കോടാനുകോടികളുടെ കള്ളപ്പണമിടപാടുകള്‍ നടന്നതായി കരുതപ്പെടുന്ന തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ ഭരണ സമിതിയംഗങ്ങള്‍ അറസ്റ്റിലായതും, മലപ്പുറം ജില്ലയിലെ എ.ആര്. നഗര്‍ സഹകരണ ബാങ്കില്‍ മരവിപ്പിച്ച അക്കൗണ്ടുകള്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ ബന്ധുക്കളുടേതാണെന്നു വ്യക്തമായതും ഒപ്പത്തിനൊപ്പം. ഇങ്ങനെ സംഭവിച്ചത് യാദൃച്ഛികമാണെങ്കിലും കള്ളപ്പണമിടപാടുകളില്‍ സിപിഎമ്മും മുസ്ലിംലീഗും തമ്മില്‍ രാഷ്ട്രീയത്തിനതീതമായ ബന്ധം നിലനില്ക്കുന്നതിന്റെ തെളിവായി കാണാവുന്നതാണ്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മൂന്ന് സിപിഎം നേതാക്കളെയും ഒരു സിപിഐ നേതാവിനെയുമാണ് ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്തതെങ്കില്‍ എ.ആര്. നഗറില്‍ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയുടെ ബന്ധുക്കളുടേതായി നാല്‍പ്പത്തിയേഴ് അക്കൗണ്ടുകളുണ്ടാക്കിയതായാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഈ രണ്ട് ബാങ്കുകളിലും നടന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ള പണം തട്ടിപ്പുകളുടെ യഥാര്‍ത്ഥ ചിത്രമാണ് തെളിയുന്നത്. എന്തുകൊണ്ട് ഇക്കാര്യത്തില്‍ രാഷ്ട്രീയം മറന്ന് സിപിഎമ്മും മുസ്ലിംലീഗും പരസ്പരം സഹകരിക്കുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരവും ഇതോടെ ലഭിക്കുകയാണ്. ഈ രണ്ട് പാര്‍ട്ടികളും ഇരുമുന്നണികളിലായി നിന്ന് പരസ്പരം എതിര്‍ക്കുന്നതായി ഭാവിക്കുക മാത്രമാണ് ചെയ്യുന്നതെന്നും, അഴിമതിയുടെ കാര്യം വരുമ്പോള്‍ പരസ്പരം സഹായിക്കാന്‍ ബാധ്യസ്ഥരാണെന്നും ഇതില്‍നിന്ന് വ്യക്തമാവുന്നു.
എ.ആര്. നഗര്‍ സഹകരണ ബാങ്കില്‍ മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട് ആയിരം കോടി രൂപയുടെ കള്ളപ്പണമുണ്ടെന്ന പരാതിയുമായി കെ.ടി.ജലീല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ സമീപിച്ചത് സിപിഎമ്മിലും ഇടതുമുന്നണിയിലും സര്‍ക്കാരിലും വലിയ കോളിളക്കമുണ്ടാക്കിയ സംഭവമാണ്. ജലീലിന്റെ നടപടി മുഖ്യമന്ത്രി പിണറായി വിജയനെ ക്രുദ്ധനാക്കുകയും ചെയ്തു. സ്വര്‍ണക്കടത്തു കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായതോടെ ജലീലിന് എന്‍ഫോഴ്സ്മെന്റിലുള്ള വിശ്വാസം വര്ധിച്ചിട്ടുണ്ടാകുമെന്നു പരിഹസിച്ച മുഖ്യമന്ത്രി, ഈ നീക്കത്തിനു പിന്നില്‍ സര്‍ക്കാരിന്റെ പിന്തുണയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ജലീലിന്റെ നീക്കത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സിപിഎമ്മും പ്രഖ്യാപിച്ചു. എന്നാല്‍ കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടം അവസാന ശ്വാസംവരെ തുടരുമെന്നാണ് ജലീല്‍ വ്യക്തമാക്കിയത്. ജലീലിന്റെ നീക്കത്തില്‍ പ്രതിക്കൂട്ടിലായ മുസ്ലിംലീഗ് നേതൃത്വം മുഖ്യമന്ത്രിയുടെ രക്ഷാദൗത്യത്തില്‍ ആശ്വസിക്കുകയും ചെയ്തു. തങ്ങള്‍ക്കെതിരെ ജലീല്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞതിലുള്ള സന്തോഷം ലീഗിന് മറച്ചുപിടിക്കാനും കഴിഞ്ഞില്ല. ജലീലിനെ വിളിച്ചുവരുത്തി മുഖ്യമന്ത്രി അതൃപ്തി അറിയിച്ചതായി വാര്‍ത്ത വരികയും, ഇത് പതിവ് സന്ദര്‍ശനമാണെന്ന് ജലീല്‍ പ്രതികരിക്കുകയും ചെയ്തു. ജലീല്‍ വിശ്വസ്തനാണെന്ന് മുഖ്യമന്ത്രി പിന്നീട് പറയുകയുണ്ടായെങ്കിലും ഇരുവരും തമ്മിലെ ബന്ധം പഴയതുപോലെയല്ലെന്ന് ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഇനിയെന്താണ് സംഭവിക്കാനിരിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് പുറത്തുവന്നപ്പോള്‍ പതിവുപോലെ ആദ്യം അത് നിഷേധിക്കുകയാണ് സിപിഎമ്മും സര്‍ക്കാരും ചെയ്തത്. പിന്നീട് വിവരങ്ങള്‍ ഓരോന്നായി വെളിപ്പെട്ടപ്പോള്‍ പാര്‍ട്ടി നേതാക്കള്‍ക്ക് പങ്കില്ലെന്നായി വാദം. നടന്നിട്ടുള്ളത് കോടാനുകോടികളുടെ കള്ളപ്പണ ഇടപാടാണെന്നും എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കുമെന്നും ഉറപ്പായതോടെയാണ് ക്രൈംബ്രാഞ്ചിനെ രംഗത്തിറക്കിയത്. തട്ടിപ്പില്‍ കേസെടുത്ത് പാര്‍ട്ടി നേതാക്കളെ ക്രൈംബ്രാഞ്ച് ഇപ്പോള്‍ അറസ്റ്റു ചെയ്തിട്ടുള്ളത് എന്‍ഫോഴ്സ്മെന്റില്‍നിന്ന് രക്ഷിക്കാനാണ്. ലൈഫ് മിഷന് അഴിമതിയില്‍ വിജിലന്‍സിനെ ഇറക്കി കളിച്ച കളിയുടെ ആവര്‍ത്തനമാണ് ഇതും. കുഞ്ഞാലിക്കുട്ടിക്കെതിരെ ജലീല്‍ എയ്ത അമ്പ് മുഖ്യമന്ത്രിയില്‍ ചെന്നു കൊള്ളുന്നത് എങ്ങനെയാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. എ.ആര്. നഗറില്‍ ലീഗ് നേതാക്കള്‍ക്ക് മാത്രമല്ല സിപിഎമ്മുമായി ബന്ധപ്പെട്ടവര്‍ക്കും കള്ളപ്പണമുണ്ടെന്നു വരുമ്പോള്‍ മുഖ്യമന്ത്രിക്ക് അടങ്ങിയിരിക്കാനാവില്ല. കരുവന്നൂരിലും എ. ആര് നഗറിലും മാത്രമല്ല, സംസ്ഥാനത്തെ പല സഹകരണ ബാങ്കുകളിലും കള്ളപ്പണ ഇടപാടുകളുണ്ടെന്നും, സിപിഎം പടുത്തുയര്‍ത്തിയിട്ടുള്ള സാമ്പത്തിക സാമ്രാജ്യം ഇതിന്റെ അടിസ്ഥാനത്തിലാണെന്നും ഇപ്പോള്‍ അരമനരഹസ്യമൊന്നുമല്ല. ഇക്കാര്യത്തില്‍ പരസ്പരം സഹകരിക്കാതെ സിപിഎമ്മിനും ലീഗിനും രക്ഷയില്ലെന്നതാണ് പരമാര്‍ത്ഥം. രാഷ്ട്രീയമായി ഇരുമുന്നണിയിലായിരിക്കുമ്പോഴും ഈ പാര്‍ട്ടികള്‍ തമ്മില്‍ നിലനില്‍ക്കുന്ന അവിശുദ്ധ ബന്ധമാണ് സഹകരണ ബാങ്കുകളിലെ തട്ടിപ്പുകള്‍ വിളിച്ചോതുന്നത്. ഇരുപാര്‍ട്ടികളുടേയും കാപട്യം ജനങ്ങള്‍ ഇപ്പോള്‍ തിരിച്ചറിയുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: