ആലപ്പുഴ: ന്യൂനപക്ഷങ്ങള്‍ രാജ്യത്തിന്റെ ഖജനാവ് മുഴുവന്‍ ചോര്‍ത്തുകയാണെന്നും സംഘടിത വോട്ട് ബാങ്കായി നിലകൊണ്ട് അധികാര രാഷ്ട്രീയത്തില്‍ പ്രവേശിച്ച് അര്‍ഹതപ്പെട്ടതും അതില്‍ കൂടുതലും ഈ വിഭാഗക്കാര്‍ വാരി കൊണ്ടു പോവുകയാണെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഭൂരിപക്ഷത്തിലെ പിന്നാക്ക, പട്ടികജാതി-വര്‍ഗ സമുദായത്തിന് എന്ത് നീതി കൊടുത്തെന്ന് പരിശോധിക്കട്ടെ എന്നും വെള്ളാപ്പള്ളി പറഞ്ഞു. സംഘടിത വോട്ട് ബാങ്കിന് മുന്നില്‍ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും സാഷ്ടാംഗം പ്രണാമം ചെയ്യുകയാണ്. ജനാധിപത്യത്തില്‍ വോട്ടിനാണ് പ്രാധാന്യം. ന്യൂനപക്ഷ വിഭാഗം ദേശീയ രാഷ്ട്രീയ പാര്‍ട്ടികളെയും മുള്‍മുനയില്‍ നിര്‍ത്തുന്നുണ്ടെന്നും വെള്ളാപ്പള്ളി.
ഒരു വിഭാഗം പന പോലെ വളരുമ്പോള്‍ ഇവിടെ ഭൂരിപക്ഷ സമുദായത്തിലെ പട്ടികജാതി, വര്‍ഗ, പിന്നാക്ക വിഭാഗങ്ങള്‍ കറുക പോലെ കിടക്കുകയാണ്. അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച് പിന്നെ കുരക്കുന്ന സ്ഥിതിയാണ്. പാണ്ഡിത്യമുള്ള ഫാ. റോയ് കണ്ണന്‍ചിറ സംസ്കാരത്തിന് ചേര്‍ന്ന വാക്കുകളാണോ പറഞ്ഞതെന്നും വെള്ളാപ്പള്ളി.
ലവ് ജിഹാദും മതപരിവര്‍ത്തനവും ഏറ്റവും കൂടുതല്‍ സംഘടിതമായി നടത്തുന്നത് ക്രിസ്ത്യന്‍ സമുദായമാണെന്ന് വെള്ളാപ്പള്ളി നടേശന്. മുസ്ലിങ്ങള്ക്കിടിയില് ഒരു ലവ് ജിഹാദ് നടക്കുമ്പോള്‍ മറുഭാഗത്ത് ഡസന്‍ കണക്കിന് ലവ് ജിഹാദാണ് നടക്കുന്നത്. എന്തുകൊണ്ട് ഇക്കാര്യം ആരും പറയുന്നില്ല. ലൗവ് ജിഹാദ് പുതിയ കാര്യമല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇക്കാര്യം താന്‍ പറഞ്ഞതാണ്. അന്ന് പറഞ്ഞപ്പോള്‍ തന്നെ വര്‍ഗീയവാദിയാക്കിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. പണം, വീട്, ജോലി, വിവാഹ സഹായം എന്നിവ നല്‍കിയാണ് ക്രൈസ്തവ വിഭാഗത്തിലെ ചില വിഭാഗങ്ങള്‍ മത പരിവര്‍ത്തനം നടത്തുന്നത്. ക്രിസ്ത്യന്‍ മിഷനറിമാര്‍ എത്രമാത്രം മതപരിവര്‍ത്തനമാണ് രാജ്യത്ത് നടത്തുന്നതെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: