വാഷിങ്ടണ്‍ : ഇന്ത്യ യുഎസിന്റെ പ്രധാന പങ്കാളിയെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വാഷിങ്ടണ്ണില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ അമേരിക്ക ബന്ധത്തില്‍ ഈ കാലയളവില്‍ വലിയ പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ഇരു നേതാക്കളും സംയുക്തമായി അറിയിച്ചു.
മോദിയും കമലയും ആദ്യമായാണു നേരിട്ടു ചര്‍ച്ച നടത്തുന്നത്. ഇന്ത്യ വാക്സീന് കയറ്റുമതി പുനരാരംഭിച്ച തീരുമാനത്തെ യുഎസ് സ്വാഗതം ചെയ്യുന്നതായും അവര്‍ പറഞ്ഞു. ത്വരിതഗതിയിലുള്ള പ്രതിരോധ കുത്തിവയ്പ്പ് ശ്രമങ്ങളിലൂടെ പകര്‍ച്ചവ്യാധി തടയുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളും, നിര്‍ണായകമായ മരുന്നുകള്‍, ചികിത്സാ, ആരോഗ്യ പരിപാലന ഉപകരണങ്ങള്‍ എന്നിവയുടെ വിതരണം എന്നിവ ഉള്‍പ്പെടെയുള്ള തങ്ങളുടെ രാജ്യങ്ങളിലെ കോവിഡ് -19 സാഹചര്യം ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
അഫ്ഗാനിസ്ഥാനിലെ സംഭവ വികാസങ്ങളും, സമീപകാലത്ത് ആഗോള തലത്തിലുണ്ടായ വ്യതിയാനങ്ങളും ഇന്തോ- പസഫിക് മേഖലയോടുള്ള പ്രതിബദ്ധത സംബന്ധിച്ചും, കാലാവസ്ഥാ വ്യതിയാനത്തിനായി സഹകരിച്ചുള്ള പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം മോദിയും കമല ഹാരിസും ചര്‍ച്ച ചെയ്തു. അതിനിടെ പുനരുപയോഗ ഊര്‍ജ്ജം വര്‍ധിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളെക്കുറിച്ചും അടുത്തിടെ ആരംഭിച്ച ദേശീയ ഹൈഡ്രജന്‍ മിഷനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിന് ജീവിതശൈലി മാറ്റങ്ങളുടെ പ്രാധാന്യത്തെ കുറിച്ചും മോദി പറഞ്ഞു.
ബഹിരാകാശ സഹകരണം, വിവരസാങ്കേതികവിദ്യ, പ്രത്യേകിച്ച് ഉയര്‍ന്നുവരുന്നതും നിര്‍ണായകവുമായ സാങ്കേതിക വിദ്യകള്‍, ആരോഗ്യ പരിപാലന മേഖലയിലെ സഹകരണം എന്നിവയുള്‍പ്പെടെ ഭാവി സഹകരണത്തിന്റെ മേഖലകളെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു. വൈസ് പ്രസിഡന്റ് കമല ഹാരിസിനെയും അവരുടെ ഭര്‍ത്താവായ ഡഗ്ലസ് എംഹോഫിനെയും ഇന്ത്യ സന്ദര്‍ശിക്കാനും മോദി ക്ഷണിച്ചു.
മൂന്നു ദിവസത്തെ യുഎസ് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി ക്വാല്‍കോം ഉള്‍പ്പെടെ അഞ്ച് വന്‍കിട യുഎസ് കമ്പനികളുടെ മേധാവികളുമായി വ്യാഴാഴ്ച ചര്‍ച്ച നടത്തി. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണുമായും മോദി ചര്‍ച്ച നടത്തി. പ്രഡേറ്റര്‍ ഡ്രോണ്‍ നിര്‍മിക്കുന്ന ജനറല്‍ അറ്റോമിക്സ് കമ്പനിയുടെ സിഇഒയും ഇന്ത്യന്‍ വംശജനുമായ വിവേക് ലല്, ഇന്ത്യന്‍ വംശജന് ശന്തനു നാരായണ്‍ (അഡോബി), മാര്‍ക്ക് വിഡ്മര്‍ (ഫസ്റ്റ് സോളര്‍), സ്റ്റീഫന്‍ ഷ്വാര്സ്മാന് (ബ്ലാക്ക്സ്റ്റോണ്‍) എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തി.
യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി മോദിയുടെ കൂടിക്കാഴ്ച വൈറ്റ് ഹൗസ് ഓവല്‍ ഓഫിസില്‍ ഇന്നു നടക്കും. ബൈഡന്, മോദി, ജപ്പാന് പ്രധാനമന്ത്രി യോഷിഹിതെ സുഗ, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ എന്നിവര്‍ പങ്കെടുക്കുന്ന ‘ക്വാഡ്’ യോഗവും ഇന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: