മഹാകവി വള്ളത്തോളിന്റെ വീട് കയ്യടക്കിയ സിപിഎം അത് സ്വന്തം പാര്‍ട്ടി ഓഫീസുപോലെ കൊണ്ടുനടക്കുന്നു എന്ന വാര്‍ത്ത സാംസ്കാരിക കേരളത്തെ ഞെട്ടിപ്പിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്യുന്നു. തിരൂരിലെ വള്ളത്തോളിന്റെ തറവാട് ഏറ്റെടുത്ത് നിര്‍മിച്ച സ്മാരകം സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ട്രസ്റ്റ് തന്നിഷ്ടപ്രകാരം കൊണ്ടുനടക്കുകയാണെന്നും, മഹാകവിയുടെ ഓര്‍മകള്‍ നിലനിര്‍ത്താന്‍ യാതൊന്നും ചെയ്യുന്നില്ലെന്നുമുള്ള പരാതിയുമായി കവിയുടെ അനന്തരവന് തന്നെയാണ് രംഗത്തുവന്നിരിക്കുന്നത്. വള്ളത്തോള്‍ ഇരുപത്തിയൊമ്പത് വയസ്സുവരെ താമസിച്ചിരുന്നതും, ആയുധക്കളരിയും അക്ഷരക്കളരിയുമൊക്കെ നിലനിന്നിരുന്നതുമായ ഇരുപത് സെന്റ് സ്ഥലത്തെ തറവാട് പൊളിച്ചു കളഞ്ഞ് പുതിയ കെട്ടിടം പണിയുകയാണ് ട്രസ്റ്റ് ചെയ്തത്. പൂര്‍ണമായും സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ഇവിടെ നിന്ന് കവിയുടെ ഓര്‍മകളെ കുടിയിറക്കിയിരിക്കുന്നു. പാര്‍ട്ടി പരിപാടികള്‍ മാത്രമാണത്രേ ഇവിടെ നടക്കുന്നത്. മഹാകവിയുടെ കുടുംബാംഗങ്ങളെ അറിയിക്കാതെ ഏകപക്ഷീയമായാണ് ട്രസ്റ്റിന്റെ യോഗങ്ങള്‍ നടത്തുന്നതെന്നും പരാതിയുണ്ട്. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയെങ്കിലും പരിശോധിക്കാമെന്ന് പറഞ്ഞതല്ലാതെ ഒരു നടപടിയുമുണ്ടായില്ലെന്നാണ് വള്ളത്തോളിന്റെ അനന്തരവന് രാമദാസ് പറയുന്നത്.
വള്ളത്തോളിന്റെ ഓര്‍മകള്‍ തങ്ങിനില്ക്കുന്ന തറവാട് പൊളിച്ചുകളഞ്ഞതുതന്നെ ഒരു സാംസ്കാരിക തിന്മയാണ്. ഇത്തരം പൈതൃക ഭവനങ്ങള്‍ തനിമയോടെ നിലനിര്‍ത്തുകയാണ് വേണ്ടത്. കാലം വരുത്തിവച്ച കേടുപാടുകള്‍ തീര്‍ത്ത് കെട്ടിടം നവീകരിക്കാനുള്ള സാങ്കേതിക വിദ്യകള്‍ ഇന്ന് ലഭ്യമാണ്. വള്ളത്തോളിന്റെ തറവാട് പൊളിച്ചുകളയുന്നതിനുമുന്‍പ് എന്തുകൊണ്ട് ഇതിനെക്കുറിച്ച് ആലോചിച്ചില്ല എന്ന ചോദ്യത്തിന് ട്രസ്റ്റിന്റെ ഭാരവാഹികള്‍ മറുപടി നല്‍കണം. കവിതകളിലൂടെയും മറ്റും അറിഞ്ഞ് ആരാധനയോടെ എത്തുന്നവര്‍ക്ക് കവിയുടെ ജന്മഗൃഹം കാണാനാവാതെ മടങ്ങേണ്ടിവരുന്നത് എത്രമേല്‍ നിരാശാജനകമാണ്! മഹാകവി തന്നെ മുന്‍കയ്യെടുത്ത് സ്ഥാപിച്ച ചെറുതുരുത്തിയിലുള്ള കേരള കലാമണ്ഡലം സന്ദര്‍ശിച്ചശേഷം വളരെ താല്‍പ്പര്യത്തോടെ പലരും ഈ വീടു കാണാനെത്താറുണ്ട്. പഴമയുടെ പ്രതീകമായിരുന്ന പൈതൃക ഭവനത്തിന്റെ സ്ഥാനത്ത് ഇന്ന് എവിടെയും കാണാവുന്ന ചെറിയൊരു കെട്ടിടം കണ്ട് മടങ്ങേണ്ടിവരുന്നവരുടെ നിരാശ പറഞ്ഞറിയിക്കാന്‍ കഴിയുന്നതല്ല. പക്ഷേ വിപണിമൂല്യം മാത്രം നോക്കി സ്മാരകവും അതിരിക്കുന്ന സ്ഥലവും കയ്യടക്കി വച്ചിരിക്കുന്നവരുടെ ആശങ്കകള്‍ ഇതൊന്നുമല്ല. അങ്ങനെയൊരു വികാരം ട്രസ്റ്റിനെ നിയന്ത്രിക്കുന്നവരില്‍ ഒരാള്‍ക്കെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു ദുര്‍ഗതി മഹാകവിയുടെ സ്മാരകത്തിന് വരില്ലായിരുന്നുവല്ലോ.
കലയെയും സാഹിത്യത്തെയുമൊക്കെ ആത്മാര്‍ത്ഥമായി ഉള്‍ക്കൊള്ളുന്നവരുടെയും, കവികളെയും സാഹിത്യകാരന്മാരെയും ആരാധനയോടെ കാണുന്നവരുടെയും വികാരവിചാരങ്ങള്‍ സാമ്പത്തികമാത്രവാദികളായ കമ്യൂണിസ്റ്റുകള്‍ക്ക് മനസ്സിലാവണമെന്നില്ല. മഹാകവി ചങ്ങമ്പുഴ കവിതയെഴുത്ത് നിര്‍ത്തണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചവരാണല്ലോ ഇവര്‍. ജീവിച്ചിരിക്കുമ്പോള്‍ കവികളോട് ഏറ്റുമുട്ടാന്‍ ഭയക്കുന്ന ഇക്കൂട്ടര്‍ അവരുടെ മൃതദേഹത്തോടു പോലും പ്രതികാരം ചെയ്ത് സംതൃപ്തിയടയും. വൈലോപ്പിള്ളിയുടെ കാര്യത്തില്‍ സംഭവിച്ചത് ഇതാണല്ലോ. നിളാ തീരത്തെ ചിതയില്‍ എരിഞ്ഞടങ്ങിയപ്പോഴും കവിയെ ബഹിഷ്കരിക്കാന്‍ മടിക്കാത്തവര്‍. വൈലോപ്പിള്ളിയുടെ ജന്മഗൃഹം പിന്നീട് തട്ടിയെടുക്കാനുള്ള ശ്രമം ചെറുക്കാന്‍ കവിയുടെ ഭാര്യയ്ക്ക് പോലീസില്‍ പരാതികൊടുക്കേണ്ടിവന്നു. ഇത്തരം കമ്യൂണിസ്റ്റ് ഹൈജാക്കിങ്ങിന്റെ മറ്റൊരു രൂപമാണ് വള്ളത്തോള്‍ സ്മാരകത്തോട് ചെയ്യുന്നത്. പല സ്മാരകങ്ങളുടെയും കാര്യത്തില്‍ ഇത്തരം കയ്യേറ്റങ്ങള്‍ കാണാനാവും. സ്ഥാനമാനങ്ങള്‍ ലഭിക്കണമെങ്കില്‍ സ്വേച്ഛാധിപത്യപരവും സംസ്കാരവിരുദ്ധവുമായ നടപടികള്‍ക്കുനേരെ കണ്ണടയ്ക്കേണ്ടിവരുന്ന സാംസ്കാരിക നായകന്മാരുടെ ഗതികേട് ഇപ്പോള്‍ സാക്ഷര കേരളത്തിന് സുപരിചിതമാണ്. ഇക്കാര്യത്തില്‍ മാറി ചിന്തിക്കാനുള്ള ബാധ്യത കലയെയും സാഹിത്യത്തെയും സ്നേഹിക്കുന്നവര്‍ക്കുണ്ട്. ഇവര്‍ മുന്നിട്ടിറങ്ങി വള്ളത്തോള്‍ സ്മാരകത്തിന്റെ വിശുദ്ധി വീണ്ടെടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: