കോന്നി : പത്തനംതിട്ട സീതത്തോട് സഹകരണബാങ്കിലെ സാമ്പത്തിക ക്രമക്കേടില്‍ കോന്നി എംഎല്‍എ കെ.യു ജനീഷിനും സിപിഎമ്മിനും പങ്കാളിത്തമുണ്ടെന്ന് ആരോപണം. ക്രമക്കേടിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ സെക്രട്ടറി കെ.യു. ജോസാണ് ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. ബാങ്കിന്റെ മുഴുവന്‍ കാര്യങ്ങളും കോന്നി എംഎല്‍എയ്‌ക്ക് അറിയാവുന്നതാണ്. അദ്ദേഹം അറിയാതെ ബാങ്കില്‍ ഒന്നും നടക്കില്ലെന്നും ജോസ് ആരോപിച്ചു.
2019ലാണ് താന്‍ ബാങ്ക സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. ബാങ്കില്‍ സാമ്പത്തിക ക്രമക്കേട് നടക്കുമ്പോള്‍ സെക്രട്ടറി ചുമതലയില്‍ താനായിരുന്നില്ല. മുന്‍ ഭരണസമിതിയുടെ വീഴ്ചകള്‍ മറയ്‌ക്കുന്നതിന് വേണ്ടി ബലിയാടാക്കുകയാണെന്നും ജോസ് ആരോപിച്ചു.
ബാങ്കിലെ സാമ്പത്തിക ക്രമക്കേട് നിലവില്‍ തന്റെ തലയില്‍ കെട്ടിവെയ്‌ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ബാങ്കിന്റെ മുഴുവന്‍ കാര്യങ്ങളും സിപിഎമ്മിനും കോന്നി എംഎല്‍എയ്‌ക്കും അറിയാവുന്നതാണ്.
എംഎല്‍എ അറിയാതെ ബാങ്കില്‍ ഒന്നും നടക്കില്ല. സഹകരണ വകുപ്പ് ജീവനക്കാരെ സ്വാധീനിച്ച് എംഎല്‍എ കേസില്‍ തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുകയാണ്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും പരാതിയും നല്‍കിയിട്ടുണ്ട്. സെക്രട്ടറി പദത്തില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്ത നടപടിയെ നിയമപരമായി നേരിടുമെന്നും ജോസ് അറിയിച്ചു.
വര്‍ഷങ്ങളായി സിപിഎം ഭരണസമിതിയാണ് സീതത്തോട് സര്‍വീസ് സഹകരണ ബാങ്ക് ഭരിക്കുന്നത്. 2013 മുതല്‍ ബാങ്കില്‍ കൃതൃമ രേഖകള്‍ ഉപയോഗിച്ച് ഓഡിറ്റ് നടത്തി. ഭരണ സമിതി ബാങ്കിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കി. കേരള ബാങ്കില്‍ നിന്ന് സ്വര്‍ണ പണയത്തിന്‍ മേല്‍, ഓവര്‍ ഡ്രാഫ്റ്റ് ഇനത്തില്‍ കിട്ടിയ ഏഴ് കോടി രൂപയും പലിശയും തിരിച്ചടച്ചിട്ടില്ല. ഇതോടെ ബാങ്കിന് വായ്പയും കിട്ടാതെയായെന്നുമാണ് ആരോപണങ്ങള്‍.
കൂടാതെ നിക്ഷേപത്തില്‍ നിന്ന് ലോണ്‍ എടുക്കുക, വായ്‌പ്പക്കാര്‍ അറിയാതെ ഈട് നല്‍കിയ ആധാരം മറിച്ച് പണയം വെക്കുക, നിയമനത്തില്‍ അഴിമതി നടത്തിയെന്നും ആരോപണമുണ്ട്. ഇത് വിവാദമായതോടെയാണ് കഴിഞ്ഞ ദിവസം സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: