മൂന്നാര്‍: നിര്‍മാണ നിരോധനമുള്ള മൂന്നാറില്‍, ഡാം സുരക്ഷപോലും അവഗണിച്ച് ടൂറിസത്തിന്റെ മറവില്‍ വന്‍കിട കെട്ടിട നിര്‍മാണം പുരോഗമിക്കുന്നു. കെഎസ്ഇബിയില്‍ നിന്ന് സഹകരണ ബാങ്കിന് സ്ഥലം പാട്ടത്തിന് കൈമാറിയതിന് പിന്നാലെയാണ് ഈ നടപടി.
സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് തുടര്‍ന്ന് സബ് കളക്ടറുടെ നിര്‍ദേശ പ്രകാരം കഴിഞ്ഞ ആഴ്ച മൂന്നാര്‍ വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്കിയെങ്കിലും ഇപ്പോഴും നിര്‍മാണം തുടരുകയാണ്. മൂന്നാര്‍ ഹെഡ് വര്‍ക്ക്‌സ് ഡാമിന് സമീപമാണ് ഹൈഡല്‍ പാര്‍ക്ക്. ഇരുവശത്ത് കൂടിയും തോട് ഒഴുകുന്നതിനാല്‍ തുരുത്തിന്റെ രൂപമാണ് സ്ഥലത്തിനുള്ളത്. 2018ലെ പ്രളയത്തില്‍ പൂര്‍ണമായും മൂടപ്പെട്ട സ്ഥലം കൂടിയാണിത്. എം.എം. മണി വൈദ്യുതി മന്ത്രിയായിരിക്കെയാണ് തുച്ഛമായ തുകയ്‌ക്ക് മൂന്നാര്‍ സര്‍വീസ് സഹകരണ ബാങ്കിന് സ്ഥലം പാട്ടത്തിന് നല്കിയത്. പിന്നാലെ ഇവിടം ഇടിച്ച് നിരത്തി കണ്ടെയ്‌നറുകള്‍ സ്ഥലത്തെത്തിക്കുകയായിരുന്നു.
പലയിടത്തായി വലിയ കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ നിര്‍മാണവും തുടങ്ങിയിട്ടുണ്ട്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മഴക്കാലത്ത് വെള്ളം കയറുന്ന സ്ഥലം ഡാമിന് തന്നെ ഭീഷണിയായി മാറും. പരിശോധനയില്‍ നിര്‍മാണത്തിന് വേണ്ട യാതൊരു അനുമതികളുമില്ലെന്നു കണ്ടതോടെയാണ് റവന്യൂ അധികൃതര്‍ ജോലികള്‍ നിര്‍ത്തിവയ്‌ക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അനുമതിക്ക് കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നായിരുന്നു ന്യായം. ഇത്തരമൊരു ഫയല്‍ തനിക്ക് ലഭിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടറും വ്യക്തമാക്കി. ഇതിനിടെ ഉന്നതതലത്തില്‍ ഇടപെട്ട് ഇവിടെ നിര്‍മാണ അനുമതി സ്വന്തമാക്കാനും നീക്കമുണ്ട്.
വീടു നിര്‍മാണത്തിനുപോലും കര്‍ശന നിയന്ത്രണമുള്ള മൂന്നാറില്‍ ടൂറിസത്തിന്റെ മറവില്‍ സ്വകാര്യ സ്ഥാപനത്തിന് ലാഭമുണ്ടാക്കാനായി വാണിജ്യാടിസ്ഥാനത്തിലുള്ള വന്‍കിട കെട്ടിട നിര്‍മാണത്തിന് അനുമതി നല്കാനുള്ള നീക്കമാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: