വടകര: നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകരയിലെ തോല്‍വിയില്‍ ഇടതുമുന്നണിയില്‍ കടുത്ത ഭിന്നത. എല്‍ജെഡി സ്ഥാനാര്‍ത്ഥിയായ മനയത്ത് ചന്ദ്രന്റെ പരാജയം വീണ്ടും ചര്‍ച്ചയായതോടെയാണ് ഇടത് മുന്നണിയില്‍ ഭിന്നത മൂര്‍ച്ഛിച്ചത്. എന്നാല്‍ എല്‍ജെഡി മുന്നണി മര്യാദകള്‍ പാലിക്കാതെ അനാവശ്യ പ്രചാരണം നടത്തുകയാണെന്നാണ് സിപിഎം വിലയിരുത്തല്‍.
തോല്‍വിക്ക് കാരണം സിപിഎം ശക്തി കേന്ദ്രങ്ങളില്‍ വോട്ട് കുറഞ്ഞതാണെന്ന എല്‍ജെഡി നേതാക്കളുടെ പരസ്യ ആരോപണത്തോടെയാണ് അടക്കി വെച്ച അതൃപ്തി ശക്തമായത്. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം പരാജയപ്പെട്ട മറ്റുസ്ഥലങ്ങളില്‍ സിപിഎം തോല്‍വി പരിശോധിക്കാന്‍ തയ്യാറായിട്ടുണ്ടെങ്കിലും വടകര മാത്രം പരിഗണിച്ചില്ല. ഇതില്‍ എല്‍ജെഡിക്ക് കടുത്ത അമര്‍ഷമുണ്ട്. വടകരയില്‍ എല്‍ജെഡി ഓഫീസ് ഉദ്ഘടന ചടങ്ങിലും പാര്‍ട്ടി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന് സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.
സിപിഎം കോട്ട ഉള്‍പ്പെടെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വലിയ രീതിയില്‍ വോട്ടു ചോര്‍ച്ച നടന്നിട്ടും പാര്‍ട്ടി വിഷയത്തില്‍ മൗനം പാലിക്കുകയാണെന്നാണ് എല്‍ജെഡി നേതാക്കള്‍ യോഗത്തില്‍ ഉന്നയിച്ചത്. മന്ത്രി സ്ഥാനം നല്‍കാത്ത സിപിഎം നിലപാടിലും എല്‍ജെഡിയില്‍ അമര്‍ഷമുണ്ട്.
എന്നാല്‍ മുന്നണി യോഗങ്ങളില്‍ എല്‍ജെഡി വിഷയം ഉന്നയിക്കാതെ പൊതുവേദികളില്‍ അവതരിപ്പിക്കുന്നത് ഗുരുതരമായ സാഹചര്യമുണ്ടാക്കിയെന്നാണ് സിപിഎം വാദം. ഇപ്പോള്‍ നടക്കുന്ന സിപിഎം ബ്രാഞ്ച്, ജില്ലാ സമ്മേളനങ്ങളിലും ഇടതുമുന്നണിയിലെ ഭിന്നതയും പ്രധാന ചര്ച്ചയാകുന്നുണ്ടൊണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: