ആലപ്പുഴ: 63- മത്കേരള പോലീസ് ഡ്യൂട്ടി മീറ്റില്‍ നര്‍ക്കോട്ടിക് സ്നിഫര്‍ വിഭാഗത്തില്‍ മെഡല്‍ നേടിയ ആലപ്പുഴ കെ9 സ്ക്വാഡിലെ നര്‍ക്കോട്ടിക് ഡോഗ് ലിസിക്കും പരിശീലകരായ മനേഷ് കെ. ദാസിനും ധനേഷ് പി. കെ യ്ക്കും സര്‍ട്ടിഫിക്കറ്റും മെഡലും ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവ് സമ്മാനിച്ചു. ജില്ലാ ഹെഡ് ക്വാര്‍ട്ടര്‍ ഡെപ്യൂട്ടി കമാണ്ടന്റ് സുരേഷ് കുമാര്‍, ടൗണ്‍ ഡിവൈഎസ്പി ജയരാജ്, കെ9 സ്ക്വാഡ് ഇന്‍ചാര്‍ജ് ബിജുരാജ് എന്നിവരും സന്നിഹിതരായിരുന്നു.
സ്നിഫര്‍ ഡോഗായ ലിസി,സംസ്ഥാന പോലീസ് മേധാവിയുടെ യുടെ ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതിക്ക് അര്‍ഹയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ലഹരി വേട്ട നടത്തിയ നര്‍ക്കോട്ടിക് ഡോഗ് എന്ന ബഹുമതിയും അതോടൊപ്പം ആലപ്പുഴ ജില്ലാ പോലീസിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ഈ മൂന്നര വയസ്സുകാരി.
ആലപ്പുഴ ജില്ലാ കെ9 സ്ക്വാഡില്‍ ജോലിയില്‍ പ്രവേശിച്ച് ആദ്യ ഡ്യൂട്ടിയില്‍ തന്നെ അരകിലോ കഞ്ചാവുമായി വന്നയാളെ ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ മണം പിടിച്ച് പിടികൂടുകയും തുടര്‍ന്ന് ആലപ്പുഴ റെയില്‍വേ സ്റ്റേഷന്, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍നിന്നും ലഹരി വസ്തുക്കളുമായി വന്നവരെ പിടികൂടിയും ജില്ലയിലെ ലഹരിമരുന്ന് വേട്ടയുടെ സ്ഥിരം സാന്നിധ്യമായി മാറിയിരിക്കുകയാണ്.ലഹരിവസ്തുക്കള്‍ എവിടെ ഒളിപ്പിച്ചാലും എത്ര ആഴത്തില്‍ കുഴിച്ചിട്ടാലും കണ്ടെത്താനുള്ള അസാമാന്യ കഴിവ് ലിസിക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: