ബംഗളുരു: കര്‍ണ്ണാടകയില്‍ മത കേന്ദ്രങ്ങള്‍ പൊളിക്കുന്നത് തടയുന്നതിനുള്ള ബില്‍ പാസാക്കി. കര്‍ണ്ണാടക മത കേന്ദ്രങ്ങള്‍ (സംരക്ഷണ) ബില്‍ -2021 ആണ് നിയമസഭയില്‍ ബിജെപി സര്‍ക്കാര്‍ പാസാക്കിയത്. കോൺഗ്രസിന്റെ എതിര്‍പ്പിനെ തള്ളിയാണ് ബില്‍ പാസാക്കിയത്.
മൈസൂരിലെ നഞ്ചന്‍ഗുഡില്‍ ക്ഷേത്രം പൊളിച്ചതിന്റെ പശ്ചാത്തലത്തിലാണ് ബില്‍ കൊണ്ടുവന്നതെന്ന് ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി കെ.എസ് ഈശ്വരപ്പ പറഞ്ഞു. നഞ്ചന്‍ഗുഡില്‍ ക്ഷേത്രം പൊളിച്ചത് സംസ്ഥാനത്തെ നിരവധി ആളുകളുടെ മതവികാരം വ്രണപ്പെടുത്തി. ഈ നടപടിയെടുത്ത ഉദ്യോഗസ്ഥനെതിരെ ജനം പതിഷേധിച്ചു. അതിനാല്‍, മതസ്ഥലങ്ങള്‍ സംരക്ഷിക്കുന്നതിനായി ഈ ബില്‍ പാസാക്കി.
ബില്‍ സംസ്ഥാനത്ത് മത സൗഹാര്‍ദ്ദം ഉറപ്പാക്കും. ബില്ലിനെ വിമര്‍ശിച്ചതിന് പ്രതിപക്ഷ പാര്‍ട്ടികളെ ഈശ്വരപ്പ വിമര്‍ശിച്ചു. ഭരണകക്ഷിയുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും പ്രതിപക്ഷം എപ്പോഴും വിമര്‍ശിക്കുന്നുണ്ടെങ്കിലും ബില്‍ വിജയകരമായി പാസാക്കാന്‍ സര്‍ക്കാരിന് സാധിച്ചതായി അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ മത കേന്ദ്രങ്ങള്‍ തകര്‍ക്കുന്നത് തടയുന്നതിനെതിരെയുള്ള ബില്‍ നിയമസഭയില്‍ പാസാക്കിയതിനെ കര്‍ണ്ണാടക ബിജെപി ജനറല്‍ സെക്രട്ടറി സി.ടി. രവി സ്വാഗതം ചെയ്തു. കര്‍ണ്ണാടകയിലെ ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നത് തടയാന്‍ ഈ നിയമം വഴി സാധിക്കും. ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതിനെ എതിര്‍ത്ത കര്‍ണാടകയിലെ കോണ്‍ഗ്രസിനെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെയും നിലപാടിനെ സി.ടി. രവി രൂക്ഷമായി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: