കോഴിക്കോട്: കേരളത്തിലെ വനവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ദേശീയ പട്ടികവര്‍ഗ കമ്മീഷന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് ഭാരതീയ ജനത പട്ടികവര്‍ഗ മോര്‍ച്ച ദേശീയ ഉപാദ്ധ്യക്ഷന്‍ ഡോ. സത്യനാരായണ റെഡ്ഡി. പട്ടികവര്‍ഗ മോര്‍ച്ച സംസ്ഥാന നേതൃയോഗം കോഴിക്കോട് മാരാര്‍ജി ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ അടിസ്ഥാന ജനവിഭാഗങ്ങളെ കണക്കിലെടുക്കുന്ന സര്‍ക്കാരാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. കാലങ്ങളായി അവഗണിക്കപ്പെട്ട ഗോത്രജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നു. കേരളത്തില്‍ വയനാട്ടിലും അട്ടപ്പാടിയിലും ഗോത്രവിഭാഗങ്ങളുടെ ക്ഷേമത്തിനായി അനുവദിച്ച കോടിക്കണക്കിന് രൂപ വകമാറ്റുകയും പദ്ധതികള്‍ അട്ടിമറിക്കുകയും ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം വിഷയങ്ങള്‍ പട്ടികവര്‍ഗ കമ്മീഷന്റെ മുന്നിലെത്തിക്കാന്‍ പട്ടികവര്‍ഗ മോര്‍ച്ചക്ക് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
അട്ടപ്പാടിയിലും മറ്റ് വനവാസി മേഖലകളിലും മാവോയിസ്റ്റുകള്‍ക്ക് സ്വാധീനമുറപ്പിക്കാന്‍ സാധിക്കുന്നതിന് കാരണം സംസ്ഥാന സര്‍ക്കാരിന്റെ വനവാസികളോടുള്ള അവഗണനയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. വനവാസികളുടൈ ജീവല്‍പ്രശ്നങ്ങള്‍ ഈ സമൂഹത്തിന് മുന്നില്‍ ആദ്യമായി കൊണ്ടുവന്നത് ജനസംഘത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ആദിവാസി സംഘമാണ്. ആ പോരാട്ടം തുടര്‍ന്നുകൊണ്ടു പോകാന്‍ പട്ടികവര്‍ഗ മോര്‍ച്ചയ്ക്ക് സാധിക്കണം. സ്വന്തം ഭൂമിയില്‍ നിന്ന് കുടിയിറക്കപ്പെട്ട വനവാസികള്‍ക്ക് അവരുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുലഭിക്കാന്‍ കേരളത്തില്‍ നിയമനിര്‍മ്മാണം നടത്തിയെങ്കിലും അത് നടപ്പാക്കാന്‍ സംസ്ഥാനം ഭരിച്ച ഒരു സര്‍ക്കാരും തയ്യാറായിട്ടില്ലെന്നും പട്ടയമേള എന്ന പ്രഹസനം നടത്തി ഗോത്രജനതയെ വഞ്ചിക്കുകയാണ് ചെയ്യുന്നതെന്നും രമേശ് പറഞ്ഞു.
എസ്ടി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദന് പള്ളിയറ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ്ബാബു, ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി. രാജേന്ദ്രന്, ബിജെപി ജില്ല പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്, മേഖല പ്രസിഡന്റ് ടി.പി. ജയചന്ദ്രന് മാസ്റ്റര്‍, എം. മോഹനന് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
എസ്ടി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പ്രമോദ്കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും കെ.കെ. സുകുമാരന്‍ പ്രമേയവും അവതരിപ്പിച്ചു. അനീഷ് എം.സി. സ്വാഗതവും സുമിത്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: