ന്യൂദല്‍ഹി: രാജ്യത്തെ ആരോഗ്യമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത് പദ്ധതിയ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പദ്ധതി നടപ്പാക്കാന്‍ 64,000 കോടി രൂപ നീക്കിവെച്ചു.
2021-22 വര്‍ഷത്തെ കേന്ദ്ര ബജറ്റിലാണ് ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത് പദ്ധതി ധനമന്ത്രി നിര്‍മ്മല സീതാരാമന് പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ വിദൂരമേഖലകളില്പ്പോലും ആധുനികസൗകര്യങ്ങളോടു കൂടിയ ആരോഗ്യ പരിരക്ഷ ലഭ്യമാക്കുക എന്ന പ്രധാനമന്ത്രി മോദിയുടെ സ്വപ്നപദ്ധതിയാണിത്. പദ്ധതിയ്ക്കായി ആറ് വര്‍ഷത്തേക്ക് 64,180 കോടി നീക്കിവെക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. അതാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ആറ് വര്‍ഷം കൊണ്ട് പ്രാഥമിക ആരോഗ്യമേഖല മുതല്‍ എല്ലാ മേഖലകളുടെയും സമ്പൂര്‍ണ്ണമായ വികസനമാണ് ലക്ഷ്യമിടുന്നത്.
അടിസ്ഥാന ആരോഗ്യസൗകര്യങ്ങള്‍ മുതല്‍ പരിശോധന, ചികിത്സ മരുന്ന്, ഗവേഷണം തുടങ്ങി ആരോഗ്യമേഖലയുടെ സമഗ്രമായ വികസനമാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി പത്ത് സംസ്ഥാനങ്ങളില്‍ 17,788 ഗ്രാമ ആരോഗ്യ വെല്‍നെസ് കേന്ദ്രങ്ങള്‍ സ്ഥാപിക്കും.
11,024 അര്‍ബന്‍ ഹെല്‍ത്ത് ആന്റ് വെല്‍നെസ് കേന്ദ്രങ്ങള്‍ സ്ഥാപിക്കും. സംയോജിത് പൊതു ഹെല്‍ത് ലാബുകള്‍ എല്ലാ ജില്ലകളിലും സ്ഥാപിക്കും. 11 സംസ്ഥാനങ്ങളില്‍ 3382 ബ്ലോക്ക് പൊതു ആരോഗ്യ യൂണിറ്റുകള്‍ വരും.
602 ജില്ലകളില്‍ ക്രിറ്റിക്കല്‍ കെയര്‍ ആശുപത്രി ബ്ലോക്കുകള്‍ സ്ഥാപിക്കും. 12 കേന്ദ്ര ഇന്‍സ്റ്റിറ്റ്യൂഷനുകളും സ്ഥാപിക്കും. രോഗനിയന്ത്രണത്തിനുള്ള ദേശീയ കേന്ദ്രം (എന്‍സിഡിസി) ശക്തിപ്പെടുത്തും. ഇതിന്റെ അഞ്ച് പ്രാദേശിക ശാഖകളും 20 മെട്രോപൊളിറ്റന്‍ ആരോഗ്യനീരീക്ഷണ യൂണിറ്റുകളും ശക്തിപ്പെടുത്തും.
സംയോജിത ആരോഗ്യവിവരപോര്ട്ടല് എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. 15ഓളം അടിയന്തര ശസ്ത്രക്രിയാ കേന്ദ്രങ്ങളും രണ്ട് മൊബൈല്‍ ആശുപത്രികളും സ്ഥാപിക്കും. ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ നാലിടത്ത് നിലവില്‍ വരും. തെക്ക് കിഴക്കന്‍ ഏഷ്യാപ്രദേശത്തെ ലോകാരോഗ്യസംഘടനയുടെ ഗവേഷണ പ്ലാറ്റ്ഫോമായ വണ്‍ ഹെല്‍ത്തിന് ദേശീയ ഇന്സ്റ്റിറ്റ്യൂഷന് സ്ഥാപിക്കും. ബയോസേഫ്റ്റി ലെവല്‍ മൂന്ന് നിലവാരമുള്ള ഒന്‍പത് ലബോറട്ടറികള്‍ സ്ഥാപിക്കും.
പദ്ധതിയില്‍ രാജ്യത്തെ എല്ലാ ജില്ലകളിലും 382 ബ്ലോക്കുകളിലും സംയോജിത ലാബുകള്‍ സജ്ജീകരിക്കും. ദേശീയ ആരോഗ്യദൗത്യത്തിന് പുറമേയാണ് പ്രധാനമന്ത്രിയുടെ സ്വപ്നമായ ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത് യോജനയും ഇപ്പോള്‍ നടപ്പിലാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: