മങ്കൊമ്പ്: രണ്ടാം കൃഷിയിറക്കിയ പാടശേഖരത്തിലെ നെല്‍കൃഷി വരിനെല്ലിന്റെ സാന്നിധ്യം മൂലം നശിക്കുന്നു. 65 ഏക്കര്‍ വരുന്ന ചമ്പക്കുളം കൃഷിഭവന്‍ പരിധിയില്‍ വരുന്ന ചിറക്കുപുറം പാടശേഖരത്തിലാണ് ഇപ്പോള്‍ ഏറെക്കുറെ വരിനെല്ലിന്റെ ആക്രമണം അനുഭവപ്പെടുന്നത്. വിത കഴിഞ്ഞു 82 മുതല്‍ തൊണ്ണൂറു ദിവസം വരെ പ്രായമായ നെല്‍ച്ചെടികളാണ് പാടശേഖരത്തിലുള്ളത്. കൃഷിജോലികള്‍ ഏതാണ്ട് പൂര്‍ത്തിയാക്കിയ ഘട്ടത്തിലാണ് അമിതമായ വരിനെല്ലിന്റെ സാന്നിധ്യം കര്‍ഷകരുടെ ശ്രദ്ധയില്‍ പെടുന്നത്. ഇതെത്തുടര്‍ന്ന് സ്ത്രീ തൊഴിലാളികളെ ഇറക്കി വരിനെല്ലു നീക്കം ചെയ്യാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
ഇതോടെ കൂടുതല്‍ വ്യാപിക്കാതിരിക്കാന്‍ ഇതുവരെ നട്ടുവളര്‍ത്തിയ നെല്‍ച്ചെടികള്‍ കളനാശിനി തളിച്ചു കരിച്ചു കളയുകയായിരുന്നു. കൂട്ടുമ്മേല്‍ തങ്കച്ചന്‍ എന്ന കര്‍ഷകന്റെ അഞ്ചേക്കറിലെ നെല്‍ച്ചെടികള്‍ പൂര്‍ണമായും നശിച്ചു. പാടശേഖരസമിതി സെക്രട്ടറി ഫ്രാന്‍സീസ് കുരുവിളയുടെയും ഏറെ നാളത്തെ അധ്വാനം വെള്ളത്തിലായി. ഉള്ള സ്വര്‍ണം പണയം വച്ചു പാട്ടകൃഷിക്കിറങ്ങിയ ചേന്നമറ്റം തങ്കച്ചനെന്ന കര്‍ഷകന്റെ നെല്‍ച്ചെടികളും പൂര്‍ണമായും നശിച്ചു. തികച്ചും സാധാരണക്കാരായ കര്‍ഷകരാണ് പാടശേഖരത്തിലുള്ളത്. 45 കര്‍ഷകരില്‍ ഭൂരിഭാഗവും പാട്ടക്കര്‍ഷകരാണ്. നിലവില്‍ നസ്രത്തു റോഡിനു പടിഞ്ഞാറു ഭാഗത്തുള്ള 45 ഏക്കറിലെ കൃഷിയെയും വരിനെല്ലിന്റെ ആക്രമണം ബാധിച്ചു കഴിഞ്ഞു.
പത്തേക്കറിലെ കൃഷി കര്‍ഷകര്‍ കരിച്ചുകളഞ്ഞിട്ടുണ്ട്. വരിനെല്ലിന്റെ ആക്രമണം മുന്‍ വര്‍ഷങ്ങളിലുമുണ്ടായിട്ടുണ്ടെങ്കിലും ഇത്തവണയാണ് തീവ്രമായത്. പതിവു പോലെ നിലമൊരുക്കലിന്റെ ഘട്ടത്തില്‍ പാടത്തു കള കിളിര്‍പ്പിച്ചു വെള്ളം കയറ്റിയിരുന്നു. കൃഷി വകുപ്പില്‍ നിന്നും ആശ്വസകരമായ ഒരു മറുപടി പോലും ലഭിക്കാത്തതിനാല്‍ എന്തു ചെയ്യുമെന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണ് ഇവിടുത്തെ കര്‍ഷകര്‍. അടുത്ത വര്‍ഷം ആക്രമണം കൂടുതല്‍ ശക്തമാകുമെന്നതിനാല്‍ മറ്റു പോംവഴികളൊന്നും ആകാത്തപക്ഷം അടുത്ത വര്‍ഷത്തെ കൃഷി ഉപേക്ഷിക്കുക മാത്രമാണ് കര്‍ഷകര്‍ക്കു മുന്നിലുള്ള വഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: