തിരുവനന്തപുരം: ‘ഹലോ!’ പുതിയ ഉപകരണമെടുത്ത് മലയാളത്തിന്റെ വിശ്വസാഹിത്യകാരന്‍ തകഴി ശിവശങ്കരപ്പിള്ള വിളിച്ചു. അപ്പുറത്ത്, ദക്ഷിണമേഖലാ നാവികസേനാ മേധാവി വൈസ് അഡ്മിറല്‍ എ.ആര്‍.ടാന്‍ഡനും പറഞ്ഞു ‘ഹലോ!’
എറണാകുളം ഹോട്ടല്‍ അവന്യു റീജന്റില്‍ മാധവിക്കുട്ടി യുടെ അടുത്തിരുന്ന് തകഴി ‘ഹലോ’ പറഞ്ഞിട്ട് ഇന്ന് കാല്‍ നൂറ്റാണ്ട്. മൊബൈല്‍ ഫോണില്‍ മലയാളി ശബ്ദം കേട്ടതിന്റെ രജതജൂബിലി. 1996 സെപ്റ്റംബര്‍ 17 ന് നടന്ന കേരളത്തിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ വിളിക്ക് 25 വയസ്സ് തികഞ്ഞു. തകഴിക്കു പിന്നാലെ മാധവിക്കുട്ടിയുമായും ടാന്‍ഡന്‍ മൊബൈലില്‍ വിളിച്ചു.
കേരളത്തിലാദ്യമായി മൊബൈല്‍ സേവനം തുടങ്ങിയത് എസ്‌കോടെല്‍ ആണ്. ഇന്ത്യയിലെ എസ്‌കോര്‍ട്‌സ് ഗ്രൂപ്പിന്റെയും ഹോങ്കോങ്ങിലെ ഫസ്റ്റ് പസഫിക് കമ്പനി ലിമിറ്റഡിന്റെയും സംയുക്ത സംരംഭം. സെപ്റ്റംബറില്‍ ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഒക്ടോബറിലാണ് എസ്‌കോടെല്‍ സേവനം ആരംഭിച്ചത്. അക്കൊല്ലം തന്നെ ബിപിഎല്‍ മൊബൈലും കേരളത്തിലെത്തി. ഇപ്പോഴത്തെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന്റെ ഭാര്യാ പിതാവായിരുന്നു ഉടമ.എസ്‌കോടെലിനെ പില്‍ക്കാലത്ത് ഐഡിയ ഏറ്റെടുത്തു.
ആദ്യകാലത്ത് ഇന്‍കമിങ് കോളുകള്‍ക്കു നിരക്ക് ഈടാക്കിയിരുന്നു. ഔട്‌ഗോയിങ് കോളുകള്‍ക്ക് മിനിട്ടിന് 16 രൂപയും ഇന്‍കമിങ് കോളുകള്‍ക്ക് 8 രൂപയുമായിരുന്നു നിരക്ക്. 2003 ല്‍ ഇന്‍കമിങ് കോളുകള്‍ സൗജന്യമാക്കി. ഇപ്പോള്‍ ഡേറ്റ അധിഷ്ഠിത പ്ലാനുകള്‍ക്കു സൗജന്യ കോള്‍ സംവിധാനമായി.
1995 ജൂലൈ 31 ന്, അന്നത്തെ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബസു കൊല്‍ക്കത്തയിലെ റൈറ്റേഴ്‌സ് ബില്‍ഡിങ്ങിലിരുന്ന്, ഡല്‍ഗിയിലെ സഞ്ചാര്‍ ഭവനിലെ കേന്ദ്ര കമ്യൂണിക്കേഷന്‍ മന്ത്രി സുഖ്റാമിനെ വിളിച്ചാണ് ഇന്ത്യയില്‍ മൊബൈല്‍ സേവനത്തിനു തുടക്കമിട്ടത്. മോദി ടെല്‍സ്ട്ര എന്ന കമ്പനിയുടേതായിരുന്നു സര്‍വീസ്.
1995 ഓഗസ്റ്റ് 15നാണ് വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡ് വഴി രാജ്യത്ത് ആദ്യമായി ഇന്റര്‍നെറ്റ് എത്തുന്നത്.
മൊബൈല്‍ ഫോണ്‍ കണ്ടു പിടിച്ചിട്ട് കാല്‍ നൂറ്റാണ്ട് അടുത്തപ്പോഴാണ് ഇന്ത്യയില്‍ എത്തിയത്. 1973 ഏപ്രില്‍ 3 ന് മോട്ടോറോള കമ്പനിയിലെ മാര്‍ട്ടിന്‍ കൂപ്പറാണ് മൊബൈല്‍ ഫോണ്‍ കണ്ടു പിടിച്ചത്. അദ്ദേഹം തന്നെയാണ് ആദ്യം സംസാരിച്ചതും
പ്രതികരിക്കാൻ ഇവിടെ എഴുതുക: