ന്യൂദല്‍ഹി: വ്യോമസേനയ്ക്കു വേണ്ട ചരക്ക്, യാത്രാ വിമാനങ്ങള്‍ വാങ്ങാനും ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനുമുള്ള കരാറില്‍ ഒപ്പിട്ട കേന്ദ്ര സര്‍ക്കാരിനെയും ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡിനെയും ടാറ്റാ ട്രസ്റ്റ് ചെയര്മാന് രാത്തന്‍ ടാറ്റാ അഭിനന്ദിച്ചു. ധീരമായ നടപടിയാണിത്. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
കരാര്‍ അനുബന്ധ വ്യവസായങ്ങള്‍ക്കും ഗുണകരമാകും. ഓഫ്സെറ്റ് പങ്കാളികളായ ഇന്ത്യന്‍ സംരംഭകരില്‍ നിന്ന് ഉത്പന്നങ്ങളും സേവനങ്ങളും നേരിട്ട് സംഭരിക്കാന്‍ ഓഫ്സെറ്റ് കരാറും ഒപ്പിട്ടിട്ടുണ്ട്. വ്യോമസേനയുടെ ഗതാഗത സംവിധാനം ആധുനികീകരിക്കുന്നതിലെ സുപ്രധാന ചുവടുവയ്പ്പാണിത്. സേനയുടെ കാലപ്പഴക്കം ചെന്ന ആവ്രോ വിമാനത്തിന് പകരമാണ് ഇത്.
പൂര്‍ണ സജ്ജമായ റണ്‍വേ ആവശ്യമില്ലാത്ത എയര്‍ സ്ട്രിപ്പുകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഇവ അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനും സൈന്യത്തിന്റെയും ചരക്കുകളുടെയും നീക്കങ്ങള്‍ക്കും വടക്ക്, വടക്കുകിഴക്കന്‍ മേഖലയിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും തന്ത്രപരമായ എയര്‍ലിഫ്റ്റ് ശേഷി വര്‍ധിപ്പിക്കാനും പ്രയോജനപ്രദമാണ്.
പാരാ ഡ്രോപ്പിങ്ങിനായി പിന്‍ഭാഗത്ത് റാമ്പ് ഡോര്‍ ഇതിലുണ്ട്. 56 വിമാനങ്ങളിലും തദ്ദേശീയ ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ട് സ്ഥാപിക്കും. ഡെലിവറി പൂര്‍ത്തിയായ ശേഷം, കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുന്ന രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും കഴിയും. രാജ്യത്തെ ഒട്ടേറെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ വിമാനഭാഗങ്ങളുടെ നിര്‍മാണത്തില്‍ ഏര്‍പ്പെടും. ഹാംഗറുകള്‍, കെട്ടിടങ്ങള്‍, ഏപ്രണുകള്‍, ടാക്സി വേ എന്നീ അടിസ്ഥാന സൗകര്യ വികസനവും പദ്ധതിയില്‍ ഉള്‍പ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: