ആറ്റിങ്ങൽ: ഹർത്താൽ ദിനത്തിൽ ജോലിക്ക് ഇറങ്ങിയ തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾക്കെതിരെ സിപിഎം പ്രാദേശിക നേതാക്കളുടെ ഭീഷണിയും ആക്രോശവും. മുദാക്കൽ പഞ്ചായത്തിലെ അയിലം അഞ്ചാം വാർഡിലാണ് സിപിഎമ്മിന്റെ നേതൃത്വത്തിൽ സ്ത്രീ തൊഴിലാളികളെ തടഞ്ഞ് ഭീഷണിപ്പെടുത്തിയത്.
തിങ്കളാഴ്ച രാവിലെ തൊഴിലുറപ്പ് ജോലി തുടങ്ങിയതോടെയാണ് മുദാക്കൽ ലോക്കൽ കമ്മറ്റി സെക്രട്ടറി ദിനേശ്, കിഴക്കേ അയിലം ബ്രാഞ്ച് സെക്രട്ടറി അൻസിൽ, കാട്ടുചന്ത ബ്രാഞ്ച് സെക്രട്ടറി സുഭാഷ്, അയിലം ബ്രാഞ്ച് സെക്രട്ടറി ജയകുമാർ, വാസുദേവപുരം ബ്രാഞ്ച് സെക്രട്ടറി സജിൻ ഷാജഹാൻ, ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി അരുൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു സംഘം തടഞ്ഞത്. സ്ത്രീകളുടെ കയ്യിൽ നിന്നും മൺവെട്ടി പിടിച്ചുവാങ്ങി എറിഞ്ഞു. തുടർന്ന് ഭീഷണിപ്പെടുത്തി. ധൈര്യമുണ്ടെങ്കിൽ പണി നടത്തിനോക്ക് എന്ന് ആക്രോശിച്ചു. വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ചപ്പോൾ വീഡിയോ പകർത്താൻ എന്താടി എന്ന് ചോദിച്ചായി ആക്രോശം.
തുടർന്ന് ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തിയെങ്കിലും തൊഴിലാളികൾക്ക് സംരക്ഷണം നൽകാൻ തയാറായില്ല. തടയാൻ വന്നവർ പറയുന്നത് അനുസരിക്കണമെന്നും ഇല്ലെങ്കിൽ അക്രമം ഉണ്ടാകും എന്ന് തൊഴിലാളികളെ ഭയപ്പെടുത്തുന്ന നിലപാടായിരുന്നു പോലീസിന്റേത്. തുടർന്ന് തൊഴിലാളികൾക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നു. ബിജെപി ഭരിക്കുന്ന വാർഡ് ആയതിനാൽ സിപിഎം മനപൂർവം സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ അഞ്ചാം വാർഡിൽ ബിജെപി ജയിച്ചതുമുതൽ സിപിഎം സംഘർഷത്തിന് ശ്രമിക്കുകയാണെന്ന് മെമ്പർ രമ്യ ബിജു പറഞ്ഞു. സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകും.
സിപിഎം ഭരിക്കുന്ന മുദാക്കൽ പഞ്ചായത്തിലെ മറ്റ് വാർഡുകളിൽ തൊഴിലുറപ്പ് ജോലികൾ നടന്നു. കൂടാതെ സിപിഐ നേതാവും മെമ്പറുമായ പള്ളിയറ ശശിയുടെ ഉടമസ്ഥതയിലുള്ള പാറക്വാറി പ്രവർത്തിച്ചെന്നും അത് തടയാൻ സിപിഎം തയാറായില്ലെന്നും രമ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: