കോഴിക്കോട്: സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ അധ്യാപക നിയമനത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയ വന്‍ അഴിമതി കണ്ടെത്തി സിഎജി. ഇതേത്തുടര്‍ന്ന് കേരള സാങ്കേതിക സര്‍വകലാശാല 961 അധ്യാപകരെ അയോഗ്യരാക്കേണ്ടിവരും. വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലം മുതലുള്ള നിയമനമാണ് അഴിമതിയെന്ന് കണ്ടെത്തിയത്. നിയമനം റദ്ദാക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചിട്ടും നടപ്പാക്കാതിരിക്കുകയാണ് സര്‍ക്കാര്‍. അച്യുതാനന്ദന്‍ ഭരണകാലത്തും ആദ്യ പിണറായി ഭരണകാലത്തുമാണ് വ്യാജ നിയമനങ്ങള്‍ അധികവും.
എന്‍ജിനീയറിങ് കോളജുകളില്‍ നടത്തിയിട്ടുള്ള അസോസിയേറ്റ് പ്രൊഫസര്‍ (664), പ്രൊഫസര്‍ (293), പ്രിന്‍സിപ്പല്‍ (4) നിയമനങ്ങളാണ് അനധികൃതമാണെന്ന് സിഎജിയുടെ 2019-20ലെ റിപ്പോര്‍ട്ട് കണ്ടെത്തിയത്. സര്‍വകലാശാല കുറച്ച് വിവരങ്ങള്‍ മാത്രമാണ് സിഎജിക്ക് കൈമാറിയത്. കൂടുതല്‍ കാലത്തെ നിയമനങ്ങള്‍ അന്വേഷിച്ചാല്‍ വ്യാജ അധ്യാപകരുടെ എണ്ണം ഇനിയും കൂടുമെന്നാണ് വിവരം.
സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജില്‍ തൊണ്ണൂറ്റിമൂന്ന് അധ്യാപകര്‍ക്കാണ് അയോഗ്യത ഇതുവരെ കണ്ടെത്തിയത്. എയ്ഡഡ് എന്‍ജി. കോളജുകളില്‍ നാല്‍പത്തൊമ്പത്, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എന്‍ജി. കോളജുകളില്‍ 69, സ്വാശ്രയ എന്‍ജി. കോളജുകളില്‍ 750 എന്നിങ്ങനെ 961 അധ്യാപക നിയമനങ്ങള്‍ എഐസിടിഇ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ്.
2008ല്‍ അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നടത്തിയ അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍, പ്രിന്‍സിപ്പല്‍ നിയമനങ്ങള്‍ അസാധുവാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ഡിസംബറില്‍ വിധി പറഞ്ഞതാണ്. വിധി സുപ്രീം കോടതി ഈ വര്‍ഷം ഫെബ്രുവരിയില്‍ ശരിവയ്‌ക്കുകയും ചെയ്തു. എഐസിടിഇ അംഗീകാരവും സഹായവും പോലും തടയപ്പെടാന്‍ കണ്ടെത്തല്‍ ഇടയാക്കും.
സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, വിശദാംശങ്ങള്‍ നല്കാന്‍ സപ്തംബര്‍ 13ന് സര്‍വകലാശാലാ രജിസ്ട്രാര്‍ കോളജുകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നിയമനം സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലുണ്ടായിരിക്കെ ഈ നിര്‍ദേശവും നടപടി വൈകിപ്പിക്കാനാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: