ന്യൂദല്‍ഹി: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ അനുകൂല വിധിയുമായി സുപ്രീംകോടതി. കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് സംവിധാനങ്ങളുമില്ലാത്ത നിരവധി കുട്ടികളുണ്ടെന്നും, ഓണ്‍ലൈന്‍ പരീക്ഷ നടത്താനാകില്ലെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമാണെന്നാണ് പരീക്ഷ നടത്താനുള്ള അനുവാദം നല്‍കികൊണ്ട് കോടതി ചൂണ്ടിക്കാണിച്ചത്. വിദ്യാര്‍ഥികളുടെ സുരക്ഷക്കാവശ്യമായ മുന്‍കരുതലുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ഏഴ് ലക്ഷം പേര് ഓഫ്ലൈനായി നീറ്റ് പരീക്ഷ എഴുതിയത് പരാമര്‍ശിച്ചുകൊണ്ടാണ് കേരളത്തിന്റെ ഹര്‍ജി അനുവദിച്ചത്. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്. ഒക്ടോബറില്‍ മൂന്നാംതരംഗം ഉണ്ടാകുന്നതിന് മുമ്പ് പരീക്ഷ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെ ഉറപ്പ് മുഖവിലയ്ക്കെടുത്താണ് ഓഫ്ലൈന് പരീക്ഷയ്ക്ക് എതിരായ ഹര്‍ജികള്‍ കോടതി തള്ളിയത്.
അതേസമയം, പ്ലസ് വണ്‍ പരീക്ഷ സംബന്ധിച്ച സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ സജ്ജം. സുപ്രീം കോടതി വിധിയുടെ വിശദാംശങ്ങള്‍ ലഭ്യമായാല്‍ മുഖ്യമന്ത്രിയുമായും മറ്റു വകുപ്പുകളുമായും കൂടിയാലോചിച്ച് പരീക്ഷാ തീയതി നിശ്ചയിക്കും. തുടര്‍ന്ന് പുതുക്കിയ ടൈം ടേബിള്‍ പ്രസിദ്ധീകരിക്കും.
വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സ്കൂളുകളിലെ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ തുടരും. സുപ്രീംകോടതി സര്‍ക്കാരില്‍ വിശ്വാസം അര്‍പ്പിക്കുകയാണ് ചെയ്തത്. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് തന്നെ പരീക്ഷ നടത്തും. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒട്ടും ആശങ്ക വേണ്ട. സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച കാര്യങ്ങളിലും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും തീരുമാനമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
പരീക്ഷ നടത്തിപ്പിന് എതിരായ പ്രചാരണങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഭൂരിഭാഗം വിദ്യാര്‍ത്ഥികളും പരീക്ഷ നടത്തണമെന്ന് ആഗ്രഹിക്കുന്നു. ഒരു ചെറിയ വിഭാഗം മാത്രം അതിനെതിരായ പ്രചാരണങ്ങള്‍ നടത്തുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: