ടിമാറ്റുന്ന ലീഡറെയാണ് അന്ന് കാണാന്‍ കഴിഞ്ഞത്. ‘നാടകമൊന്നും വേണ്ടെന്ന’ ഡയലോഗും. കാലം മാറി, കാലാവസ്ഥയും മാറി. പക്ഷേ ശീലങ്ങളൊട്ടും കോണ്‍ഗ്രസ് ഉപേക്ഷിച്ചില്ല. കൂട്ടത്തല്ലും കുതികാല്‍വെട്ടും നിരന്തരം നടക്കുന്നു. അതിപ്പോള്‍ കലശലായി.
കേരള രാഷ്ട്രീയത്തിലെ ആശയത്തിന്റെ ആദര്‍ശത്തിന്റെ വെള്ളരിപ്രാവെന്ന് പാടി പുകഴ്ത്തുന്ന വി.എം. സുധീരനും പദവികളെ ചൊല്ലിയുള്ള കലഹത്തില്‍ പങ്കാളിയായതാണ് ഒടുവിലത്തെ സംഭവം. രാഷ്ട്രീയ കാര്യസമിതിയില്‍ നിന്നു മാത്രമല്ല എഐസിസി അംഗത്വവും സുധീരന് രാജിവച്ചു. സമവായവും സന്ധിയുമുണ്ടാക്കാന്‍ ദല്‍ഹിയില്‍ നിന്നും പറന്നുവന്ന താരിഖ് അന്‍വറിനുപോലും ഒന്നും ചെയ്യാനായില്ല. സുധീരനൊപ്പം മുല്ലപ്പള്ളിയും കലാപക്കൊടി ഉയര്‍ത്തി. ഇടഞ്ഞു നില്ക്കുന്ന മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിന്റെ പ്രത്യേക ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ എത്തിയത്.
രാജി പിന്‍വലിക്കില്ലെന്നും തന്റെ നിലപാടില്‍ മാറ്റമില്ലെന്നുമാണ് താരീഖ് അന്‍വറുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സുധീരന് വ്യക്തമാക്കിയത്. തെറ്റായ നടപടിയും അനഭലഷണീയ പ്രവണതയും ഉണ്ടായി. നാലു പേര്മാത്രം തീരുമാനമെടുക്കുന്നത് ശരിയല്ല. പുതിയ നേതൃത്വം പ്രതീക്ഷിച്ചത്ര നന്നായില്ലെന്നും സുധീരന് പറഞ്ഞു. കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് വി.ഡി. സതീശനും സുധീരന്റെ വീട്ടിലെത്തി ക്ഷമചോദിച്ചുള്ള അനുനയ നീക്കം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
താരിഖ് അന്‍വറിന്റെ സാന്നിധ്യത്തിലായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന് സുധാകരനെതിരെ വിമര്‍ശനം അഴിച്ചുവിട്ടത്. സ്ലോട്ട് വച്ച് കെപിസിസി അദ്ധ്യക്ഷനെ കാണേണ്ട ഗതികേട് തനിക്കില്ലെന്നും കോണ്‍ഗ്രസില്‍ നിന്നും അങ്ങനെ പോകുന്ന അവസാന വ്യക്തി താനായിരിക്കുമെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. നേരത്തെ നടന്ന പുനഃസംഘടനാ ചര്‍ച്ചയില്‍ മുല്ലപ്പള്ളിക്ക് തന്നെ കാണാന്‍ സ്ലോട്ട് കൊടുത്തിരുന്നുവെന്നും എന്നാല്‍ ആ സമയത്ത് എത്തിയില്ലെന്നും കെ. സുധാകരന് മുമ്പ് വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടികൂടിയാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.
താരിഖ് അന്‍വര്‍ ഞായറാഴ്ച മുല്ലപ്പള്ളി രാമചന്ദ്രനുമായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിരുന്നു. സമയം അനുവദിച്ചിട്ടും താരിഖ് അന്‍വര്‍ മുല്ലപ്പള്ളി രാമചന്ദ്രനെ കാണാനെത്തിയില്ല. ഇതോടെ മുല്ലപ്പള്ളി രാമചന്ദ്രന് അതൃപ്തി അറിയിച്ചു. അവഗണിക്കാം പക്ഷെ അപമാനിക്കരുത് എന്ന മുന്നറിയിപ്പ് നല്‍കിയതോടെ താരിഖ് അന്‍വര്‍ കൂടിക്കാഴ്ചക്ക് തയ്യാറായി എത്തുകയായിരുന്നു. ഞായറാഴ്ചത്തെ കൂടിക്കാഴ്ച മാറ്റിവെക്കാന്‍ താരിഖ് അന്‍വറിനോട് ആവശ്യപ്പെട്ടത് കെപിസിസി നേതൃത്വം ആണെന്നാണ് സൂചന.
ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളെ ഒതുക്കാന്‍ ഒട്ടനവധി അടവുകള്‍ നേരത്തെ ഹൈക്കമാണ്ട് പ്രയോഗിച്ചിരുന്നു. കേന്ദ്രമന്ത്രിസഭ, ഗവര്‍ണര്‍ സ്ഥാനം തുടങ്ങി ഒട്ടനവധി അവസരങ്ങള്‍ ഉണ്ടായ കാലം കഴിഞ്ഞല്ലോ. ഇനിയിപ്പോള്‍ വികാരങ്ങള്‍ കരഞ്ഞു തീര്‍ക്കാനേ സാധിക്കൂ. ഹൈക്കമാന്റ് എന്നത് ‘ഐ’ കമാന്റ് എന്നതായി ചുരുങ്ങി. മദാമ്മയും മകനുമാണെല്ലാം. ഫുള്‍ടൈം അധ്യക്ഷനെപ്പോലും നിശ്ചിയിക്കാന്‍ പറ്റാത്ത ഗതികേടിലായ പാര്‍ട്ടിയില്‍ ആമാശയമുള്ളവര്‍ക്കേ ഇനി അവസരമുള്ളൂ. ആദര്‍ശം! അതിനോട് ബൈ….ബൈ. പറയാനാണ് നേതാക്കളും അണികളും മത്സരിക്കുന്നത്.
ഇന്ദിരാഭവന് എന്ന് ആഫീസിന് പേരിട്ടുവോ അന്നു തുടങ്ങി പാര്‍ട്ടിയിലെ കലഹം ശക്തമാകാന്‍. അച്ഛന് ഉറങ്ങാത്ത വീട് എന്ന പേരിലൊരു സിനിമ ഇറങ്ങിയിരുന്നു. അതിപ്പോള്‍ ‘അധ്യക്ഷന്‍ ഉറങ്ങാത്ത ഭവനം’ എന്ന് മാറ്റിപ്പറയേണ്ടിവന്നിരിക്കുന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ ?
അണികളോടടുപ്പവും ജനങ്ങളോട് സ്നേഹവുമില്ലാത്ത ഒരു കക്ഷിക്കും രക്ഷപ്പെടാനാവില്ല. പദവിക്കപ്പുറം മറ്റ് പല ഗുണങ്ങളും നേതാക്കള്‍ക്കുണ്ടായില്ലെങ്കില്‍ പാര്‍ട്ടി നാമാവശേഷമാകും. കേരളത്തില്‍ തന്നെ എത്രയോ ഉദാഹരണമുണ്ടല്ലൊ. മുഖ്യമന്ത്രിയെ നല്കിയ പാര്‍ട്ടിയല്ലെ പി.എസ്.പി. ഇന്നിപ്പോള്‍ പൊടിപോലുമുണ്ടോ കണ്ടുപിടിക്കാന്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വന്തം ശക്തിയില്‍ ഭരണം നേടിയിട്ടുണ്ട്. കേരളത്തില്‍ ഇന്നിപ്പോഴത്തെ ശക്തി എന്താണെന്ന് പറയേണ്ടതില്ലല്ലൊ. വിനയവും സേവന തല്‍പരതയുമില്ലാത്ത കക്ഷി ദുര്‍ബലപ്പെടുകതന്നെ ചെയ്യും. അത് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സൂചനയാണ് ഇപ്പോള്‍ കോണ്‍ഗ്രസിലും കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: