കോഴിക്കോട്: അങ്ങനെ, നമ്മുടെ വീട്ടിലെ പൂച്ചക്കും, നായക്കും ആടിനും പശുവിനുമെല്ലാം ലൈസന്‍സ് വരുന്നു. സംഗതി അധികം വൈകില്ലെന്നാണ് സൂചന. അതിനുള്ള ആദ്യ ഘട്ടവും പൂര്‍ത്തിയാക്കി.
വളര്‍ത്തു മൃഗങ്ങളുടെ രജിസ്ട്രേഷന് അടുത്ത മാസം മുതല്‍ നിര്‍ബന്ധമാക്കാനുള്ള ഒരുക്കങ്ങള്‍ തകൃതിയാക്കുന്നത് കോഴിക്കോട് കോര്‍പറേഷനാണ്. എതിര്‍പ്പില്ലെങ്കില്‍ അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.
കന്നുകാലികള്‍ ഉള്‍പ്പെടെ നിലവിലുള്ള വളര്‍ത്തു മൃഗങ്ങളുടെ രജിസ്ട്രേഷന് ആറ് മാസം കൊണ്ടു പൂര്‍ത്തിയാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആ ഉത്തരവ് എത്രയും പെട്ടെന്ന് നടപ്പാക്കാനുള്ള ശ്രമത്തിലാണ് കോഴിക്കോട് കോര്പറേഷന്.
അടിമലത്തുറയില്‍ ബ്രൂണോ എന്ന വളര്‍ത്തുനായയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സ്വമേധയാ എടുത്ത കേസിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ നിര്‍ദേശം. അടിമലത്തുറ സ്വദേശി ക്രിസ്തുരാജിന്റെ ബ്രൂണോ എന്ന വളര്‍ത്തുനായയെ മൂന്ന് പേര് വള്ളത്തില്‍ തലകീഴായി കെട്ടിത്തൂക്കി അടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഇതിലാണ് ഡിവിഷന് ബെഞ്ചിന്റെ നടപടി. ക്രൂരതയ്ക്ക് ഇരയായ നായയോടുള്ള ശ്രദ്ധാഞ്ജലിയായി ഹര്‍ജിയുടെ തലക്കെട്ട് ‘ബ്രൂണോ’ എന്നാക്കിയിരുന്നു.
നായ വള്ളത്തിന്റെ അടിയില്‍ വിശ്രമിച്ചതായിരുന്നു ചിലരെ പ്രകോപിപ്പിച്ചത്. അക്രമി സംഘത്തിലെ ഒരാള്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമത്തിലൂടെ പ്രചരിച്ചതോടെ വന്‍ പ്രതിഷേധമായി.
രജിസ്ട്രേഷന്
ആദ്യ ഘട്ടത്തില്‍ പൂച്ച, പട്ടി, കുതിര, പോത്ത്, എരുമ, പശു എന്നിവയുടെ രജിസ്ട്രേഷനാണ് നടത്തുക. മൃഗങ്ങളെ സ്വന്തമാക്കുന്നവര്‍ മൂന്ന് മാസത്തിനകം റജിസ്ട്രേഷന് നടത്തണം. നിലവിലുള്ള വളര്‍ത്തു മൃഗങ്ങളുടെ രജിസ്ട്രേഷന് ആറ് മാസം സമയം. രജിസ്റ്റര്‍ ചെയ്യുന്ന മൃഗങ്ങള്‍ക്കു നമ്പര്‍ സഹിതം ബാഡ്ജ് നല്‍കുന്നതും പരിഗണനയിലാണ്. മൃഗങ്ങളെ കാണാതായാല്‍ അവയുടെ ഉടമയെ കണ്ടെത്താനും വാക്സിനേഷന് കാര്യങ്ങള്‍ക്കും ബാഡ്ജ് സഹായകരമാകും. നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും രജിസ്ട്രേഷന് റാബീസ് വാക്സിനേഷന് നിര്‍ബന്ധമാണ്.
ഉത്തരവില്‍ കന്നുകാലികളും വളര്‍ത്തു മൃഗങ്ങളും എന്നാണ് പറഞ്ഞിരിക്കുന്നത്. ഒരു വീട്ടില്‍ ഒന്നില്‍ കൂടുതല്‍ പശുക്കള്‍ ഉണ്ടെങ്കില്‍ ഓരോന്നിനും രജിസ്ട്രേഷന് നടത്തണം. വളര്‍ത്തു മൃഗങ്ങളുടെ രജിസ്ട്രേഷന് മൃഗസ്നേഹികളുടെ ദീര്‍ഘനാളത്തെ ആവശ്യമാണ്. രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ ജില്ലയില്‍ വളര്‍ത്തുമൃഗങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും കോര്‍പറേഷനില്‍ ലഭ്യമാകും. മൃഗങ്ങള്‍ക്കായി ക്രിമറ്റോറിയം, അവക്കായി ആംബുലന്‍സ് തുടങ്ങിയവയാണ് മറ്റു ആവശ്യങ്ങള്‍.
ഫീസ്
ഓരോ അരുമകള്‍ക്കും ഫീസ് നിശ്ചയിച്ചു. കൗണ്‍സില്‍ യോഗത്തില്‍ ഇത് അംഗീകരിച്ചാല്‍ അപേക്ഷ സോഫ്റ്റ്വേര്‍ വഴി ഓണ്‍ലൈനായി സ്വീകരിച്ച് തുടങ്ങും. കന്നുകാലികള്‍ക്ക് 100 രൂപയാണ് ഫീസ്. നായക്കും കുതിരക്കും 500, പൂച്ചയ്ക്ക് 100 രൂപ എന്നിങ്ങനെയാണ് ധനകാര്യസമിതി അംഗീകരിച്ച നിരക്ക്. അതേസമയം ബ്രീഡര്‍ ലൈസന്‍സിന് നിരക്ക് കൂടും. നായകള്‍ക്ക് ഇത് 1000 രൂപയും പൂച്ചകള്‍ക്ക് 500 രൂപയുമാണ്. അരുമകളെ ബ്രീഡ് ചെയ്ത് വില്‍ക്കുന്നവര്‍ക്കാണ് ലൈസന്‍സ് ഏര്‍പ്പാടാക്കുന്നത്.
മൈക്രോചിപ്പും
മൃഗങ്ങളില്‍ മൈക്രോചിപ്പും ഘടിപ്പിക്കും. ഇതുവഴി മൃഗങ്ങളുടെ എല്ലാ വിവരവും ലഭ്യമാകും. വളര്‍ത്തുമൃഗങ്ങള്‍ അലഞ്ഞുതിരിഞ്ഞാല്‍ എളുപ്പത്തില്‍ കണ്ടെത്താനാകും. പലപ്പോഴും പ്രായമായ മൃഗങ്ങളേയും അസുഖമുള്ളവയേയും ഉപേക്ഷിക്കാറുണ്ട്. മൈക്രോചിപ്പ് ഘടിപ്പിച്ചാല്‍ ഉടമയെ എളുപ്പം കണ്ടെത്താനാകും. നേരത്തെ അലഞ്ഞുതിരിഞ്ഞുനടക്കുന്ന കന്നുകാലികളെ കണ്ടെത്തി പിഴയീടാക്കുകയും ഉടമകള്‍ എത്താത്തതിനെത്തുടര്‍ന്ന് ലേലം ചെയ്യുകയുമായിരുന്നു പതിവ്. മറ്റുള്ളവയുടെ കാര്യത്തില്‍ നടപടികള്‍ ഉണ്ടാവാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: