ബെയ്ജിംഗ്: ഇന്ത്യ, യുഎസ്, ജപ്പാന്, ആസ്ത്രേല്യ ഉള്‍പ്പെട്ട ക്വാഡിന്റെ അമേരിക്കയില്‍ നടക്കുന്ന ഉച്ചകോടിയ്ക്കെതിരെ ആഞ്ഞടിച്ച് ചൈന. ഈ ക്വാഡ് സംഘത്തിന് ഒരിടത്തും പിന്തുണ ലഭിക്കില്ലെന്നും ചൈന പറഞ്ഞു.
ഈ നാല് രാഷ്ട്രങ്ങളുടെയും മേധാവികള്‍ നേരിട്ട് പങ്കെടുക്കുന്ന യോഗമാണ് വാഷിംഗ്ടണില്‍ വെള്ളിയാഴ്ച ആരംഭിച്ചത്. ശനിയാഴ്ചയും ഈ യോഗം തുടരുകയാണ്. ഇതില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡന്, ആസ്ത്രല്യന് പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍, ജപ്പാന് പ്രധാനമന്ത്രി യോഷിഹിഡെ സുഗ എന്നിവര്‍ നേരിട്ട് പങ്കെടുക്കുന്നത്. എന്തായാലും ക്വാഡ് സംഘം തീര്‍ച്ചയായും പരാജയപ്പെടുമെന്നും ആരുടെയും പിന്തുണ ലഭിക്കില്ലെന്നും ചൈനയുടെ വിദേശകാര്യവക്താവ് സാവോ ലിജിയന്‍ പറഞ്ഞു.
ക്വാഡിനെ ചൈനയുടെ ഇന്ത്യന്‍ സ്ഥാനപതി സുന് വെയ്ഡോങും എതിര്‍ത്തു. “ചില രാഷ്ട്രങ്ങള്‍ അവരുടെ സൈദ്ധാന്തിക ചായ് വും ശീതയുദ്ധത്തിനുള്ള മാനസികാവസ്ഥയും കാരണം മറ്റൊരു രാജ്യത്തെ നിയന്ത്രിക്കാനായി ചില ഗ്രൂപ്പുകള്‍ ഉണ്ടാക്കുകയാണ്. ഇത് ഭൗമരാഷ്ട്രീയ കളികള്‍ക്കുള്ള നീക്കമാണ്,” സുന് വെയ്ഡോങ് ആരോപിച്ചു.
മറ്റൊരാളുടെ കപ്പലില്‍ കയറിയാല്‍ നിങ്ങള്‍ക്ക് സ്വന്തം സ്റ്റിയറിംഗിന്റെ നിയന്ത്രണം നഷ്ടമാകുമെന്നും സുന് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്കി. അമേരിക്കയോട് കൂടുതല്‍ അടുക്കുന്ന ഇന്ത്യയുടെ നയങ്ങളോടുള്ള പരോക്ഷവിമര്‍ശനമായിരുന്നു ഇത്. “20 വര്‍ഷം മുന്‍പ് യുഎസ് അഫ്ഗാനിസ്ഥാനില്‍ യുദ്ധം തുടങ്ങിയപ്പോള്‍ ആ രഥത്തില്‍ പലരും കയറിക്കൂടി. 20 വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്ക പിന്‍വാങ്ങിയപ്പോള്‍ എന്ത് നേട്ടമാണ് ഈ രാജ്യങ്ങള്‍ നേടിയത്?. നമ്മള് തന്ത്രങ്ങളുടെ കാര്യത്തില്‍ സ്വയം പര്യാപ്തതനേടണം. അത് വാക്കുകളില്‍ മാത്രമല്ല, പ്രവര്‍ത്തികളിലും വേണം”- ഇന്ത്യയെ വിമര്‍ശിച്ച് സുന് അഭിപ്രായപ്പെട്ടു.
ഏതൊരു പ്രാദേശികമായ കൂട്ടായ്മയും മറ്റ് രാഷ്ട്രങ്ങളുടെ താല്പര്യങ്ങള്ക്ക് വിഘാതമായി പ്രവര്ത്തിക്കരുതെന്നതാണ് ചൈനയുടെ ഔദ്യോഗിക നിലപാട്. ഏതാനും രാഷ്ട്രങ്ങളുടെ ഒരു കൂട്ടായ്മ മറ്റേതെങ്കിലും രാഷ്ട്രത്തെ ലക്ഷ്യം വെയ്ക്കുകയാണെങ്കില്‍ അത് കാലത്തിന് യോജിച്ചതാകില്ലെന്നും ചൈന കണക്കുകൂട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: