ശ്രീനഗർ: തീവ്രവാദികള്‍ക്ക് ഒത്താശ ചെയ്തുകൊടുത്തുവെന്ന് സംശയത്തിനതീതമായി തെളിഞ്ഞതിനെ തുടർന്ന് കശ്മീരിൽ ആറ് സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ഇതില്‍ രണ്ട് പോലീസ് കോൺസ്റ്റബിൾമാരും ഉള്‍പ്പെടുന്നു.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്രപ്രദേശ ഭരണകൂടം നിയോഗിച്ച സമിതി ഇവരുടെ പിരിച്ചുവിടലിന് ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണ് നടപടി. ഭരണഘടനയിലെ 311(സി) (2) വകുപ്പനുസരിച്ചാണ് ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ ശുപാര്‍ശ. ഈ വകുപ്പ് പ്രകാരം അന്വേഷണം കൂടാതെ തന്നെ ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ സാധിക്കും. അതിന് രാജ്യസുരക്ഷയ്ക്കെതിരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പ്രവര്‍ത്തിച്ചുവെന്ന് ഗവര്‍ണര്‍ക്കോ രാഷ്ട്രപതിയ്ക്കോ ബോധ്യപ്പെട്ടാല്‍ മതി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്വഭാവവും പുര്വ്വകാലചരിത്രവും സമയബന്ധിതമായി ഉറപ്പുവരുത്തണമെന്ന കേന്ദ്ര പ്രദേശ ഭരണകൂടത്തിന്റെ നിര്‍ദേശമുണ്ടായി ദിവസങ്ങള്‍ക്കകമാണ് ആറ് ഉദ്യോഗസ്ഥരുടെ പിരിച്ചുവിടല്‍ നടപടി. പുതിയ ജമ്മുകശ്മീര്‍ പൊതുഭരണവകുപ്പിന്റെ നിര്‍ദേശത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് നിര്‍ബന്ധമായും ഇന്ത്യയോടും അതിന്റെ ഭരണഘടനയോടും സത്യസന്ധതയും സ്വഭാവദാര്‍ഢ്യവും കൂറും പുളര്ത്തണമെന്നുണ്ട്. അതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ സര്‍ക്കാര്‍ സേവകന് അയോഗ്യനാകും.
സർക്കാരിന്റെ ശമ്പളം പറ്റി തീവ്രവാദികൾക്ക് ഒത്താശ ചെയ്യുന്നവർക്കെതിരേ കശ്മീരിൽ കടുത്ത നടപടികൾക്കാണ് തുടക്കമിട്ടത്. സർക്കാർ ഉദ്യോഗസ്ഥർക്ക് പാസ്പോർട്ട് ലഭിക്കണമെങ്കിൽ അതാത് വകുപ്പുകളില്‍ നിന്നുളള വിജിലൻസ് അനുമതി വേണമെന്ന് കഴിഞ്ഞ ആഴ്ച ഉത്തരവിറങ്ങിയിരുന്നു.
ജൂലൈയിൽ ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ സയ്യീദ് സലാഹുദ്ദീന്റെ മകനുള്‍പ്പെടെ 11 സർക്കാർ ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആറ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: