കന്നിമാസത്തിലെ മുപ്പെട്ടു വ്യാഴാഴ്ചയാണ് വില്വാദ്രിനാഥന്റെ നിറമാല. തിരുവില്വാമല വില്വാദ്രിനാഥന്റെ നിറമാലയോടെയാണ് മധ്യകേരളത്തിലെ ഉത്സവങ്ങള്‍ക്കും പൂരങ്ങള്‍ക്കും വേലകള്‍ക്കും കേളികൊട്ടുയരുന്നത്. തൃശ്ശൂര്‍ ജില്ലയിലെ തിരുവില്വാമലയിലെ ചിരപുരാതന ഹൈന്ദവക്ഷേത്രമാണ് ശ്രീവില്വാദ്രിനാഥക്ഷേത്രം. മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമനും അനുജന്‍ ലക്ഷ്മണനുമാണ് ഇവിടത്തെ പ്രതിഷ്ഠകള്‍. തിരുവില്വാമല ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സമുദ്രനിരപ്പില്‍ നിന്ന് നൂറടി ഉയരത്തിലാണ് ക്ഷേത്രമുള്ളത്.
ഭക്തിചൈതന്യത്തിന്റെ പൂനിലാപ്രഭയില്‍ മണ്ണിലും മനസ്സിലും മതിവരാക്കാഴ്ചകളുടെ പകലിരവു സമ്മാനിക്കുന്ന പുണ്യദിനമാണ് വില്വാദ്രിനാഥക്ഷേത്രത്തിലെ നിറമാല. കന്നിമാസത്തിലെ മുപ്പെട്ടുവ്യാഴാഴ്ച പകലിരവുനീളുന്ന മണിക്കൂറുകള്‍ പരിപാവനസന്നിധിയെ ഭക്തചൈതന്യത്താലും ആഘോഷവൈവിധ്യത്താലും സമ്പന്നമാക്കും. അന്യമാകാത്ത ആചാരവിശുദ്ധിയും അനുഭൂതിപകരുന്ന ആഘോഷമുഹൂര്‍ത്തങ്ങളും നിറമാല മഹോത്സവത്തിന് നിറച്ചാര്‍ത്തൊരുക്കും. താമരപ്പൂമാലകളുടെ അലങ്കാരച്ചന്തവും താളപ്പെരുക്കത്തിന്റെ ശബ്ദസൗന്ദര്യവും ആനച്ചന്തത്തിന്റെ കറുപ്പഴകും നിറദീപത്തിന്റെ പൊന്‍പ്രഭയും പഞ്ചാരിയുടെ ചെമ്പടവട്ടങ്ങളും പഞ്ചവാദ്യത്തിന്റെ ത്രിപുടവട്ടങ്ങളും നാദസ്വരമേളത്തിന്റെ നാദവിസ്മയവും നാനാദേശങ്ങള്‍ താണ്ടി വില്വമലയിലെത്തുന്ന ഭക്തസഹസ്രങ്ങള്‍ക്ക് ഭക്തിയും കലയും സംഗമിക്കുന്ന അതിരില്ലാത്ത ആനന്ദം സമ്മാനിക്കും. വില്വാദ്രിനാഥനെ സേവിക്കാന്‍ നൂറുകണക്കിന് വാദ്യോപാസകരാണ് വില്വമലയിലെത്താറുള്ളത്. പ്രതിഫലം പ്രതീക്ഷിച്ചിട്ടല്ല, ഭഗവാനെ സേവിക്കുന്നതിലൂടെ ഒരു ഉത്സവക്കാലത്തേക്കുള്ള ഊര്‍ജവും ഉന്മേഷവുമാണ് അവര്‍ക്ക് ലഭിക്കുന്നത്.
നിളയുടെയും ഗായത്രിയുടേയും മനോഹാരിതയും കുളിര്‍ക്കാറ്റിന്റെയും തലോടലുമേറ്റ് പുളകിതയായ തിരുവില്വാമല പുനര്‍ജ്ജനി (പുനര്‍ജ്ജനി നൂഴലിലൂടെ പ്രസിദ്ധമായ ഗുഹ) യുടെ പുണ്യംകൊണ്ടും പ്രശസ്തമാണ്. സാഹിത്യത്തിലും കലാരംഗത്തും കുലപതികളെ സമ്മാനിച്ച നാടാണിത്.
നാദാര്‍ച്ചനയുടെ ധന്യത
പഞ്ചാരിമേളവും പഞ്ചവാദ്യവും തായമ്പകയും മറ്റു ക്ഷേത്രകലകളും പെയ്തിറങ്ങുന്ന നിറമാലമഹോത്സവം കലോപാസകര്‍ക്കും സഹൃദയര്‍ക്കും തുടര്‍ന്നുള്ള ഒരു വര്‍ഷത്തേക്കുള്ള ഊര്‍ജമാണ്. ഉത്സവങ്ങളുടെ തിരക്ക് ആരംഭിക്കുന്നത് വൃശ്ചികമാസത്തോടെയാണെങ്കിലും തിരുവില്വാമല നിറമാലമുതല്‍ ഉത്സവവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളാവുകയായി.
വില്വാദ്രിനാഥന്റെ തിരുസന്നിധിയില്‍ നിന്നും തങ്ങളുടെ താളസപര്യതുടങ്ങാന്‍ മോഹിക്കാത്ത കലാകാരന്‍മാരുണ്ടാകില്ല. ഒരു ഉത്സവക്കാലം മുഴുവന്‍ താളം പിഴക്കാതിരിക്കാനുള്ള നാദാര്‍ച്ചനയാണിത്. പ്രഗത്ഭരായ വാദ്യക്കാരൊക്കെ ഇവിടെ ദേവസമക്ഷം വഴിപാടായി താളപ്പെരുക്കം തീര്‍ത്തവരാണ്. പ്രതിഫലമോ സ്ഥാനമോ നോക്കാതെത്തന്നെ ആനകളെ എഴുന്നള്ളിക്കുന്നതിലും ആനയുടമസ്ഥര്‍ മറ്റുള്ളക്ഷേത്രങ്ങളില്‍നിന്നും വ്യത്യസ്ഥമായി സമര്‍പ്പണമനോഭാവത്തോടെയാണ് ഇവിടെയത്തുന്നത്.
ക്ഷേത്രത്തിന്റെ അടിഭാഗം വലിയൊരു ഗുഹയായിരുന്നെന്നും അവിടെ ഒരു സ്വര്‍ണ്ണവില്വമരം (കൂവളം) ഉണ്ടെന്നും അതിനാലാണ് ‘വില്വമല’ എന്ന നാമം സിദ്ധിച്ചതെന്നും പിന്നീട് തിരുവില്വാമലയായെന്നുമാണ് ഐതിഹ്യം. ക്ഷേത്രമിരിക്കുന്ന കുന്നാണ് വാസ്തവത്തില്‍ വില്വാദ്രി. സമീപത്തുള്ള മൂരിക്കുന്ന്, ഭൂതന്മല എന്നീ മലകളെയും ഇതിനോടൊപ്പം ചേര്‍ത്ത് വില്വാദ്രിയായി കണ്ടുവരുന്നുണ്ട്. പണ്ട് ഇതെല്ലാം ഒറ്റമലയായിരുന്നുവെന്നും, പിന്നീട് വിള്ളലുണ്ടായപ്പോള്‍ പ്രത്യേകമലകളായതാണെന്നും വിള്ളലുണ്ടായ മലയാണ് വില്വമലയായതെന്നും പറയുന്നവരുമുണ്ട്.
വില്വാദ്രിയിലെ പ്രതിഷ്ഠകള്‍
ക്ഷേത്രത്തിലെ പടിഞ്ഞാറേ നടയില്‍ ശ്രീരാമന്റേയും കിഴക്കേനടയില്‍ ലക്ഷ്മണന്റേയുമാണ് പ്രതിഷ്ഠ. ക്ഷത്രിയകുലത്തെ നശിപ്പിച്ച മഹാപാപത്തില്‍ നിന്ന് മുക്തിനേടുവാന്‍ പരശുരാമന്‍ കടലില്‍ നിന്ന് കേരളഭൂമി വീണ്ടെടുത്ത് ബ്രാഹ്മണര്‍ക്ക് നല്‍കിയശേഷം തപസ്സ് തുടങ്ങിയെന്നും തപസ്സിനിടെ പ്രത്യക്ഷപ്പെട്ട പിതൃക്കള്‍ ക്ഷത്രിയരുടെ നിര്‍ഗ്ഗതിപ്രേതങ്ങള്‍ക്ക് മോക്ഷം നല്‍കണമെന്നും അഭ്യര്‍ഥിച്ചു. തല്‍ഫലമായ പരശുരാമന്‍ മഹാവിഷ്ണുവിനെ ധ്യാനിച്ചു. ഉടനെ വില്വാദ്രിയിലെത്താന്‍ അശരീരി ഉണ്ടായി. അവിടെയെത്തിയപ്പോള്‍ അദ്ദേഹത്തെ വരവേറ്റത് ശിവഭൂതഗണങ്ങളായിരുന്നു. അവരില്‍ നിന്ന് ഭഗവാന്‍ ശിവന്‍ വില്വാദ്രിയിലുണ്ടെന്നറിഞ്ഞു. താന്‍ കാരണം പ്രേതങ്ങളായി മാറിയ ക്ഷത്രിയര്‍ക്ക് മോക്ഷം കിട്ടാന്‍ ഒരു മാര്‍ഗ്ഗം പറഞ്ഞുതരണം എന്ന് പരശുരാമന്‍ ശിവനോട് അഭ്യര്‍ത്ഥിച്ചു. അപ്പോള്‍ ശിവന്‍, കൈലാസത്തില്‍ താന്‍ പൂജിച്ചിരുന്ന പരമപവിത്രമായ വിഷ്ണുവിഗ്രഹം പരശുരാമന് സമ്മാനിച്ചു. പരശുരാമന്‍ അത് പ്രേതങ്ങള്‍ക്ക് ദര്‍ശനം കിട്ടാന്‍ പാകത്തില്‍ പ്രതിഷ്ഠിച്ച വിഗ്രഹമാണ് ഇന്ന് ക്ഷേത്രത്തില്‍ കിഴക്കോട്ട് ദര്‍ശനമായി കുടികൊള്ളുന്നതെന്നാണ് വിശ്വാസം.
കശ്യപമഹര്‍ഷിയുടെ
പുത്രനായ ആമലകമഹര്‍ഷി മഹാവിഷ്ണുവിനെ കഠിനതപസ്സ് ചെയ്യുകയും സംപ്രീതനായ ഭഗവാന്‍ മഹാവിഷ്ണു തന്റെ കിടക്കയായ ആദിശേഷനെ വെണ്‍കൊറ്റക്കുടയാക്കി, ഇരുവശത്തും പത്‌നിമാരായ ശ്രീദേവിയെയും ഭൂമീദേവിയെയും ചേര്‍ത്തു
പിടിച്ച് അദ്ദേഹത്തിനുമുന്നില്‍ പ്രത്യക്ഷനായി. എന്ത് ആഗ്രഹം വേണമെന്ന് ഭഗവാന്‍ ചോദിച്ചപ്പോള്‍ ഭഗവാന്റെ സാന്നിദ്ധ്യം എന്നും ആ നാട്ടില്‍ കുടികൊള്ളണമെന്നായിരുന്നു ആമലകന്റെ മറുപടി. തുടര്‍ന്ന് ഭഗവാന്‍ അവിടെ അഞ്ജനശിലയില്‍ ദേവിമാര്‍ക്കും അനന്തനുമൊപ്പം സ്വയംഭൂവായി ക്ഷേത്രത്തില്‍ കുടികൊണ്ടു. ഈ വിഗ്രഹമാണ് ഇന്ന് ക്ഷേത്രത്തില്‍ പടിഞ്ഞാറോട്ട് ദര്‍ശനമായി പരിലസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: