ഗുരുവും ശിഷ്യയും ഭക്ഷണം കഴിച്ചെഴുന്നേറ്റപ്പോള്‍ ശിഷ്യയുടെ കൈകഴുകി തോര്‍ത്തിച്ചത് ഗുരുവാണ്. താനങ്ങോട്ടാണത് ചെയ്യേണ്ടതെന്ന് ശിഷ്യ ഉണര്ത്തിച്ചെങ്കിലും ‘യേശുക്രിസ്തു ശിഷ്യന്മാരുടെ കാല്‍കഴുകിയില്ലേ’ എന്നായിരുന്നു ഗുരുവിന്റെ പ്രത്യുത്തരം. ‘അത് അന്ത്യനാളുകളിലായിരുന്നില്ലേ’ എന്ന് ചോദിക്കാന്‍ വെമ്പിയെങ്കിലും അമംഗള സൂചനയാകുമെന്നു കരുതി ശിഷ്യ ചോദിച്ചില്ല. 1902 ജൂലായ് രണ്ടിന് ബേലൂര്‍മഠത്തില്‍ വിശ്വവന്ദ്യനായിരുന്ന വിവേകാനന്ദനും സമര്‍പ്പണ ജീവനപ്പൊരുളായ ഭഗിനി നിവേദിതയുമായിരുന്നു അനുഭവ കഥയിലെ ആ ഗുരുവും ശിഷ്യയും. ജൂലായ് നാലിന് സ്വാമിജിയുടെ മഹാസമാധി വിവരം അറിഞ്ഞപ്പോഴാണ് ആ അന്ത്യസമാഗമത്തിന്റെ പ്രവചനസാരം നിവേദിതയില്‍ പ്രകാശിതമായത്.
നവോത്ഥാനത്തിന്റെ കാലസ്ഥലികളില്‍ ശ്രീരാമകൃഷ്ണ വിവേകാനന്ദാദി ഗുരുവര്യന്മാരിലൂടെ പുനര്‍ജ്ജനി നേടിയ ആധുനിക ഭാരതത്തിന്റെ ഭാവഗരിമയില്‍ പൂജനീയമായ സമര്‍പ്പണമാവുകയായിരുന്നു എലിസബത്ത് മാര്‍ഗരറ്റ് നോബിള്‍ എന്ന സിസ്റ്റര്‍ നിവേദിത. അയര്‍ലണ്ടില്‍ 1867 ലാണ് മാര്‍ഗരറ്റിന്റെ ജനനം. മേരിയും സാമുവലുമായിരുന്നു മാതാപിതാക്കള്‍. ഇംഗ്ലണ്ടില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായിരുന്നു വിദ്യാഭ്യാസം. സാഹിത്യം, ചരിത്രം, ശാസ്ത്രം, ദൈവശാസ്ത്രം എന്നിവ പഠിച്ചാണ് അധ്യാപികയായത്. ഇഷ്ടപ്പെട്ട തൊഴിലിനിടയിലും ഉള്ളില്‍ ഉണര്‍ന്ന ആത്മീയമായ അന്വേഷണവഴിയില്‍ ആ ഹൃദയം സഞ്ചരിക്കാന്‍ തുടങ്ങി. 1895 ലാണ് ലണ്ടന്‍ സന്ദര്‍ശനത്തിനെത്തിയ വിവേകാനന്ദന്റെ പ്രഭാഷണ ഗംഗയില്‍ മാര്‍ഗരറ്റ് മതി മറന്നൊഴുകിയത്. ആത്മസന്ദേഹങ്ങള്‍ക്കെല്ലാം പരിഹാരം ഈ മഹാഗുരു തന്നെ. ആനന്ദചിത്തയായി മാര്‍ഗരറ്റ് കണ്ണീര് കൊണ്ടര്‍ച്ചന ചെയ്തു. പഠനമനനോപാസനയിലൂടെ പൗരസ്ത്യ ദര്‍ശനത്തിന്റെ ആത്മീയമീമാംസയില്‍ തിളങ്ങിയ മഹാപ്രകാശം മാര്‍ഗരറ്റിന്റെ സ്വത്വബോധത്തെ ത്വരിപ്പിക്കുകയായിരുന്നു. ‘എന്റെ മാതൃഭൂമിയുടെ സഹോദരിമാരെ പ്രബുദ്ധരാക്കാനുള്ള പദ്ധതിയില്‍ നിങ്ങളുടെ സേവനമാവശ്യമുണ്ട്’ എന്ന ഗുരുവാണിയില്‍ പ്രചോദിതയായി 1898 ലാണ് മാര്‍ഗരറ്റ് ഭാരതത്തിലെത്തുന്നത്.
‘കര്‍മം ജപം പോലെ ശുദ്ധമായിരിക്കണം. അത് ജീവിതത്തിന്റെ സംഗീതമാണ്. ഇന്ത്യയുടെ മണ്ണില്‍ പ്രവര്‍ത്തിക്കുന്നവര്‍ അനുഗൃഹീതരാണ്.’ ഗുരുവിന്റെ മഹിതവചനം മാര്‍ഗരറ്റിന് മാര്‍ഗം തെളിക്കുകയായിരുന്നു. മന്ത്രോപദേശം ലഭിച്ച മാര്‍ഗരറ്റ് നിവേദിതയായി ആത്മലയം പ്രാപിച്ചു. വിവേകാനന്ദനൊപ്പം അല്‍മോറയിലും കശ്മീരിലും അമര്‍നാഥിലും നടത്തിയ തീര്‍ത്ഥയാത്രയില്‍ ഭാരതീയ സംന്യാസത്തിന്റെ ജ്ഞാനവിഭൂതിയും സര്‍വസംഗപരിത്യാഗത്തിന്റെ പരമരുചിരമായ പാഠങ്ങളും നിവേദിതയില്‍ വിണ്‍വെളിച്ചമായി. കല്‍ക്കത്ത ബേലൂര്‍ മഠത്തില്‍ മാതൃദേവി ശാരദാദേവിയുടെ പരിശീലനോപദേശങ്ങളില്‍ ആ ആത്മീയ ഹൃദയം ഉലയിലൂതിയ പൊന്നുപോലെ ഉജ്ജ്വലിക്കുകയായിരുന്നു. ത്യാഗസേവനങ്ങളുടെ വിശുദ്ധപര്‍വം അവിടെ സമാരംഭിക്കുകയായി.
ഭാരതീയ സ്ത്രീജീവിതത്തിന് നഷ്ടപ്പെട്ടുപോയ അന്തസ്സും ആഭിജാത്യവും തന്റേടവും സംസ്കൃതിമൂല്യവും വീണ്ടെടുക്കാനുള്ള യജ്ഞത്തില്‍ വനിതകള്‍ക്കു മാത്രമായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹ്യസംരംഭങ്ങളും നിവേദിതയുടെ കര്‍മരംഗത്തെ ശോഭനീയമാക്കി. ദാരിദ്ര്യത്തിലുംഅജ്ഞതയിലും അന്ധവിശ്വാസത്തിലും ആലസ്യത്തിലും അമര്‍ന്നു പോയ ജനതയെ ത്യാഗസേവനങ്ങളുടെ ധാര്‍മിക ശക്തിയില്‍ ഉയിരേറ്റുകയായിരുന്നു നിവേദിതയുടെ ദൗത്യം. ക്രമേണ ജ്ഞാനാധിഷ്ഠിതമായ ദേശീയ സംസ്കൃതിയില്‍ സ്വാതന്ത്ര്യസമരപ്പോരാളിയായും സാര്‍വലൗകികതയുടെ ശുക്രനക്ഷത്രമായും ആ പരമകാരുണിക ചരിത്രമെഴുതുകയായിരുന്നു. വിവേകാനന്ദന്റെ ആദര്‍ശധീരതയും കര്‍മകാണ്ഡവും ജീവിതദര്‍ശനവും ആത്മീയ പ്രത്യയങ്ങളും കടഞ്ഞെടുത്ത സന്ദേശത്തെ ആത്മസന്ദേശമായി സ്വീകരിച്ച് പ്രായോഗിക വേദാന്തത്തിന്റെ ദിനകര ദീപ്തിയാണ് നിവേദിത ചൊരിഞ്ഞത്. ‘ശ്രീരാമകൃഷ്ണ വിവേകാനന്ദന്മാരുടെ നിവേദിത’യെന്ന ആത്മപുളകത്തില്‍ സ്വയം സമര്‍പ്പണത്തിന്റെ ധന്യവിഭൂതികള്‍ തിളങ്ങി നിന്നു. ‘ഭാരത ഭാവി സുതന്നൊന്നിച്ചാചാര്യ, സേവിക, തോഴിയുമാകാവു നീ’എന്ന ഗുരുവിന്റെ ആശീര്‍വാദ വചനം ശിഷ്യ സാക്ഷാത്ക്കരിക്കുകയായിരുന്നു. പുതിയതും പൂര്‍ണതയുമായിരുന്നു നിവേദിതയുടെ മഹാലക്ഷ്യം. പ്രകൃതിയെയും മനുഷ്യപ്രകൃതിയെയും അദൈ്വതത്തില്‍ പുനരാഖ്യാനം ചെയ്താണ് നിവേദിത സ്വയം വെളിച്ചമായത്. ‘അഹ’ത്തില്‍ നിന്ന് മോചിതയായി സര്‍ഗ്ഗാത്മകമായ തപോവീര്യത്തെയുംബ്രഹ്മചര്യാനുഷ്ഠാനത്തെയും ഹൃദയസംഗീതമായി പരിവര്‍ത്തിപ്പിക്കുകയായിരുന്നു ഭഗിനി നിവേദിത.
പ്ലേഗ് ദുരന്ത കാലങ്ങളില്‍ മുന്നണിപ്പോരാളിയായി ആതുര ശുശ്രൂഷാ രംഗത്തിറങ്ങിയ നിവേദിത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സംഭരിക്കാന്‍ പലവട്ടം പാശ്ചാത്യ നാടുകളില്‍ വിയര്‍പ്പൊഴുക്കി. യുവചേതനയെ ത്രസിപ്പിച്ച ഭഗിനിയെ ‘ഗൗരിഗിരി’ (ഹിമാലയം) എന്ന ആദരണീയ നാമം നല്‍കിയാണ് യുവലോകം അംഗീകരിച്ചത്. ‘കാളി ദി മദര്‍’, ‘റിലീജിയന്‍ ആന്റ് ധര്‍മ്മ’, ‘ദി വെബ്ബ് ഓഫ് ഇന്ത്യന്‍ ലൈഫ്’ ‘ദി മാസ്റ്റര്‍ ആസ് ഐ സോ ഹിം’തുടങ്ങിയ പ്രകൃഷ്ട രചനകള്‍ ആത്മബോധം നേടിയ പുണ്യാത്മാവിന്റെ ഹൃദയ പരിഛേദമാണ്. ‘ഭാരതത്തിന്റെ അന്തര്‍ലീനമായ ചൈതന്യത്തില്‍ വിശ്വസിക്കുക, സ്വരാഷ്ട്രത്തെ വിദേശച്ചങ്ങലിയില്‍ നിന്ന് മോചിപ്പിക്കുക, ശ്രീരാമകൃഷ്ണദേവന്റെയും സ്വാമിജിയുടെയും പ്രകാശം മനസ്സില്‍ ഏറ്റുവാങ്ങുക’ അഞ്ചുഭാഗങ്ങളായി പ്രസിദ്ധീകരിച്ച സമ്പൂര്‍ണകൃതികളുടെ ആമുഖത്തില്‍ നിവേദിത കൊളുത്തിയ അക്ഷര നക്ഷത്രം പൊലിയുന്നില്ല. ദേശീയ പ്രസ്ഥാനത്തിന്റെയും സ്വാതന്ത്ര്യസമര മുന്നണിപ്പോരാട്ടങ്ങളുടെയും ത്യാഗവഴിയില്‍ സമര്‍പ്പിതമായ ആ മഹിത ജന്മം സ്ത്രൈണചേതനയുടെ തുടിക്കുന്ന ബിംബമാണ്. സ്വാതന്ത്ര്യപൂര്‍വ ദേശീയസ്തംഭങ്ങളായ ഗാന്ധിജി, ഗോഖലെ, തിലകന് തുടങ്ങിയവര്‍ക്ക് പ്രചോദനമായി തിളങ്ങിയ നിവേദിതയുടെ കര്‍മമണ്ഡലത്തില്‍ ടാഗോറും സുഭാഷ്ചന്ദ്ര ബോസും ശ്രീഅരവിന്ദനും ജെ.സി. ബോസും സി.ആര്. ദാസും സുബ്രഹ്മണ്യ ഭാരതിയും സഹപ്രവര്‍ത്തകരുടെ നക്ഷത്രത്തിളക്കമായി മുന്നേറി. ബംഗാള്‍ വിഭജന പ്രക്ഷോഭവും ‘സ്വദേശിമേള’ യും ആ ജീവിതേതിഹാസത്തിലന്റെ പരിവേഷമായി. രാമകൃഷ്ണ, ശാരദ മിഷന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്കപ്പുറം സ്വാതന്ത്ര്യം നേടിയെടുക്കാനുള്ള തീവ്രാശയങ്ങളില്‍ സഞ്ചരിക്കാനും നിവേദിത സ്വയം നിയുക്തനായിരുന്നു. സ്വഗുരുവിന്റെ സമാധിക്കു ശേഷവും ദേശസേവയിലൂന്നിയ രാഷ്ട്രീയോന്നമന പ്രവര്‍ത്തനങ്ങളിലും കല, സാഹിത്യം, ശാസ്ത്രം, തുടങ്ങിയ പ്രബുദ്ധ മണ്ഡലങ്ങളിലും ആ കര്‍മയോഗിനി സ്വയം വെളിച്ചമായി സഞ്ചരിച്ചു. സ്വന്തമായുള്ളതെല്ലാം ഭാരതത്തിനു സമര്‍പ്പിച്ച നിവേദിത ശാന്തിദീപം പോലെ ഭൗതികലോകത്തില് നിന്ന് യാത്രയായത് 1911 ഒക്ടോബര്‍ 13 നാണ്. ഡാര്‍ജിലിങ്ങിലെ അന്ത്യവിശ്രമസ്ഥലിയില്‍ ഇന്നും ആരാധനയുടെ മഞ്ഞുതുള്ളികള്‍ വിടുന്നു.
ആത്മചേതനയുടെ നൈവേദ്യമാണ് നിവേദിത. ആ പരിവ്രാജകയുടെ പാരിജാത ഗന്ധം ‘ത്യാഗം തന്നെയമൃത’ മെന്ന ഭാരതീയ ദര്‍ശനാകാശങ്ങളില്‍ സദാ ഒഴുകിപ്പരക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: