കല്ലറങ്ങാട്ട് പിതാവ് കുറവിലങ്ങാട് പള്ളിയുടെ അള്‍ത്താരയില്‍ നിന്ന് വിളിച്ചുപറഞ്ഞ പച്ചയായ സത്യങ്ങള്‍ കേട്ട് കേരളം കലങ്ങിമറിയുകയാണ്. കല്ലറങ്ങാട്ടച്ചന്റെ വെളിപാടിനും വര്‍ഷങ്ങള്‍ക്ക് മുമ്പേ കേരളത്തില്‍ ഇത് ചര്‍ച്ചയാണ്. അന്നൊക്കെ മാധ്യമങ്ങളും രാഷ്ട്രീയക്കാരും സാമുദായികനേതാക്കന്മാരും ആസൂത്രിതമായ മൗനം പാലിക്കുകയായിരുന്നു. വിഷയം ചര്‍ച്ചയാക്കിയാല്‍ ബിജെപിക്ക് ഗുണം കിട്ടിപ്പോയാലോ എന്ന ആശങ്ക കൊണ്ടായിരുന്നുവത്രെ പേരുകേട്ട നിഷ്പക്ഷന്മാരൊക്കെ മൗനികളായത്.
എന്‍ഡിഎഫും പോപ്പുലര്‍ഫ്രണ്ടും എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമൊക്കെ വല്ലാണ്ട് തിമിര്‍ത്ത എത്ര സംഭവങ്ങളാണ് ഈ നിഷ്പക്ഷന്മാര്‍ പൂഴ്ത്തിവെച്ചത്. പാനായിക്കുളത്തും കനകമലയിലും വാഗമണിലും പത്തനാപുരത്തെ പാടത്തുമൊക്കെ തീവ്രവാദപരിശീലനക്യാമ്പുകള്‍ നടന്നത് ഇക്കൂട്ടര്‍ കണ്ടതേയില്ല. പ്രേമം നടിച്ച് കെട്ടുന്ന പെണ്‍കുട്ടികള്‍ സിറിയയിലേക്കും അഫ്ഗാനിലേക്കും വണ്ടി കയറുന്നതും ജയിലിലാകുന്നതും അവരാരും കണ്ട മട്ട് കാട്ടിയിട്ടില്ല. ലൗ ജിഹാദ് കേസുകളുടെ കണക്കുകളുമായി വര്‍ഷങ്ങള്‍ക്ക് മുമ്പിറങ്ങിയ വാരികകള്‍ കടകളില്‍ നിന്ന് കൂട്ടത്തോടെ വാങ്ങിക്കൊണ്ട് പോയി കത്തിച്ചുകളഞ്ഞത് അവര്‍ ചര്‍ച്ച ചെയ്തില്ല. 2010ല്‍ കേരളത്തിന്റെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് പത്രസമ്മേളനം നടത്തി ’20 കൊല്ലത്തിനുള്ളില്‍ കേരളത്തില്‍ ഇസ്ലാമികരാജ്യം സ്ഥാപിക്കാന്‍ തീവ്രവാദസംഘടനകള്‍ പദ്ധതിയിട്ടു’ എന്ന് പറഞ്ഞപ്പോഴും അവര്‍ ക്രൂരമായ നിഷ്പക്ഷത പാലിച്ചു.
എങ്ങാനും ബിജെപി വളര്ന്നാലോ എന്ന ആശങ്കയില്‍ അവര്‍ ഈന്തപ്പഴത്തിനും അതിനുള്ളിലെ സ്വര്‍ണക്കുരുവിനും മുന്നില്‍ വാക്കൈ പൊത്തിനിന്നു. ഒരു ചോദ്യപ്പേപ്പറിന്റെ പേരില്‍ തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്റെ കൈ വെട്ടിയെറിഞ്ഞപ്പോഴും അതിലെ പ്രതി പിന്നീട് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴുമൊന്നും ഇവര്‍ അനങ്ങിയില്ല. ഓണത്തിനും ക്രിസ്തുമസിനും എതിരെ പോലും മതവിദ്വേഷപ്രചരണം അഴിച്ചുവിട്ടപ്പോഴും മതേതരത്വവും മതസൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കാന്‍ കെട്ടിപ്പിടിച്ചുകിടന്ന ഇക്കൂട്ടരെ കണ്ടതേയില്ല. രാമക്ഷേത്രനിര്‍മ്മാണത്തിന് പണം നല്‍കിയതിന്റെ പേരില്‍ ഒരു ജനപ്രതിനിധിക്ക് ഈരാറ്റുപേട്ടയില്‍ അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയപ്പോഴും ഈ നിഷ്പക്ഷര്‍ ഭീകരമായ മൗനം പാലിച്ചു. മതഭീകരരുടെ ഭീഷണിക്കുമുന്നില്‍ മാപ്പു പറഞ്ഞും മുട്ടിലിഴഞ്ഞും നട്ടെല്ല് തേഞ്ഞുപോയ മതേതര നിഷ്പക്ഷ മാധ്യമപ്പടയടക്കമാണ് ഇപ്പോള്‍ പാലാ ബിഷപ്പിന്റെ ഒറ്റ പ്രയോഗത്തില്‍ ആടിയുലയുന്നത്.
പാലാ രൂപതയും കുഞ്ഞാടുകളും ഇടയനുമൊക്കെ സംഘടിതമതക്കാരായതുകൊണ്ട് മാത്രമല്ല അത്. ഇപ്പറഞ്ഞ മാധ്യമങ്ങളുടെയും രാഷ്ട്രീയക്കാരന്റെയുമൊക്കെ നില്പും നിലനില്പും ഇമ്മാതിരി ഇടപാടുകളില്‍ അധിഷ്ഠിതമാണ് എന്നതുകൊണ്ട് കൂടിയാണ് ഈ അങ്കലാപ്പ്. കല്ലറങ്ങാട്ടച്ചന് നാവ് പിഴ വന്നതല്ല. അത് പറയാന്‍ ഇതിലും നല്ലൊരു സമയവും വേദിയും വേറെയില്ലെന്ന തിരിച്ചറിവില്‍ത്തന്നെയാണ് ബിഷപ്പ് സഭാവിശ്വാസികളെ ഗുണദോഷിച്ചത്. നന്നാവണമെന്ന് ബിഷപ്പ് ഇടവകയിലെ അംഗങ്ങളെ ഉദ്ബോധിപ്പിച്ചാല്‍ നന്നാവാന്‍ അനുവദിക്കില്ലെന്ന് മറ്റൊരു കൂട്ടര് ശാഠ്യം പിടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.
ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദുമൊക്കെയായി ഒരു ചെറിയ ഗ്രൂപ്പ് ആളുകള്‍ രംഗത്തുണ്ടെന്ന് കേട്ടപാടെ ഇത് ഞങ്ങളെയാണ്, ഞങ്ങളെപ്പറ്റിത്തന്നെയാണ് എന്ന് ആക്രോശിച്ച് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുമൊക്കെ രംഗത്തെത്തി. കോഴിയെ കട്ടവന്റെ തലയില്‍ അതാ പൂട എന്ന് പറഞ്ഞാല്‍ കട്ടവന് തലയില്‍ തപ്പിനോക്കുക സാധാരണമാണ്. ബിഷപ്പ് ഹൗസിലേക്ക് മാര്‍ച്ച്, ആക്രോശം, അട്ടഹാസം …. കൗതുകം വിളിക്കുന്ന മുദ്രാവാക്യമത്രയും സംഘപരിവാറിന് നേരെയാണെന്നതാണ്. ബിഷപ്പല്ല ഇനി ആര് സത്യം വിളിച്ചുപറഞ്ഞാലും കള്ളന്മാര് തുള്ളലുകയറി മെക്കിട്ട് കയറാന്‍ വരുന്നത് സംഘപരിവാറിന് മേലേക്കാണെന്നത് പുതിയ കാര്യമല്ല.
പെട്ടത് സതീശനും സുധാകരനുമാണ്. കേരളത്തിലെ കോണ്‍ഗ്രസിനെ മെച്ചപ്പെടുത്താന്‍ ഹൈക്കമാന്‍ഡ് കെട്ടിയിറക്കിയ സയാമീസ് ഇരട്ടകളാണ് ഇരുവരും. ഗ്രൂപ്പില്ലാ കോണ്‍ഗ്രസ് ഗ്രൂപ്പിന്റെ നേതാക്കള്‍. ഡിസിസി പ്രസിഡന്റുമാരെ വാഴിച്ചതിനുപിന്നാലെയുള്ള ഉരുള്‍പൊട്ടല്‍ ആ പാര്‍ട്ടിയില്‍ ഇനിയും തീര്‍ന്നിട്ടില്ല. പിണറായി സര്‍ക്കാര്‍ നൂറ് ദിവസം പിന്നിട്ടതിന്റെ കൊട്ടും പാട്ടും നടക്കുമ്പോള്‍ ഒരക്ഷരം മിണ്ടാനില്ലാതിരുന്ന പ്രതിപക്ഷനേതാക്കളാണ് രണ്ടുപേരും. പക്ഷേ ബിഷപ്പ് പറഞ്ഞപ്പോള്‍ അവര്‍ക്കും പൊള്ളി. കല്ലറങ്ങാട് ബിഷപ്പ് അരുതാത്തത് പറഞ്ഞുവെന്നാണ് സതീശന്റെ കണ്ടെത്തല്‍. കോണ്‍ഗ്രസിലെ അടി ഈ വഴിക്കങ്ങ് ഒഴുകിപ്പോകുന്നെങ്കില്‍ ആകട്ടെ എന്ന കൗശലമല്ല സതീശന്റെ ബിഷപ്പ് വിരുദ്ധപ്രസ്താവനയ്ക്ക് പിന്നില്‍. ചെലവിന് തരുന്നവന് വേണ്ടിയുള്ള നന്ദിപ്രകടനമാണ് സതീശന് നടത്തിയത്.
സതീശന് മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനും കല്ലറങ്ങാട്ട് പിതാവിന്റെ ഉദ്ബോധനത്തില്‍ നടുങ്ങി. സ്വപ്നയും സരിത്തും ശിവശങ്കരനും സ്വര്‍ണക്കടത്തും എല്ലാം ഒരേ വഴിക്ക് വന്നുചേരുന്ന വിഭവസമാഹരണയജ്ഞത്തിന്റെ ഭാഗമാണല്ലോ. മതമല്ല മാഫിയയാണ് ഇമ്മാതിരി മയക്കുമരുന്ന് കടത്തിന്റെ പിന്നിലെന്ന് മതം തന്നെ മാഫിയയാണെന്ന് പ്രസംഗിച്ചുനടക്കുന്ന പാര്‍ട്ടിയുടെ നേതാവ് വാദിക്കുന്നതാണ് കൗതുകം.
പാലാ ബിഷപ്പിന്റെ ‘കരുതല്‍ പ്രസംഗം’ കേട്ട് സതീശനും സുധാകരനും വിജയനുമൊന്നും ഹാലിളകേണ്ടതില്ല. ആ പ്രസംഗത്തിന് ആരുടെയും ഐക്യദാര്‍ഢ്യവും ആവശ്യമില്ല. അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സമൂഹത്തെ സ്വന്തം വിശ്വാസധാരയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ താനേറ്റെടുത്ത പ്രേഷിതവേല ഭംഗിയായി നടപ്പാക്കുകയാണ് ബിഷപ്പ് ചെയ്തത്. സഭാംഗങ്ങളെക്കുറിച്ച് ബിഷപ്പിനുണ്ടായ വേവലാതി നാടിനെക്കുറിച്ച് മുഖ്യമന്ത്രിക്കും ജനപ്രതിനിധികള്‍ക്കുമുണ്ടായാല്‍ പ്രശ്നം പരിഹരിക്കപ്പെടും. വോട്ട് ബാങ്കിനുമുന്നില്‍ മുട്ടിടിച്ചുവീഴുന്ന രാഷ്ട്രീയക്കാരന്റെ മുതലെടുപ്പ് രാഷ്ട്രീയത്തിന് താലിബാനിസത്തിന്റെ കടന്നുവരവ് വരെയേ ആയുസ്സുണ്ടാവുള്ളൂ എന്ന് തിരിച്ചറിയുന്നത് നല്ലത്. പാലാ ബിഷപ്പ് സ്വന്തം കര്‍ത്തവ്യം നിറവേറ്റുന്നു. അതൊരു പാഠമാണ്. അതുകണ്ട് പഠിക്കുന്നതാവും മാധ്യമങ്ങള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: