ലക്നൗ: അഖില ഭാരതീയ അഖാഡ പരിഷത് അദ്ധ്യക്ഷൻ മഹന്ത് നരേന്ദ്ര ഗിരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ അദ്ദേഹം കഴിയുന്ന മഠത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
പ്രയാഗ് രാജിലെ ഭാഗംബരി മഠത്തില്‍ കയറിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും ആത്മഹത്യയാണെന്ന് സംശയമുണ്ടെന്നും പ്രയാഗ് രാജ് പോലീസ് സൂപ്രണ്ട് കവീന്ദ്ര പ്രതാപ് സിങ് പറഞ്ഞു. ഫോറൻസിക് സംഘം മഠത്തിലെത്തി പരിശോധനകൾ നടത്തി. പരിശോധനയിൽ ഒരു ആത്മഹത്യാകുറിപ്പ് കണ്ടെത്തിയതായും പൊലീസ് സൂപ്രണ്ട് പറഞ്ഞു. ഇതില്‍ പല പേരുകളും ഉണ്ടെന്നും പറയപ്പെടുന്നു. അതേസമയം, മഹന്ത് നരേന്ദ്ര ഗിരി കൊല്ലപ്പെട്ടതാണെന്നും ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹത്തിന്റെ ശിഷ്യനായ ആനന്ദ് ഗിരി ആവശ്യപ്പെട്ടു. ഉന്നത സ്വാധീനങ്ങളുള്ള വ്യക്തിയായതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ഇക്കാര്യത്തില്‍ യോഗി തന്നെ അന്വേഷണത്തിന് ഉത്തരവിട്ടു. പൊടുന്നനെയാണ് മഹന്ത് നരേന്ദ്ര ഗിരി മരിച്ചതായി അറിയിപ്പ് ലഭിച്ചതെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും ശിഷ്യര്‍ പറയുന്നു.
മഹന്ത് ഗ്യാന്‍ ദാസിന് പകരം അഖില ഭാരതീയ അഖാഡ പരിഷത് അദ്ധ്യക്ഷനായി 2016ലാണ് മഹന്ത് നരേന്ദ്ര ഗിരി അധികാരമേറ്റത്. മഹന്ത് നരേന്ദ്ര ഗിരിയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി. അങ്ങേയറ്റം ദുഖകരമാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. സമൂഹത്തിലെ വിവിധ കോണുകളിലുള്ളവരെ ഒരുമിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആത്മീയതയ്ക്ക് തീരാനഷ്ടമാണ് മഹന്ത് നരേന്ദ്രഗിരിയുടെ വേര്‍പാടെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ദുഖാര്‍ത്തരായ അദ്ദേഹത്തിന്റെ ശിഷ്യര്‍ക്ക് ഈ വേര്‍പാട് താങ്ങാന്‍ കരുത്തുണ്ടാകട്ടെയെന്നും യോഗി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: