തിരുവനന്തപുരം: തുവ്വൂര്‍ രക്തസാക്ഷികളുടെ പിന്മുറക്കാര് ഒത്തുചേരുന്നു. രാജ്യം കണ്ട ഏറ്റവും ക്രൂരമായ തുവ്വൂര്‍ നരഹത്യയ്ക്ക് നൂറ്റാണ്ട് തികയുമ്പോള്‍ പൂര്‍വികരുടെ സ്മരണകളുമായി അവര്‍ കേരളത്തോട് സംവദിക്കുകയാണ്. 24ന് വൈകിട്ട് തിരുവനന്തപുരത്ത് തുവ്വൂര്‍ രക്തസാക്ഷിദിനാചരണസമ്മേളനത്തിലാണ് ഒത്തുചേരല്‍. കൊലയാളികളെ വെള്ളപൂശാനും കൂട്ടക്കൊലയെ സ്വാതന്ത്ര്യസമരമാക്കാനും സര്‍ക്കാര്‍ തലത്തില്‍ പരിശ്രമം നടക്കുമ്പോഴാണ് വേറിട്ട ഈ ഒത്തുചേരലിന് തലസ്ഥാനം വേദിയാകുന്നത്.
നിരാലംബരായ ഹിന്ദുക്കളെ തലവെട്ടിക്കൊന്ന് തുവ്വൂര്‍ കിണറ്റില്‍ തള്ളിയ മാപ്പിളക്കലാപത്തിലെ ഏറ്റവും ക്രൂരമായ ഏടിനാണ്് നൂറ് കൊല്ലം തികയുന്നത്. 1921 സെപ്തംബര്‍ 25ന് പുലര്‍ച്ചെ തലേ രാത്രിയില്‍ മാപ്പിളമാര്‍ ഹിന്ദുവീടുകള്‍ കയ്യേറി പിടികൂടിയ 36 പാവങ്ങളെയാണ് തുവ്വൂരിലെ കിണറ്റില്‍ കൊന്നുതള്ളിയത്. 34 ഹിന്ദുക്കളെയും രണ്ട് മാപ്പിളമാരെയുമാണ് ഇങ്ങനെ വധിച്ചതെന്ന് ചരിത്രകാരന്മാര് രേഖപ്പെടുത്തുന്നു.
മാപ്പിളക്കലാപത്തിലെ മതവെറിക്ക് ഇരകളായി കൊല്ലപ്പെട്ടവര്‍ക്ക് മാപ്പിളക്കലാപ രക്തസാക്ഷി അനുസ്മരണസമിതിയാണ് ശ്രദ്ധാഞ്ജലി ഒരുക്കുന്നത്. 24ന് വൈകിട്ട് തിരുവനന്തപുരത്ത് നടക്കുന്ന രക്തസാക്ഷി അനുസ്മരണസമ്മേളനത്തില്‍ ദേശീയനേതാക്കള്‍ അടക്കമുള്ളവര്‍ സംസാരിക്കും. 25ന് സംസ്ഥാനത്തുടനീളം താലൂക്ക് കേന്ദ്രങ്ങളില്‍ തുവ്വൂര്‍ രക്തസാക്ഷി അനുസ്മരണങ്ങള്‍ നടക്കും.
മാപ്പിളക്കലാപകാരികള്‍ ഹിന്ദുക്കൂട്ടക്കൊലയ്ക്ക് വേദിയാക്കിയ തുവ്വൂര്‍ കിണറിന്റെ മാതൃകകള്‍ താലൂക്ക് കേന്ദ്രങ്ങളില്‍ നിര്‍മ്മിച്ച് ചിരാതുകളില്‍ ദീപം തെളിച്ചാണ് രക്തസാക്ഷിസ്മൃതി നടത്തുന്നത്. തുവ്വൂര്‍ രക്തസാക്ഷികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കവിതാലാപനവും പ്രമേയാവതരണവും ഇതോട് അനുബന്ധിച്ച് നടക്കും. സാമൂഹ്യ, സാംസ്കാരിക, ആധ്യാത്മിക രംഗങ്ങളിലെ പ്രമുഖര്‍ സംസ്ഥാനത്തുടനീളം നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കും.
23, 24, 25 തീയതികളിലായി സംസ്ഥാനത്തുടനീളം മാപ്പിളക്കലാപവുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ വില്പനയും ചര്‍ച്ചയും നടത്താനും തീരുമാനിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: