ജോ ബൈഡന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ നടത്തിയ മൂന്നു ദിവസത്തെ യുഎസ് സന്ദര്‍ശനം അധികാര മാറ്റത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്നതായി സ്ഥാപിത ശക്തികള്‍ പ്രചരിപ്പിച്ച അകല്‍ച്ച അടിസ്ഥാനരഹിതമാണെന്ന് തെളിയിച്ചിരിക്കുന്നു. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് മൈ ഫ്രണ്ട് എന്നു വിളിച്ച മോദിയോട് അതേ മനോഭാവം തന്നെയാണ് ബൈഡനുമുള്ളതെന്ന് ഇരുവരും തമ്മിലെ കൂടിക്കാഴ്ചയും ആശയവിനിമയങ്ങളും, ഇതേതുടര്‍ന്നുണ്ടായ സംയുക്ത പ്രഖ്യാപനവും അടിവരയിട്ട് കാണിച്ചിരിക്കുന്നു. ഭാരതവും അമേരിക്കയും തമ്മിലെ ബന്ധം വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച മോദി ഒരു തികഞ്ഞ രാഷ്ട്ര തന്ത്രജ്ഞനെപ്പോലെയാണ് പെരുമാറിയത്. യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്തതിനു പുറമെ അമേരിക്ക, ഭാരതം, ആസ്ട്രേലിയ, ജപ്പാന് എന്നീ രാജ്യങ്ങള്‍ ചേര്‍ന്നുള്ള ‘ക്വാഡ്’ സഖ്യത്തിന്റെ സമ്മേളനത്തില്‍ നേരിട്ട് പങ്കെടുക്കുകയും ചെയ്തു. പ്രസിഡന്റ് ജോ ബൈഡന്, വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, ആസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍, ജപ്പാന് പ്രധാനമന്ത്രി യോഷിഹിദെ സുഗ എന്നിവരുമായി മോദി നടത്തിയ ചര്‍ച്ചകള്‍ വലിയ നേട്ടങ്ങള്‍ക്ക് വഴി തുറക്കുന്നതാണ്.
കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനുശേഷം പ്രധാനമന്ത്രി മോദി നടത്തിയ ആദ്യ യുഎസ് സന്ദര്‍ശനത്തില്‍ അഞ്ച് അമേരിക്കന്‍ കോര്‍പ്പറേറ്റ് മേധാവികളുമായി നടത്തിയ ചര്‍ച്ചകള്‍ ഭാരതത്തില്‍ വലിയ വിദേശ നിക്ഷേപങ്ങള്‍ക്ക് വഴിതുറക്കും. കമലാ ഹാരിസുമായി വൈറ്റ് ഹൗസില്‍ നടന്ന മോദിയുടെ നേരിട്ടുള്ള ആദ്യ കൂടിക്കാഴ്ച ഊഷ്മളമായിരുന്നു. ഭാരതവംശജയായ കമല ഒരു പ്രചോദനമാണെന്ന് പ്രശംസിച്ച മോദി അവരെ ഭാരതത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. അമേരിക്കയുടെയും ഭാരതത്തിന്റെയും സുരക്ഷയ്ക്ക് ഭീഷണിയില്ലെന്ന് ഉറപ്പുവരുത്താന്‍ സ്വന്തം മണ്ണിലെ ഭീകര സംഘടനകള്‍ക്കെതിരെ ശക്തമായി നടപടിയെടുക്കാന്‍ പാക്കിസ്ഥാനോട് ആവശ്യപ്പെട്ട കമല, ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ഈ രാജ്യത്തെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ടെന്നും പറഞ്ഞിരിക്കുന്നു. വൈറ്റ് ഹൗസില്‍ നടന്ന ബൈഡന്-മോദി കൂടിക്കാഴ്ചയില്‍ കൊവിഡ് മഹാമാരി, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക സഹകരണം, ഇന്തോ-പസഫിക് മേഖലയുടെ സ്ഥിരത ഉറപ്പാക്കല്‍ എന്നിവയെക്കുറിച്ച് ഫലപ്രദമായ ചര്‍ച്ച നടന്നു. ടാലന്റ്, ടെക്നോളജി, ട്രേഡ്, ട്രസ്റ്റിഷിപ്പ് എന്നിവയിലുള്ള പത്ത് വര്‍ഷത്തെ മാര്‍ഗരേഖയെക്കുറിച്ച് മോദി പറഞ്ഞപ്പോള്‍ ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതല്‍ കരുത്താര്‍ജിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ബൈഡന് സംസാരിച്ചത്.
തന്റെ പേരുള്ള ചിലര്‍ ഭാരതത്തിലുണ്ടെന്ന് ബൈഡന് ഓര്മിപ്പിച്ചപ്പോള് ഇതു സംബന്ധിച്ച് താന്‍ അന്വേഷിക്കുകയുണ്ടായെന്നും, വംശപരമായ ചില രേഖകള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും മോദി പ്രതികരിച്ചു. ഇരുനേതാക്കളും തമ്മില്‍ ഇതിനോടകം ഉടലെടുത്തിട്ടുള്ള വ്യക്തിപരമായ അടുപ്പമാണ് ഇത് കാണിക്കുന്നത്. ഇന്തോ-പസഫിക് മേഖലയുടെയും ലോകത്തിന്റെയും സമാധാനം ഉറപ്പുവരുത്തുന്നതിനെക്കുറിച്ച് ക്വാഡ് സമ്മേളനത്തില്‍ മോദി പ്രസംഗിച്ചതിനോടുള്ള പ്രതികരണമായി ഈ സഖ്യത്തിലെ നാല് രാജ്യങ്ങളും വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടണമെന്നാണ് ബൈഡന് പ്രഖ്യാപിച്ചത്. ഭീകരവാദത്തെ ചില രാജ്യങ്ങള്‍ രാഷ്ട്രീയ ഉപകരണമാക്കുന്നതിനെതിരെ യുഎന്‍ പൊതുസഭയില്‍ ആഞ്ഞടിച്ച മോദി പേരു പറയാതെ തന്നെ ചൈനയെയും പാക്കിസ്ഥാനെയുമാണ് ഉന്നംവച്ചതെന്ന് വ്യക്തം. സ്വന്തം സ്വാര്ത്ഥതാല്പ്പര്യത്തിനുവേണ്ടി അഫ്ഗാനിസ്ഥാനിലെ സങ്കീര്‍ണ സാഹചര്യം മുതലെടുക്കാന്‍ ഒരു രാജ്യത്തെയും അനുവദിക്കരുതെന്ന് മുന്നറിയിപ്പു നല്‍കാനും മോദി മറന്നില്ല. പന്ത്രണ്ടാം നൂറ്റാണ്ടിലെ നടരാജ വിഗ്രഹം ഉള്‍പ്പെടെ അമേരിക്ക കൈമാറിയ 150 ലേറെ കരകൗശലവസ്തുക്കളുമായാണ് പ്രധാനമന്ത്രി ഭാരതത്തിലേക്ക് മടങ്ങിയത്. ചുരുക്കത്തില്‍ എല്ലാ അര്‍ത്ഥത്തിലും വിജയകരമായിരുന്നു മോദിയുടെ യുഎസ് സന്ദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: