ലോകവിനോദ സഞ്ചാരദിനമായിരുന്നു ഇന്നലെ. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലോകത്താകമാനം രാജ്യങ്ങള്‍ പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിക്കുന്ന ദിവസം കൂടിയാണിത്. കേരളം വിനോദ സഞ്ചാരികള്‍ക്ക് ദൈവത്തിന്റെ നാടാണ്. ഭാവികേരളത്തിന്റെ പ്രധാന പ്രതീക്ഷയും വിനോദസഞ്ചാര മേഖലയാണ്. കോവിഡ് പ്രതിസന്ധിക്ക് ശേഷം മൂന്ന് ദിവസം മുമ്പാണ് ഇവിടത്തെ വിനോദ സഞ്ചാരമേഖല സജീവമായിത്തുടങ്ങിയത്. അതിന് തുരങ്കം വയ്ക്കുന്നതായിരുന്നു ഇന്നലത്തെ അനാവശ്യ ഹര്‍ത്താല്‍. ടൂറിസം ദിനത്തില്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുത്ത് നിരവധി പരിപാടികള്‍ നടത്താറുണ്ട്. വിദേശ ടൂര്‍ ഓപ്പറേറ്റര്മാന് ഉള്‍പ്പടെയുള്ളവര്‍ക്ക് പാക്കേജുകള്‍ പ്രഖ്യാപിച്ചും ബ്ലോഗ് എഴുത്തുകാര്‍ ഉള്‍പ്പെടെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ക്ഷണിച്ചുവരുത്തിയുമാണ് ഈ ദിനം കൊണ്ടാടാറുള്ളത്. പക്ഷെ ഇന്നലെ അതൊന്നുമുണ്ടായില്ല. ദൈവത്തിന്റെ നാട് ശ്മശാന മൂകതയിലായിരുന്നു. ദുരിതത്തില്‍ കഴിയുന്ന ജനങ്ങളെ പല്ലിളിച്ച് കാണിച്ചുകൊണ്ടുള്ള അനാവശ്യ ഹര്‍ത്താല്‍. കേരളത്തെ ഒരു തരത്തിലും ബാധിക്കാത്ത വിഷയത്തിനായി രാഷ്ട്രീയ കാപട്യം. ഭരിക്കുന്നവരും പ്രതിപക്ഷത്തിരിക്കുന്നവരും തോളോടുതോള്ചേര്ന്ന് നടത്തിയ ഹര്‍ത്താല്‍ നല്കുന്ന തെറ്റായ സന്ദേശം വലുതാണ്.
കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകരുടെ പേരില്‍ ഇടനിലക്കാര്‍ സമരപ്രഹസനം തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. അക്രമസമരങ്ങളും അട്ടിമറി സമരങ്ങളുമൊക്കെ നടത്തിയെങ്കിലും സമരം വിജയിച്ചില്ല. ബിജെപി വിരുദ്ധരും മോദിവിരുദ്ധരുമായ പ്രസ്ഥാനങ്ങളും നേതാക്കളും പിന്തുണച്ചിട്ടും സമരത്തിന്റെ ഗ്യാസ് പോവുകയായിരുന്നു. സമരം ബിജെപിയെ തറപറ്റിക്കുമെന്നൊക്കെ മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ചെങ്കിലും കര്‍ഷകഭൂമികളില്‍ ബിജെപി വിജയിക്കുന്ന വാര്‍ത്തയാണ് കേട്ടത്. പഞ്ചാബിലെ ജനങ്ങളെയാണ് കര്‍ഷക നിയമം ഏറെ ബാധിക്കുന്നതെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ സമരം ഇവിടെ പറ്റില്ലെന്ന് അവിടത്തെ മുഖ്യമന്ത്രി പരസ്യമായി തന്നെ പറഞ്ഞു. പഞ്ചാബ് പോലും തള്ളിപ്പറഞ്ഞ സമരത്തിന്റെ പേരിലാണ് രാജ്യത്താകെ കോണ്‍ഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരുമുള്പ്പെടെയുള്ള കേന്ദ്രവിരുദ്ധര് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാജ്യമത് തള്ളിക്കളഞ്ഞുവെന്നാണ് വാര്‍ത്ത. ഏതാനും ചില ദേശീയ പാതകളുടെ ഉപരോധവും റെയില്‍വേ ഗതാഗതം തടയലും ഒഴിച്ചാല്‍ കാര്യമായ പ്രതികരണം ഉണ്ടായില്ല. പ്രതിപക്ഷ പാര്‍ട്ടികളും നൂറിലധികം കര്‍ഷകരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എന്നൊക്കെ അവകാശപ്പെടുന്നുണ്ടെങ്കിലും ഹര്‍ത്താലിനുശേഷം സമരനേതാവ് രാജേഷ് ടിക്കായത്ത് പറഞ്ഞത് സര്‍ക്കാരുമായി ഉപാധിയൊന്നുമില്ലാതെ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ്.
രാജ്യം കോവിഡിനെത്തുടര്‍ന്ന് വലിയ പ്രതിസന്ധി നേരിടുമ്പോള്‍ ഹര്‍ത്താല്‍പോലുള്ള വികസനവിരുദ്ധ നടപടികള്‍ക്ക് കേരളത്തില്‍ ഭരിക്കുന്നവര്‍ തന്നെ നേതൃത്വം നല്കുന്നുവെന്നതാണ് വിരോധാഭാസം. സമരം വിജയിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനം രംഗത്തിറങ്ങി. സാധാരണ ഹര്‍ത്താല്‍ ദിനങ്ങളില്‍ കെഎസ്ആര്‍ടിസി നിരത്തിലിറക്കിയും ജീവനക്കാര്‍ക്ക് പോലീസ് സംരക്ഷണം നല്‍കിയും ഹര്‍ത്താല്‍ പരാജയപ്പെടുത്താന്‍ ശ്രമിക്കുകയെന്നത് സര്‍ക്കാരിന്റെ ഔദ്യോഗിക കടമയാണ്. ഭരിക്കുന്ന പാര്‍ട്ടിക്ക് കൂടി പങ്കാളിത്തമുള്ള സമരമാണെങ്കില്പോലും ഭരണബാധ്യതയെന്ന നിലയില്‍ അത് നിര്‍വ്വഹിക്കാന്‍ മുന്‍ സര്‍ക്കാരുകള്‍ ശ്രമിച്ചിട്ടുമുണ്ട്. പക്ഷെ ഇന്നലെ കേരളത്തില്‍ പൊതുമേഖലാ വാഹനങ്ങള്‍ ഓടിച്ചില്ല. ജോലിക്ക് എത്തിയ ജീവനക്കാര്‍ക്ക് സംരംക്ഷണം നല്‍കിയില്ലെന്ന് മാത്രമല്ല, ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തു. അതേ സമയം തമിഴ്നാട്ടില്‍ അനുഭവം അതല്ല. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ സാധാരണ ജനജീവിതമായിരുന്നു അവിടെ. കുംഭകോണത്ത് ട്രെയിന്‍ തടയാന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകരെ അവര്‍ക്ക് കൂടി പങ്കാളിത്തമുള്ള സര്‍ക്കാരിന്റെ പോലീസ് അറസ്റ്റുചെയ്തു. ഓഫീസുകളൊക്കെ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു. വാഹനങ്ങളും നിരത്തിലോടി. ബിജെപി ഭരിക്കുന്ന കര്‍ണാടകയില്‍ ഹര്‍ത്താല്‍ ഏശിയതേയില്ല.
ഹര്‍ത്താലിന്റെ ലക്ഷ്യം എന്തായിരുന്നുവെന്ന് രാകേഷ് ടിക്കായത്തിന്റെ പ്രതികരണത്തില്‍ വ്യക്തമാണ്. യുപി തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് അദ്ദേഹം പറയുന്നത്. അതിനായി രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ദുരിതത്തിലാക്കിയത് എന്തിനെന്നാണ് ഉത്തരം കിട്ടേണ്ടത്. സംസ്ഥാനത്ത് ഹര്‍ത്താല്‍ വിരുദ്ധരായ രാഷ്ട്രീയ നേതാക്കളും സാംസ്കാരിക നേതാക്കന്മാരും ഇക്കാര്യത്തില്‍ എന്തുപറയുന്നുവെന്നറിയാനും താല്പര്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: