ആലപ്പുഴ: നെല്ലിന്റെ കൈകാര്യച്ചെലവ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധമുയരുന്നു. അതിനിടെ, നാമമാത്രമായ തുക പോലും സര്‍ക്കാരിന്റെ പുതിയ നയം കാരണം വൈകുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍. മില്ലുടമകള്‍ കര്‍ഷകര്‍ക്കു നേരിട്ട് കൈകാര്യച്ചെലവ് നല്കുന്നതു നിര്‍ത്തലാക്കി സപ്ലൈകോ കര്‍ഷകര്‍ക്കു നേരിട്ടു നല്കുമെന്ന പ്രഖ്യാപനമാണ് കര്‍ഷകരെ ആശങ്കയിലാക്കുന്നത്.
നെല്ലിന്റെ ചുമട്ടുകൂലി ക്വിന്റലിന് 200 രൂപ വരെയെത്തി നില്‍ക്കുമ്പോഴും പതിറ്റാണ്ടു മുമ്പു പ്രഖ്യാപിച്ച ക്വിന്റലിന് 12 രൂപ എന്നത് വര്‍ധിപ്പിച്ചിട്ടില്ല. എന്നാല്‍ പ്രഖ്യാപിത തുക കര്‍ഷകര്‍ക്കു പാഡി റസീപ്റ്റ് ഷീറ്റ് നല്കുമ്പോള്‍ മില്ലുടമകള്‍ കൃത്യമായി നല്കുമായിരുന്നു. സപ്ലൈകോ നേരിട്ടു നല്കാന്‍ തയ്യാറായാല്‍ നാമമാത്രമായ ഈ തുക പോലും സമയബന്ധിതമായി ലഭിക്കില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
വളം, കീടനാശിനികള്‍ക്ക് സബ്‌സിഡി നല്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതും കര്‍ഷകര്‍ക്ക് നേരിട്ടോ അക്കൗണ്ടിലോ എത്തുന്നില്ല. വരമ്പുകുത്ത്, നിലമൊരുക്കല്‍ തുടങ്ങിയ ജോലികള്‍ക്കും സബ്‌സിഡി പ്രഖ്യാപിച്ചിരുന്നു. ഇന്നും പ്രഖ്യാപനമായി തുടരുകയാണ്. ഈ സാഹചര്യം നിലനില്‍ക്കെയാണ് അംഗീകൃത മില്ലുടമകളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കൈകാര്യച്ചെലവ് സപ്ലൈകോ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതെന്നാണ് കര്‍ഷകരുടെ ആരോപണം.
നിലവില്‍ 120 രൂപ മുതല്‍ 200 രൂപ വരെ ചുമട്ടുതൊഴിലാളികള്‍ ക്വിന്റലിനു കൂലിയായി വാങ്ങുന്നുണ്ട്. എന്നാല്‍, ചുമട്ടുകൂലിയുടെ ആനുപാതികമെങ്കിലും കൈകാര്യച്ചെലവായി കര്‍ഷകര്‍ക്കു കൊടുക്കാന്‍ വകുപ്പുതല നടപടിയില്ല. ക്വിന്റലിന് 50 രൂപയെങ്കിലും കൈകാര്യ ചെലവ് കര്‍ഷകര്‍ക്കു കളത്തില്‍ ലഭ്യമാക്കുന്ന സമീപനമാണ് ഉണ്ടാകേണ്ടതെന്നു കര്‍ഷകര്‍ പറയുന്നു. നെല്ലു സംഭരണ വില പോലും സമയബന്ധിതമായി നല്കാതെ കര്‍ഷകര്‍ ഏറെ ദുരിതം അനുഭവിക്കുന്നതിനിടെയാണ് മില്ലുടമകളുമായുള്ള സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ പുതിയ ധാരണ കര്‍ഷകര്‍ക്കു ഇരുട്ടടിയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: