കോഴിക്കോട്: ഹോളിവുഡ് സിനിമയില്‍ താരമായി കോഴിക്കോട് തിരുവമ്പാടി സ്വദേശി എബിന്. അമേരിക്കന്‍ സസ്പെന്‍സ് ത്രില്ലര്‍ സ്പോക്കണ് എന്ന സിനിമയിലാണ് തമ്പലമണ്ണ തോണിപ്പാറയിലെ ആന്റണിയുടെയും ഡെയ്സിയുടെയും മകന് എബിന്റെ അരേങ്ങേറ്റം.
ചിത്രം ആമസോണ്‍ പ്രൈമില്‍ ഓടുമ്പോള്‍ തിരുവമ്പാടിക്കാരുടെ അഭിമാനമാണ് കടലോളം ഉയരുന്നത്. സിനിമയില്‍ ‘ടൈലര്‍’ എന്ന കഥാപാത്രയാണ് എബിന് എത്തുന്നത്. കുട്ടിക്കാലം മുതലുള്ള കലാഭിരുചി വളര്‍ന്നാണ് ഈ മലയാളിപ്പയ്യന് അമേരിക്കന്‍ വെള്ളത്തിരയിലെത്തിയത്. ടെനില്‍ റാന്‍സം രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയില്‍ നായികാ കഥാപാത്രമായ ലെനയോട് അഭിനിവേശമുള്ള സംഗീതജ്ഞനായാണ് എബിന് അഭിനയിച്ചത്. കെവിന് സ്റ്റീവന്‍സണ്‍ സംവിധാനംചെയ്ത ‘ബട്ടര്‍ഫ്ലൈസ്’ എന്ന ഇംഗ്ലീഷ് സിനിമയും റിലീസ് ചെയ്യാനുണ്ട്.
പഠിച്ചതും വളര്‍ന്നതും ചെന്നൈയിലാണ്. വിദ്യാലയ കലാവേദികളില്‍ നൃത്തം, നാടകം, മിമിക്രി തുടങ്ങിയ കലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. എന്‍ജിനിയറിങ് പഠനത്തിനിടയില്‍ നിരവധി മലയാളം, തമിഴ്, ഇംഗ്ലീഷ് പടങ്ങള്‍ക്കും കാര്‍ട്ടൂണുകള്‍ക്കും ഡബ്ബിങ്ങും തിരക്കഥയും എഴുതിയാണ് സിനിമാലോകത്തേക്കുള്ള വരവ്. എംടെക് പഠനത്തിന് അമേരിക്കയില്‍ എത്തി. അഭിനയമോഹം പൂര്‍ത്തീകരിക്കാന്‍ ലോസാഞ്ചലസിലെ ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയിലും പഠിച്ചു. ഓഡിഷനില്‍ പങ്കെടുത്താണ് സ്പോക്കണ് സിനിമയിലെത്തിയത്. ലിയനാര്‍ഡോ ഡികാപ്രിയോയെ പോലുള്ള പല പ്രഗത്ഭരായ ഓസ്കര്, എമ്മി അവാര്‍ഡ് ജേതാക്കളുടെയും അഭിനയ ഗുരുവായ ലാരി മോസിന്റെയും ടീം ഫിലിപ്സിന്റെയും ശിക്ഷണത്തില്‍ അഭിനയം പരിശീലിക്കുന്നുണ്ട്. മലയാള സിനിമയില്‍ അവസരം കിട്ടിയാല്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്നും എബിന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: