കൊല്ലം: പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച കൊവിഡ് ബാധിതന് ചികിത്സ കിട്ടാതെ ആമ്പുലന്‍സില്‍ മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു.
പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് 15 ദിവസത്തിനകം വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. ഒരാളുടെ മരണത്തിന് ഇടയാക്കിയ സാഹചര്യവും ഉത്തരവാദപെട്ടവരുടെ വിശദാംശങ്ങളും റിപ്പോര്‍ട്ടിലുണ്ടാവണം.
പാരിപ്പള്ളി പള്ളിവിള സ്വദേശി ബാബുവാണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് ബാബുവിന്റെ ഓക്സിജന്റെ അളവ് കുറഞ്ഞത്. മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മുന്നിലെത്തിച്ചെങ്കിലും ഓക്സിജന്‍ ലെവല്‍ 60ന് താഴെ പോയിട്ടും ആമ്പുലന്‍സില്‍ നിന്നും രോഗിയെ വാര്‍ഡിലേക്ക് മാറ്റിയില്ലെന്നാണ് പരാതി.
15 മിനിറ്റിന് ശേഷം സുരക്ഷാ ജീവനക്കാരനെത്തിയെങ്കിലും ബാബു മരിച്ചിരുന്നു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: