കൊച്ചി : തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പനെ പുറത്താക്കാന്‍ അവശ്യപ്പെട്ട് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള എല്‍ഡിഎഫിന്റെ നീക്കം പരാജയപ്പെട്ടു. യോഗത്തില്‍ യുഡിഎഫ് അംഗങ്ങള്‍ വിട്ടു നിന്നതോടെ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്കെടുക്കാന്‍ സാധിക്കാതെ വരികയായിരുന്നു.
ക്വാറം തികയ്ക്കാനായി 22 അംഗങ്ങളാണ് യോഗത്തിന് എത്തേണ്ടിയിരുന്നത്. എന്നാല്‍ എല്‍ഡിഎഫിന്റെ 18 അംഗങ്ങള്‍ മാത്രമാണ് യോഗത്തിന് എത്തിയത്. ഈ സാഹചാര്യത്തില്‍ യോഗം പിരിച്ചുവിട്ടെന്ന് വരണാധികാരി അറിയിക്കുകയായിരുന്നു. 43 അംഗ കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിക്കാന്‍ 22 പേരുടെ പിന്തുണയായിരുന്നു വേണ്ടത്. സ്വതന്ത്രര്‍ അടക്കം 25 പേരുടെ പിന്തുണയാണ് യുഡിഎഫിനുള്ളത്.
അജിതാ തങ്കപ്പനെതിരെ മുന്നോട്ടുവെച്ച ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു. ആറുമാസത്തിനകം വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് ചന്ദ്രബാബു പ്രതികരിച്ചു.
നേരത്തെ അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതില്‍ എല്‍ഡിഎഫിന് വലിയ പ്രതീക്ഷയുണ്ടായിരുന്നു. അജിതാ തങ്കപ്പനെതിരെ പണക്കിഴി വിവാദമുയര്‍ത്തിയ ചില കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരടക്കം അവിശ്വസത്തിന് പിന്തുണ നല്‍കിയേക്കുമെന്ന് സൂചനയെ തുടര്‍ന്നാണ് ഇത്. എന്നാല്‍ അവസാന നിമിഷം എല്ലാ അംഗങ്ങളെയും ഒരുമിച്ച് നിര്‍ത്തി യോഗത്തില്‍ നിന്നും വിട്ട് നിന്ന് അവിശ്വാസം അവതരിപ്പിക്കാനാകാതെ പരാജയപ്പെടുത്താന്‍ യുഡിഎഫിന് സാധിച്ചു. പ്രതിപക്ഷം തോറ്റുതുന്നംപാടിയെന്ന് ചെയര്‍പേഴ്സണ്‍ അജിത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: