ചണ്ഡീഗഡ്: എന്തുവിലകൊടുത്തും സിദ്ദു മുഖ്യമന്ത്രിയാകുന്നതിനെ തടയുമെന്ന് അമരീന്ദർ. സിദ്ദുവിന് പാകിസ്ഥാനുമായി ബന്ധമുണ്ടെന്നും അദ്ദേഹം മുഖ്യമന്ത്രിയായാല്‍ ദേശീയ സുരക്ഷയ്ക്ക് അത് ഭീഷണിയാകുമെന്നും അടുത്ത മുഖ്യമന്ത്രിയായി സിദ്ദുവിനെ നാമനിർദേശം ചെയ്യുന്നത് എന്തുവിലകൊടുത്തും എതിർക്കുമെന്നുംഅമരീന്ദർ വ്യക്തമാക്കി.
പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച ശേഷം എഎന്‍ഐ എന്ന വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു അമരീന്ദര്‍ സിങ്. സിദ്ദുവിന്റെ സുഹൃത്താണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ജനറൽ ബജ്വയുമായും സിദ്ദുവിന് അടുത്ത ബന്ധമുണ്ട്. നിരവധി ഡ്രോണുകൾ, ആയുധങ്ങൾ, സ്ഫോടക വസ്തുക്കൾ, ഗ്രനേഡുകൾ, പിസ്റ്റളുകൾ, റൈഫിളുകൾ, എകെ47, ആർഡിഎക്സ്, ഹെറോയിനുകള്‍ എന്നിവ പഞ്ചാബിന്റെ മണ്ണിലേക്ക് പ്രതിദിനം എത്തുന്നുണ്ട്. ഇതെല്ലാം വരുന്നത് പാകിസ്ഥാനില്‍ നിന്നാണ്. സിദ്ദുവിന്റെ പാക് ബന്ധം ദേശീയ സുരക്ഷയെ ബാധിക്കുന്നതാണെന്നും ക്യാപ്റ്റൻ പറഞ്ഞു.
പിസിസി അദ്ധ്യക്ഷനായ നവജ്യോത് സിംഗ് സിദ്ദുവിന് പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന ഗുരുതര ആരോപണമാണ് ക്യാപ്റ്റൻ അമരീന്ദര്‍ സിങ് ഉന്നയിച്ചത്. സിദ്ദുവിനെ മുഖമന്ത്രിയാക്കുന്നതിനുള്ള സകല നീക്കങ്ങളെയും ദേശീയ സുരക്ഷയെ മുൻനിർത്തി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിദ്ദു തീർത്തും അയോഗ്യനായ വ്യക്തിയാണ്. എന്റെ സര്‍ക്കാരിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു അയാള്‍. ഞാന്‍ അദ്ദേഹത്തെ ചുമതലയേല്പിച്ച ഒരു മന്ത്രാലയത്തിന്റെ ചുമതല പോലും കൃത്യമായി പാലിക്കാന്‍ അദ്ദേഹത്തിനായില്ല. അയാൾക്ക് ഒന്നും തന്നെ കൈകാര്യം ചെയ്യാൻ അറിയില്ല. സിദ്ദുവിനെ തനിക്ക് നല്ലപോലെ അറിയാം. അയാൾ ഒരു ദുരന്തമാകാനാണ് പോകുന്നത്. – അമരീന്ദര്‍ സിങ് പറഞ്ഞു.
കോണ്‍ഗ്രസില്‍ തുടരുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്കാന് അമരീന്ദര്‍ സിങ് തയ്യാറായില്ല. താന്‍ രാജിവെയ്ക്കുകയാണെന്ന് പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചപ്പോൾ ‘ അമരീന്ദർ ക്ഷമിക്കണം’ എന്നാണ് അവർ പ്രതികരിച്ചതെന്നും അമരീന്ദർ പറഞ്ഞു. അമരീന്ദര്‍ സിങിനെ മാറ്റണമെന്നാവശ്യപ്പെട്ട് 50 എംഎല്‍എമാര്‍ സോണിയാഗാന്ധിക്ക് കത്തയച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ആകെ 117 അംഗ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് 80 എംഎല്‍എമാരുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: